Sub Lead

കാസര്‍ക്കോട്ടെ പുരാതന കോട്ടയില്‍ നിധി കുഴിച്ചെടുക്കാന്‍ ശ്രമം; പഞ്ചായത്ത് വൈസ് പ്രസിഡന്റ് അടക്കം അഞ്ചുപേര്‍ പിടിയില്‍

കാസര്‍കോട്: പുരാവസ്തുവകുപ്പിന്റെ സംരക്ഷണയിലുള്ള കുമ്പള ആരിക്കാടി കോട്ടയില്‍ നിധി കുഴിച്ചെടുക്കാന്‍ എത്തിയ എത്തിയ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള അഞ്ചംഗ സംഘം പിടിയില്‍. മൊഗ്രാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് അടക്കമുള്ളവരാണ് കുമ്പള പോലിസിന്റെ പിടിയിലായത്. തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം.

കോട്ടയുടെ അകത്തുള്ള കിണറ്റിലാണ് ഇവര്‍ കുഴിയെടുത്തു കൊണ്ടിരുന്നത്. വെള്ളമില്ലാത്ത കിണറില്‍ മണ്‍വെട്ടിയും മറ്റു ഉപകരണങ്ങളും ഉപയോഗിച്ചാണ് കുഴികുത്തിയിരുന്നത്. കോട്ടയ്ക്കകത്തുനിന്നും ശബ്ദം കേട്ട് സമീപവാസികള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് നിധി കുഴിക്കുന്നവരെ കണ്ടത്. രണ്ടു പേര്‍ കിണറിന് അകത്തും മൂന്നുപേര്‍ പുറത്തു കാവലുമായിരുന്നു. നാട്ടുകാരെ കണ്ടതോടെ പുറത്തുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. മറ്റുള്ളവരെ നാട്ടുകാര്‍ പുറത്തെടുത്തു പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ഓടിപ്പോയവരെ പിടികൂടിയത്.

മൂന്നുദിവസം മുന്‍പും ഇവര്‍ കോട്ടയ്ക്കകത്ത് നിധി അന്വേഷിച്ച് എത്തിയിരുന്നു എന്ന് പറയുന്നു. കണ്ണൂര്‍ ഭാഗത്ത് കുടുബശ്രീ പ്രവര്‍ത്തകര്‍ക്ക് നിധി ലഭിച്ചിട്ടുണ്ട് എന്ന് വിശ്വസിപ്പിച്ച് യുവാക്കളെ പ്രലോഭിപ്പിച്ചാണ് കോട്ടയില്‍ എത്തിച്ചതെന്നാണ് വിവരം. നിധി കിട്ടിയാല്‍ എല്ലാവര്‍ക്കും തുല്യമായി പങ്കിടാമെന്ന് പറഞ്ഞിരുന്നതായും സൂചനയുണ്ട്.


കാസര്‍ഗോഡ് പട്ടണത്തില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെ എന്‍എച്ച്66 ഹൈവേയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഈ കോട്ട ഏകദേശം 16,00ലാണ് നിര്‍മ്മിച്ചത്. മുകളിലേക്ക് കുത്തനെയുള്ള ചരിവുള്ള ചെറിയ വൃത്താകൃതിയിലുള്ള കോട്ട ടിപ്പു സുല്‍ത്താന്റെ കാലത്ത് നിര്‍മിച്ചതാണെന്ന് കരുതപ്പെടുന്നു. ബേക്കല്‍ കോട്ട സ്ഥാപിച്ച കേളടിയിലെ നായകര്‍ ഇത് നിര്‍മ്മിച്ചതായും ചിലര്‍ പറയുന്നു. കേരള സര്‍വ്വകലാശാലയുടെ പുരാവസ്തു വകുപ്പുള്‍പ്പെടെ നിരവധി വിദഗ്ധ സംഘങ്ങള്‍ നടത്തിയ ഖനനത്തില്‍ ഒരു വലിയ ഹാളും മേല്‍ക്കൂരയിലെ ഓടുകള്‍, നാടന്‍ മണ്‍പാത്രങ്ങള്‍, ചൈനീസ് മണ്‍പാത്രങ്ങള്‍, ലെഡ് ബുള്ളറ്റുകള്‍ എന്നിവയുള്‍പ്പെടെ നിരവധി വസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it