ഉമര്‍ അബ്ദുല്ലയെ മോചിപ്പിക്കണമെന്ന സഹോദരിയുടെ ഹരജി: കശ്മീര്‍ ഭരണകൂടത്തിനു സുപ്രിം കോടതി നോട്ടീസ്

ഉമര്‍ അബ്ദുല്ലയെ മോചിപ്പിക്കണമെന്ന സഹോദരിയുടെ ഹരജി: കശ്മീര്‍ ഭരണകൂടത്തിനു സുപ്രിം കോടതി നോട്ടീസ്

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയെ തടങ്കലിലടച്ചതിനെതിരേ സഹോദരി സാറാ അബ്ദുല്ല നല്‍കിയ ഹരജിയില്‍ കശ്മീര്‍ ഭരണകൂടത്തിനും സുപ്രിംകോടതി നോട്ടീസയച്ചു. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ഇന്ദിരാ ബാനര്‍ജി എന്നിവരടങ്ങിയ ബെഞ്ചാണ് ഹേബിയസ് കോര്‍പസ് ഹരജി പരിഗണിച്ചത്. സാറാ അബ്ദുല്ലയ്ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് കോടതിയില്‍ ഹാജരായത്. ഹരജിയില്‍ മാര്‍ച്ച് രണ്ടിന് വാദം കേള്‍ക്കുമെന്ന് സുപ്രിംകോടതി അറിയിച്ചു. ഹരജി മാര്‍ച്ച് രണ്ടിലേക്ക് നീട്ടിവച്ചതിനെതിരേ കപില്‍ സിബല്‍ എതിര്‍വാദം ഉന്നയിച്ചെങ്കിലും കോടതി പരിഗണിച്ചില്ല.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞതിന് പിന്നാലെയാണ് ഉമര്‍ അബ്ദുല്ലയെയും മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെയും തടങ്കലിലാക്കിയത്. മാത്രമല്ല, ഇരുവര്‍ക്കുമെതിരേ കഴിഞ്ഞ ആഴ്ച പൊതുസുരക്ഷാ നിയമം ചുമത്തുകയും ചെയ്തിരുന്നു. കുറ്റം ചുമത്താതെ തന്നെ ദീര്‍ഘകാലം തടവിലാക്കാന്‍ സാധിക്കുന്നതാണ് പൊതുസുരക്ഷാ നിയമം. ഇതോടെയാണ് അനധികൃതമായി തടങ്കലിലാക്കിയ സഹോദരനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഉമര്‍ അബ്ദുല്ലയുടെ സഹോദരി സാറാ അബ്ദുല്ല സുപ്രിംകോടതിയെ സമീപിച്ചത്.


RELATED STORIES

Share it
Top