Sub Lead

ടി എന്‍ പ്രതാപനേയും ഡീന്‍ കുര്യക്കോസിനെയും ലോക്‌സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യും

കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ കശ്മീര്‍ പ്രമേയം കീറിയെറിഞ്ഞതിനു ഹൈബി ഈഡനെയും ടി എന്‍ പ്രതാപനെയും ലോക്‌സഭാ സ്പീക്കര്‍ ശാസിച്ചിരുന്നു.

ടി എന്‍ പ്രതാപനേയും ഡീന്‍ കുര്യക്കോസിനെയും ലോക്‌സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യും
X

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ കോണ്‍ഗ്രസിന്റെ കേരളത്തില്‍നിന്നുള്ള എംപിമാരായ ടി എന്‍ പ്രതാപനേയും ഡീന്‍ കുര്യക്കോസിനെയും സസ്‌പെന്‍ഡ് ചെയ്യും. ഇതിനു വേണ്ടിയുള്ള പ്രമേയം തിങ്കളാഴ്ച അവതരിപ്പിക്കും. പ്രഹ്ലാദ് ജോഷിയാണ് പ്രമേയം അവതരിപ്പിക്കുക. ലോക്‌സഭയില്‍ സ്ത്രീസുരക്ഷ സംബന്ധിച്ച ചര്‍ച്ചയ്ക്കിടെ സ്മൃതി ഇറാനിയുമായി ഇരു എംപിമാരും വാക്കേറ്റത്തിലേര്‍പ്പെട്ടതിനെയാണ് ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിനു കാരണം. ടി എന്‍ പ്രതാപനും ഡീന്‍ കുര്യക്കോസും തന്നെ ഭീഷണിപ്പെടുത്തിയെന്നും അപമാനിച്ചെന്നും ആരോപിച്ച് സ്മൃതി ഇറാനി സഭയില്‍ സംസാരിച്ചതോടെ ബഹളമായി. ഇരുവരെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപിമാര്‍ ബഹളം വച്ചു. ഇതേത്തുടര്‍ന്നാണ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം നടക്കുന്നത്. എന്നാല്‍, എംപിമാരെ നീക്കം ചെയ്യാനുള്ള പ്രമേയത്തെ എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് എംപി വ്യക്തമാക്കി. തിങ്കളാഴ്ച സഭയില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും എംപിമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്.

ഹൈദരാബാദ് കൂട്ടബലാല്‍സംഗ കൊലപാതവും പ്രതികളെ പോലിസ് കൊലപ്പെടുത്തിയ സംഭവത്തിലും ഉന്നാവില്‍ ബലാല്‍സംഗ ഇരയെ തീക്കൊളുത്തി കൊല്ലാന്‍ ശ്രമിച്ച സംഭവങ്ങളിലും കേന്ദ്ര ആഭ്യന്തര മന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയപ്പോള്‍ സ്മൃതി ഇറാനി എഴുന്നേറ്റതിനെ ഇരുവരും വിമര്‍ശിച്ചിരുന്നു. ബഹളത്തിനിടെ ടിഎന്‍ പ്രതാപനും ഡീന്‍ കുര്യക്കോസും കൈചൂണ്ടിയപ്പോള്‍ തന്നെ തല്ലാനാണോ ശ്രമമെന്നായിരുന്നു സ്മൃതി ഇറാനിയുടെ ചോദ്യം. തുടര്‍ന്നു മന്ത്രിയുടെ സമീപത്തേക്ക് പ്രതാപനേയും ഡീന്‍ കുര്യക്കോസിനേയും മറ്റൊരു ബിജെപി എംപി സുപ്രിയ സുലെയാണ് പിന്തിരിപ്പിച്ചത്. ഇരുപക്ഷത്തെയും അനുനയിപ്പിക്കാന്‍ സ്പീക്കര്‍ ഓംബിര്‍ള ശ്രമിച്ചെങ്കിലും കോണ്‍ഗ്രസ് എംപിമാര്‍ തന്നെ അപമാനിച്ചെന്ന് സ്മൃതി ഇറാനി സഭയില്‍ ആരോപിച്ചു. ഇതോടെ ഇരുപക്ഷവും വീണ്ടും ബഹളംവച്ചു. രണ്ടുതവണ സഭ നിര്‍ത്തിവച്ച ശേഷം വീണ്ടും സമ്മേളിച്ചെങ്കിലും ടി എന്‍ പ്രതാപനേയും ഡീന്‍ കുര്യക്കോസിനെയും പുറത്താക്കണമെന്ന് ആവശ്യത്തില്‍ ബിജെപി അംഗങ്ങള്‍ ഉറച്ചുനിന്നു. ഈ സമയം സഭയിലില്ലാതിരുന്ന ഇരുവരും മാപ്പു പറയില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ കശ്മീര്‍ പ്രമേയം കീറിയെറിഞ്ഞതിനു ഹൈബി ഈഡനെയും ടി എന്‍ പ്രതാപനെയും ലോക്‌സഭാ സ്പീക്കര്‍ ശാസിച്ചിരുന്നു. ഇരുവരെയും രാവിലെ ചേംബറിലേക്ക് വിളിച്ചുവരുത്തി ശാസിച്ച സ്പീക്കര്‍ പ്രമേയം കീറിയെറിഞ്ഞത് ചട്ടവിരുദ്ധമാണെന്നും മര്യാദ പാലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.




Next Story

RELATED STORIES

Share it