Sub Lead

അഴിമതി വിരുദ്ധ ബ്യൂറോയ്‌ക്കെതിരായ പരാമര്‍ശം; തനിക്കെതിരേ സ്ഥലംമാറ്റ ഭീഷണിയെന്ന് കര്‍ണാടക ഹൈക്കോടതി ജഡ്ജി

അഴിമതി വിരുദ്ധ ബ്യൂറോയ്‌ക്കെതിരായ പരാമര്‍ശം; തനിക്കെതിരേ സ്ഥലംമാറ്റ ഭീഷണിയെന്ന് കര്‍ണാടക ഹൈക്കോടതി ജഡ്ജി
X

ബംഗളൂരു: കേസില്‍ വാദം കേള്‍ക്കുന്നതിനിടയില്‍ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) യ്‌ക്കെതിരേ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ തനിക്കെതിരേ സ്ഥലംമാറ്റ ഭീഷണിയുണ്ടെന്ന ആരോപണവുമായി കര്‍ണാടക ഹൈക്കോടതി ജഡ്ജി രംഗത്ത്. ബംഗളൂരു സിറ്റി ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫിസിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍ പി എസ് മഹേഷിന്റെ ജാമ്യാപേക്ഷയില്‍ കര്‍ണാടക ഹൈക്കോടതിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ജസ്റ്റിസ് സന്ദേശ് എസിബിക്കെതിരെയും അതിന്റെ പ്രവര്‍ത്തനത്തിനെതിരെയും കഴിഞ്ഞയാഴ്ച നിരീക്ഷണം നടത്തിയത്. എസിബി 'ശേഖരണ കേന്ദ്രമായി' മാറിയെന്നായിരുന്നു ജസ്റ്റിസ് എച്ച്പി സന്ദേശിന്റെ പരാമര്‍ശം.

ഭൂമി തര്‍ക്കത്തില്‍ അനുകൂല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് പ്രത്യുപകാരമായി അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് ഓഫിസിലെ രണ്ട് ജീവനക്കാര്‍ അറസ്റ്റിലായിരുന്നു. കേസില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയും ജൂനിയര്‍ ഉദ്യോഗസ്ഥരെ മാത്രം പ്രോസിക്യൂട്ട് ചെയ്യുന്നതിനുമെതിരേ കോടതി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതേ കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥനും മുന്‍ ബംഗളൂരു സിറ്റി ഡെപ്യൂട്ടി കമ്മീഷണറുമായ ജെ മഞ്ജുനാഥിനെയും എസിബി അറസ്റ്റ് ചെയ്തു. കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് എസിബി കലക്ഷന്‍ സെന്ററായി മാറിയെന്നും എസിബി എഡിജിപി കളങ്കിതനായ ഉദ്യോഗസ്ഥനാണെന്നും ജസ്റ്റിസ് സന്ദേശ് പറഞ്ഞത്.

എസിബി 'ബി' റിപോര്‍ട്ട് സമര്‍പ്പിച്ച 2016 മുതലുള്ള എല്ലാ കേസുകളുടെയും വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ജൂണ്‍ 29ന് കോടതി എസിബിയോട് ഉത്തരവിടുകയും ചെയ്തിരുന്നു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിച്ചപ്പോഴാണ് സ്ഥലംമാറ്റ ഭീഷണിയുടെ കാര്യം ജസ്റ്റിസ് സന്ദേശ് വെളിപ്പെടുത്തിയത്. ഇത്തരം ഭീഷണികളില്‍ താന്‍ തളരില്ലെന്ന് ജഡ്ജി മുന്നറിയിപ്പ് നല്‍കി. ജനങ്ങളുടെ നന്‍മയ്ക്കായി താന്‍ അതിന് തയ്യാറാണ്. നിങ്ങളുടെ എസിബി എഡിജിപി ശക്തനായ ആളാണെന്ന് തോന്നുന്നു. ഇത് എന്റെ സഹപ്രവര്‍ത്തകനോട് ആരോ പറഞ്ഞിട്ടുണ്ട്. എന്നെ അറിയിച്ചിട്ടുണ്ട്. അതൊരു ജഡ്ജിയാണ്. സ്ഥലംമാറ്റ ഭീഷണി ഉത്തരവില്‍ രേഖപ്പെടുത്തും. സീമന്ത് കുമാര്‍ സിങ് ആണ് എസിബിയുടെ എഡിജിപി. ഭീഷണികളെ താന്‍ ഭയപ്പെടുന്നില്ലെന്നും ജഡ്ജി പറഞ്ഞു.

