'ജയ് ശ്രീറാം' വിളിച്ച് ആക്രമിച്ചത് പുറത്തുനിന്നെത്തിയവര്‍; ജാദവ്പൂര്‍ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥി

ജയ് ശ്രീറാം വിളിച്ച് ആക്രമിച്ചത് പുറത്തുനിന്നെത്തിയവര്‍; ജാദവ്പൂര്‍ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥി

കൊല്‍ക്കത്ത: കാംപസിന് പുറത്തുനിന്നെത്തിയ 'ജയ് ശ്രീ റാം' വിളിച്ചുവന്ന സംഘകമാണ് തന്നെ മര്‍ദ്ദിച്ചതെന്ന് ജാദവ്പൂര്‍ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥി പവന്‍ ശുക്ല. ആക്രമണത്തില്‍ തലപൊട്ടി വെളുത്ത ഷര്‍ട്ട് നിറയെ രക്തക്കറയുമായി നില്‍ക്കുന്ന ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിപവന്‍ ശുക്ലയുടെ ചിത്രം കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. 'ഞാന്‍ ഒരു രാഷ്ട്രീയ സംഘടനയുടെയും ഭാഗമല്ല. എന്നാല്‍ എബിവിപി വിരുദ്ധ പ്രതിഷേധത്തില്‍ ഞാനും പങ്കെടുത്തിരുന്നു. ആക്രമണം ബിജെപി ആസൂത്രണം ചെയ്തു നടപ്പാക്കിയതാണ്. പുറത്തുനിന്നെത്തിയ സംഘപരിവാര്‍ ഗുണ്ടകളാണ് ആക്രമണം നടത്തിയത്. പുറത്തുനിന്നെത്തിയ 30-40 വയസ്സ് തോന്നിക്കുന്നവരാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. ഇത് ഇടതുസംഘടനകളുടെ മേല്‍ കെട്ടിവയ്ക്കാനാണു ശ്രമിച്ചതെന്നും വിദ്യാര്‍ഥി പറഞ്ഞു.

സാധാരണയായി വൈകുന്നേരം കുറച്ചു സമയം പുറത്തുപോവാറുണ്ട്. അന്നും അതുപോലെ പുറത്തിറങ്ങിയതായിരുന്നു. നാലാം ഗേറ്റ് വഴി തിരിച്ചു കാംപസിലേക്കു വരാന്‍ ശ്രമിച്ചപ്പോഴാണ് കൈയില്‍ വടിയും സ്റ്റമ്പുകളുമായി ഒരുകൂട്ടം ആളുകള്‍ നില്‍ക്കുന്നത് കണ്ടത്. ആരാണെന്നും എന്തിനാണ് വടികളുമായി നില്‍ക്കുന്നതെന്നും ചോദിച്ചപ്പോള്‍, പ്രതിഷേധിക്കാരില്‍ ഒരാളാണെന്ന് ധരിച്ചിട്ടാവും അവരെന്നെ ആക്രമിക്കുകയായിരുന്നു. മിക്കവാറും സാമൂഹികമായി കുറഞ്ഞ വരുമാനമുള്ളവരും സാധാരണക്കാരുമാണ് അതിലുണ്ടായിരുന്നത്. 200-300 രൂപയോ ഒരു കുപ്പി മദ്യമോ കൊടുത്താല്‍ ആക്രമണം നടത്താന്‍ കഴിയുന്ന വര്‍. അവരൊന്നും വിദ്യാര്‍ഥികളായിരുന്നില്ല. എന്നാല്‍, അവര്‍ക്കൊപ്പം ചെറുപ്പക്കാരും ഉണ്ടായിരുന്നു. അവരാരും ഈ കാംപസില്‍ നിന്നുള്ളവരല്ലെന്നാണു എന്റെ നിഗമനം. 30-40നിടയില്‍ പ്രായമുള്ള കുറേ പേരുണ്ടായിരുന്നു. പലരും നെറ്റിയില്‍ സിന്ദൂരം അണിഞ്ഞിരുന്നു. 'ജയ് ശ്രീ റാം' എന്ന് ആക്രോശിച്ചാണെത്തിയത്. 60ഓളം പേര്‍ തന്നെ കാല്‍ മണിക്കൂറോളം മര്‍ദ്ദിച്ചു. ഞാന്‍ കീഴടങ്ങുകയായിരുന്നു. ഒന്നും ചെയ്യാനായില്ല. എന്താണ് സംഭവിക്കുന്നതെന്നു പോലും മനസ്സിലാക്കാനായില്ല. സമീപത്തു തന്നെ പോലിസുണ്ടായിരുന്നെങ്കിലും അവരും ഇടപെട്ടില്ല. അവരോട് സഹായം ചോദിച്ചിരുന്നു. കാംപസിലുള്ള മറ്റു ചിലരെത്തിയാണ് എന്നെ ഓട്ടോയില്‍ കയറ്റി പുറത്തെത്തിച്ചത്. പിന്നീട് കെപിസി മെഡിക്കല്‍ കോളജിലേക്ക് പോയെന്നും പവന്‍ ശുക്ല പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ബിജെപി എംപി ബാബുല്‍ സുപ്രിയോ പങ്കെടുത്ത പരിപാടിക്കിടെ ജാദവ്പൂര്‍ യൂനിവേഴ്‌സിറ്റില്‍ അക്രമം അരങ്ങേറിയത്. ബാബുല്‍ സുപ്രിയോ എംപിയെ ഇടതുവിദ്യാര്‍ഥികള്‍ കൈയേറ്റം ചെയ്‌തെന്നായിരുന്നു ആരോപണം. സുപ്രിയോ പെണ്‍കുട്ടികളോട് മോശമായി പെരുമാറിയതാണ് സംഘര്‍ഷാവസ്ഥയ്ക്കു കാരണമെന്നും ആക്ഷേപമുയര്‍ന്നിരുന്നു.RELATED STORIES

Share it
Top