Sub Lead

ഗോമൂത്രം കുടിച്ച് കാന്‍സര്‍ മാറിയെന്ന പ്രജ്ഞാ സിങിന്റെ വാദം കള്ളം; അവര്‍ക്ക് ഒരു അസുഖവും ഉണ്ടായിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍

ഗോമൂത്രം കുടിച്ച് കാന്‍സര്‍ മാറിയെന്ന പ്രജ്ഞാ സിങിന്റെ വാദം കള്ളം; അവര്‍ക്ക് ഒരു അസുഖവും ഉണ്ടായിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍
X

മുംബൈ: ഗോമൂത്രം കുടിച്ചതിലൂടെ തന്റെ കാന്‍സര്‍ ഭേദമായെന്ന ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥി പ്രജ്ഞാ സിങ് താക്കൂറിന്റെ വാദം ശുദ്ധ നുണയെന്ന് മുംബൈയിലെ മുതിര്‍ന്ന കാന്‍സര്‍ ഡോക്ടര്‍മാര്‍. ഗോമൂത്രമോ അതുപോലുള്ള മറ്റ് ഉല്‍പ്പന്നങ്ങളോ കാന്‍സര്‍ തടയുമെന്നതിന് നേരിയ തെളിവ് പോലുമില്ലെന്ന് രാജ്യത്തെ തന്നെ ഏറ്റവും മുതിര്‍ന്ന സ്തനാര്‍ബുദ സര്‍ജനായ ടാറ്റാ മെമ്മോറിയല്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. രാജേന്ദ്ര ബാദ്വെ പറഞ്ഞു.

മലേഗാവ് സ്‌ഫോടനക്കേസില്‍ എടിഎസിന്റെ കസ്റ്റിഡിയിലിരിക്കേ 2010ല്‍ നടത്തിയ പരിശോധനയില്‍ തനിക്ക് കാന്‍സര്‍ ഉള്ളതായി തെളിഞ്ഞിരുന്നുവെന്നാണ് പ്രജ്ഞാ സിങ് അവകാശപ്പെട്ടത്. ആ സമയത്ത് ജെജെ ആശുപത്രിയില്‍ അവര്‍ക്ക് നിരവധി പരിശോധനകള്‍ നടത്തിയിരുന്നു. എന്നാല്‍, പ്രജ്ഞയ്ക്ക് അങ്ങിനെ മാരകമായ എന്തെങ്കിലും അസുഖം ഉള്ളതായി ഒരു സൂചനയും ഉണ്ടായിരുന്നില്ലെന്ന് അന്നത്തെ ജെജെ ഡീന്‍ ഡോ. ടി പി ലഹാനെ മുംബൈ മിററിനോട് വെളിപ്പെടുത്തി. സ്ഥാനാര്‍ബുദം കണ്ടെത്തുന്നതിനുള്ള സിഎ 125 ബ്രെസ്റ്റ് മാര്‍ക്കര്‍ ടെസ്റ്റിന്റെ ഫലം നെഗറ്റീവായിരുന്നു. എംആര്‍ഐ സ്‌കാന്‍ റിപോര്‍ട്ടിലും ഇസിജി റിപോര്‍ട്ടിലും പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ലെന്ന് ജെജെ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍ വ്യക്തമാക്കി.

തിങ്കളാഴ്ച്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി ഒരു ടിവി ചാനലിനോടാണ് തനിക്ക് കാന്‍സര്‍ ഉണ്ടായിരുന്നുവെന്നും ഗോമൂത്രവും ആയുര്‍വേദ മരുന്ന് ചേര്‍ത്ത പഞ്ചഗവ്യവും കഴിച്ച് അത് ഭേദമായെന്നും തട്ടിവിട്ടത്.

ഇത്തരം അവകാശവാദങ്ങള്‍ കാന്‍സര്‍ രോഗികളെ തെറ്റിദ്ധരിപ്പിക്കാനും രോഗം ഗുരുതരമാവാനും ഇടയാക്കുമെന്ന് ടാറ്റാ മെമ്മോറിയല്‍ സെന്റര്‍ ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. പങ്കജ് ചതുര്‍വേദി പറഞ്ഞു. രക്താര്‍ബുദവും സ്താനാര്‍ബുദവും ഭേദപ്പെടുത്താനുള്ള ചികില്‍സയുണ്ടെങ്കിലും ഗോമൂത്രം അതിന് പരിഹാരമാണെന്നതിന് ഒരു തെളിവും ഇല്ലെന്ന് ഈ വിഷയത്തില്‍ നിരവധി ഗവേഷണം നടത്തിയിട്ടുള്ള ഡോയ ശ്രീപ്രസാദ് ബനാവലി പറഞ്ഞു. തെളിവില്ലാത്ത ഇത്തരം ചികില്‍സകളുടെ പിന്നാലെ പോകുന്നവര്‍ ആശുപത്രികളെ തേടിയെത്തുമ്പോള്‍ വളരെ വൈകിയിട്ടുണ്ടാവുമെന്ന് പ്രിന്‍സ് അലി ഖാന്‍, ബീച്ച് കാന്‍ഡി ആശുപത്രികളിലെ മുതിര്‍ന്ന കാന്‍സര്‍ വിദഗ്ധന്‍ ഡോ. സുല്‍ത്താന്‍ പ്രധാന്‍ ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it