എനിക്ക് ആരെയും പേടിയില്ല. പൂച്ചയ്ക്ക് മണികെട്ടാന്‍ താന്‍ തയ്യാറാണ്. ജഡ്ജിയായതിന് ശേഷം സ്വത്ത് സമ്പാദിച്ചിട്ടില്ല. സ്ഥാനം നഷ്ടപ്പെട്ടാലും തനിക്ക് പ്രശ്‌നമില്ല. താനൊരു കര്‍ഷകന്റെ മകനാണ്. താന്‍ കൃഷി ചെയ്ത് ജീവിക്കാന്‍ തയ്യാറാണ്. താനൊരു രാഷ്ട്രീയ പാര്‍ട്ടിയിലും ഉള്‍പ്പെടുന്നില്ല. ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രവും പിന്തുടരുന്നുമില്ല- അദ്ദേഹം പറഞ്ഞു. 'ബി' റിപോര്‍ട്ടുകള്‍ സംബന്ധിച്ച വിഷയം മറ്റൊരു ബെഞ്ച് കേള്‍ക്കുകയാണെന്ന് എസിബി അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍, നിങ്ങള്‍ കൈയോടെ പിടിക്കപ്പെട്ടവരുടെ പേരില്‍ ബി റിപോര്‍ട്ടുകള്‍ ഫയല്‍ ചെയ്യുന്നുണ്ട്.

ഡിവിഷന്‍ ബെഞ്ചിന് വിവരങ്ങള്‍ നല്‍കിയിട്ടും എന്തുകൊണ്ടാണ് നിങ്ങള്‍ എനിക്ക് വിശദാംശങ്ങള്‍ നല്‍കാത്തത് ?- ജസ്റ്റിസ് സന്ദേശ് ആരാഞ്ഞു. നിങ്ങള്‍ പൊതുജനങ്ങളെയാണോ അതോ കളങ്കിതരെയാണോ സംരക്ഷിക്കുന്നത് ? കറുത്ത കോട്ട് അഴിമതിക്കാരുടെ സംരക്ഷണത്തിനല്ല. അഴിമതി ക്യാന്‍സറായി മാറിയിരിക്കുന്നു. അത് നാലാം ഘട്ടത്തിലെത്തരുത്. സെര്‍ച്ച് വാറണ്ടുകള്‍ ഉപയോഗിച്ച് അവരെ ഭീഷണിപ്പെടുത്തിയ ശേഷം പണം തട്ടിയെടുക്കുകയാണ്.

എസിബി എഡിജിപിയുടെ സര്‍വീസ് രേഖകള്‍ സമര്‍പ്പിക്കാന്‍ കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, എസിബി എഡിജിപിയുടെ സര്‍വീസ് രേഖകള്‍ കോടതിയില്‍ ഹാജരാക്കിയിട്ടില്ല. ജഡ്ജിയെ ഭീഷണിപ്പെടുത്തുന്ന അവസ്ഥയിലേക്കാണ് നിങ്ങളെത്തിയിരിക്കുന്നത്. സംസ്ഥാനം മുഴുവന്‍ അഴിമതിയില്‍ മുങ്ങിയിരിക്കുന്നു. വിറ്റാമിന്‍ എം ഉണ്ടെങ്കില്‍ നിങ്ങള്‍ ആരെയും സംരക്ഷിക്കും- കോടതി പറഞ്ഞു. ജൂലൈ ഏഴിന് അടുത്ത ഹിയറിങ്ങില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പേഴ്‌സനല്‍ ആന്റ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് (ഡിപിഎആര്‍) സെക്രട്ടറിയോട് ഹാജരാവാന്‍ കോടതി ഉത്തരവിട്ടു.

Next Story

RELATED STORIES

Share it