Sub Lead

അസദ് നാടുവിട്ടതിന് ശേഷമുള്ള ആദ്യ വെള്ളി; ഉമയ്യദ് മസ്ജിദില്‍ നിസ്‌ക്കരിക്കാനെത്തി ആയിരങ്ങള്‍(വീഡിയോ)

അസദ് നാടുവിട്ടതിന് ശേഷമുള്ള ആദ്യ വെള്ളി; ഉമയ്യദ് മസ്ജിദില്‍ നിസ്‌ക്കരിക്കാനെത്തി ആയിരങ്ങള്‍(വീഡിയോ)
X

ദമസ്‌കസ്: ബശ്ശാറുല്‍ അസദ് നാടുവിട്ടതിന് ശേഷമുള്ള ആദ്യ വെള്ളിയാഴ്ച്ച ആഘോഷിച്ച് സിറിയക്കാര്‍. വിമോചനത്തിന് ശേഷമുള്ള ആദ്യ വെള്ളി ആഘോഷിക്കണമെന്ന ഹയാത് താഹിര്‍ അല്‍ ശാം നേതാവ് അബൂ മുഹമ്മദ് അല്‍ ജൂലാനിയുടെ ആഹ്വാനം അനുസരിച്ച് ആയിരക്കണക്കിന് പേരാണ് ദമസ്‌കസ് നഗരത്തിലെത്തിയത്. തുടര്‍ന്ന് ഇവരെല്ലാം ചരിത്രപ്രസിദ്ധമായ ഉമയ്യദ് മസ്ജിദ് പരിസരത്തേക്ക് നീങ്ങി. ''സിറിയ ഐക്യപ്പെട്ടിരിക്കുകയാണ്, പുതിയ സിറിയ നിര്‍മിക്കാന്‍'' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ അവര്‍ ഉയര്‍ത്തിയെന്ന് സൗദി ചാനലായ അല്‍ അറബിയ റിപോര്‍ട്ട് ചെയ്യുന്നു.

അതേസമയം, സിറിയയില്‍ വിമതര്‍ അധികാരം കൈയ്യാളുന്ന കാര്യങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, യുകെ, യുഎസ് എന്നീ ജി7 രാജ്യങ്ങളുടെ പ്രതിനിധികള്‍ ഓണ്‍ലൈനായി യോഗം ചേര്‍ന്നു. സ്ത്രീകളുടെയും കുട്ടികളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്ന ഒരു സമഗ്ര സര്‍ക്കാര്‍ ഉണ്ടാക്കിയാല്‍ പിന്തുണക്കാമെന്നാണ് ജി7 രാജ്യങ്ങളുടെ നിലപാട്. യുദ്ധക്കുറ്റങ്ങള്‍ക്ക് അസദിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും അവര്‍ക്ക് ആവശ്യമുണ്ട്.


സിറിയയുടെ ഭാവി എങ്ങനെയാവണമെന്ന കാര്യത്തില്‍ തുര്‍ക്കിയും യുഎസും തമ്മില്‍ വിശാലമായ ധാരണയായതായി യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പുതിയ സര്‍ക്കാര്‍ അയല്‍രാജ്യങ്ങളുമായി പ്രശ്‌നങ്ങളുണ്ടാക്കരുതെന്നും നിബന്ധനയുണ്ട്. സിറിയയിലെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാന്‍ വേണ്ട നടപടികളുണ്ടാവുമെന്ന് തുര്‍ക്കിയുടെ വിദേശകാര്യമന്ത്രി ഹക്കാന്‍ ഫിദാന്‍ പറഞ്ഞു.

'' സിറിയയില്‍ സ്ഥിരതയുണ്ടാക്കലാണ് ഞങ്ങളുടെ ആദ്യലക്ഷ്യം. ഐഎസും കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയും സിറിയയില്‍ മുന്നേറുന്നില്ലെന്ന് ഉറപ്പാക്കണം.''-ഹക്കാന്‍ ഫിദാന്‍ വിശദീകരിച്ചു. വടക്കന്‍ സിറിയയില്‍ വിശാലമായ ഭൂപ്രദേശം കൈയ്യടക്കിയിരിക്കുന്ന കുര്‍ദുകളുടെ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സിനെ തുര്‍ക്കി തീവ്രവാദ സംഘടനയായാണ് കാണുന്നത്. കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് തുര്‍ക്കി പറയുന്നത്. എന്നാല്‍, യുഎസാണ് ഇവര്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നത്. എസ്ഡിഎഫിനെ ഉപയോഗിച്ചാണ് സിറിയയില്‍ യുഎസ് ഐഎസിനെ നേരിട്ടത്.

Next Story

RELATED STORIES

Share it