Sub Lead

നിര്‍ഭയ: പ്രതികളെ തൂക്കിലേറ്റാന്‍ പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന ഹര്‍ജി കോടതി തള്ളി

മൂന്ന് പ്രതികള്‍ നിയമപരമായ എല്ലാ അവസരങ്ങളും പൂര്‍ത്തിയാക്കിയതാണെന്നും വധശിക്ഷ 20ന് നടപ്പാക്കണമെന്നുമാണ് തീഹാര്‍ ജയിലധികൃതര്‍ ആവശ്യപ്പെട്ടത്.

നിര്‍ഭയ: പ്രതികളെ തൂക്കിലേറ്റാന്‍ പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന ഹര്‍ജി കോടതി തള്ളി
X

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റാന്‍ പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന ഹര്‍ജി ഡല്‍ഹി പട്യാല ഹൗസ് കോടതി തള്ളി. തിഹാര്‍ ജയില്‍ അധികൃതരുടെ ഹര്‍ജിയാണ് കോടതി തള്ളിയത്. മൂന്ന് പ്രതികള്‍ നിയമപരമായ എല്ലാ അവസരങ്ങളും പൂര്‍ത്തിയാക്കിയതാണെന്നും വധശിക്ഷ 20ന് നടപ്പാക്കണമെന്നുമാണ് തീഹാര്‍ ജയിലധികൃതര്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ മരണവാറണ്ട് പുറപ്പെടുവിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി പ്രതികള്‍ക്ക് ഡല്‍ഹി ഹൈക്കോടതി ഒരാഴ്ച സമയം അനുവദിച്ചിട്ടുണ്ടെന്നും നിരീക്ഷിച്ചു. അതേസമയം നിര്‍ഭയ കേസില്‍ ദയാഹര്‍ജി തള്ളിയ മൂന്ന് പ്രതികളുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി.

നിര്‍ഭയ കേസ് പ്രതികളായ മുകേഷ് സിംഗ്, വിനയ് ശര്‍മ്മ, അക്ഷയ് കുമാര്‍ സിംഗ് എന്നിവരുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് തിഹാര്‍ ജയില്‍ അധികൃതര്‍ കോടതിയെ സമീപിച്ചത്. പ്രതി പവന്‍കുമാര്‍ ഗുപ്ത ദയാഹര്‍ജി സമര്‍പ്പിക്കാത്തതും ഹര്‍ജിയില്‍ ജയില്‍ അധികൃതര്‍ ചൂണ്ടിക്കാട്ടിയിരുന്നു.നിര്‍ഭയ കേസ് പ്രതികള്‍ക്ക് വധശിക്ഷക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചിരുന്നു. ഫെബ്രുവരി അഞ്ചിനാണ് കോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചത്. നേരത്തെ രണ്ട് തവണ നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റാന്‍ കോടതി മരണവാറണ്ട് പുറപ്പെടുവിച്ചെങ്കിലും ഇവര്‍ നിയമനടപടികളുമായി മുന്നോട്ട് പോയതോടെ വാറണ്ട് റദ്ദാക്കുകയായിരുന്നു.


Next Story

RELATED STORIES

Share it