Sub Lead

അഭിഭാഷകര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് ഉറപ്പ്; ഡല്‍ഹിയിലെ പോലിസ് സമരം അവസാനിപ്പിച്ചു

അഭിഭാഷകര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് ഉറപ്പ്; ഡല്‍ഹിയിലെ പോലിസ് സമരം അവസാനിപ്പിച്ചു
X

ന്യൂഡല്‍ഹി: തീസ് ഹസാരി കോടതിയില്‍ കഴിഞ്ഞ ദിവസം അഭിഭാഷകരും പോലിസും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ആക്രമണം നടത്തിയ അഭിഭാഷകര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ പോലിസുകാര്‍ നടത്തിയ സമരം അവസാനിപ്പിച്ചു. 11 മണിക്കൂറിലേറെ നീണ്ടുനിന്ന സമരം, പ്രതികളായ അഭിഭാഷകര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് പ്രതിഷേധക്കാര്‍ പിന്തിരിഞ്ഞത്. സമരം നടത്തിയ പോലിസുകാര്‍ക്കെതിരേ നടപടിയെടുക്കില്ലെന്നും ഉന്നത ഉദ്യോഗസ്ഥര്‍ ഉറപ്പുവനല്‍കി. ഡല്‍ഹിക്കു പുറമെ ഹരിയാന, കേരളം, കര്‍ണാടക, തമിഴ്‌നാട് ഐപിഎസ് അസോസിയേഷനുകളും ബിഹാര്‍, ഹരിയാന എന്നിവിടങ്ങളിലെ പോലിസ് അസോസിയേഷനുകളും സമരത്തിനിറങ്ങിയതോടെ രാജ്യം ഇതിനു മുമ്പ് കണ്ടിട്ടില്ലാത്ത വിധത്തിലുള്ള സമരത്തിനാണ് തലസ്ഥാനം സാക്ഷ്യം വഹിച്ചത്. പോലിസ് സംരക്ഷണ നിയമം നടപ്പാക്കുന്നത് ഉള്‍പ്പെടെയുള്ള 10 ഇന ആവശ്യങ്ങളുന്നയിച്ചുള്ള പോലിസുകാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന പോലിസുകാരുടെ കുടുംബാംഗങ്ങള്‍ ഇന്ത്യാ ഗേറ്റില്‍ സമരം നടത്തിയിരുന്നു.


പരിക്കേറ്റ പോലിസുകാര്‍ക്ക് 25000 രൂപ ധനസഹായം നല്‍കുമെന്ന് ഡല്‍ഹി പോലിസ് സ്‌പെഷ്യല്‍ കമ്മീഷണര്‍ സതീഷ് ഗോല്‍ച്ച അറിയിച്ചു. മര്‍ദ്ദിച്ച അഭിഭാഷകര്‍ക്കെതിരേ കേസെടുക്കാന്‍ നിര്‍ദേശിക്കുമെന്ന് ഡല്‍ഹി ലഫ്. ഗവര്‍ണറും പരിക്കേറ്റ പോലിസുകാര്‍ക്ക് മികച്ച ചികില്‍സ ഉറപ്പാക്കാന്‍ ചീഫ് സെക്രട്ടറിയോട് ഡല്‍ഹി ലഫ്. ഗവര്‍ണര്‍ അനില്‍ ബെയ്ജാലും നിര്‍ദേശം നല്‍കി. പോലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ആദ്യം നടത്തിയ അനുരഞ്ജന നീക്കം പാളിയിരുന്നു. ഇതിനിടെ, ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്കും ബാര്‍ കൗണ്‍സില്‍ ഓഫ് ഡല്‍ഹിക്കും ഹൈക്കോടതി നോട്ടീസയച്ചു. സ്ഥിതിഗതികള്‍ കൈവിട്ടുപോവുമോയെന്ന ആശങ്കയില്‍ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ അദ്ദേഹത്തിന്റെ വസതിയില്‍ അടിയന്തര യോഗം വിളിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഡല്‍ഹി പോലിസ് തെരുവിലിറങ്ങിയത് കേന്ദ്രസര്‍ക്കാരിനും തലവേദനയായി മാറിയിരുന്നു.


നവംബര്‍ രണ്ടിന് ഡല്‍ഹി തീസ് ഹസാരി കോടതിവളപ്പില്‍ ഒരു അഭിഭാഷകന്റെ വാഹനത്തില്‍ പാര്‍ക്ക് ചെയ്യുന്നതിനിടെ പോലിസ് വാഹനം ഇടിച്ചതിനെ ചൊല്ലി തര്‍ക്കമുണ്ടായത്. വാക്കുതര്‍ക്കം പിന്നീട് സംഘര്‍ഷത്തിലേക്കെത്തുകയായിരുന്നു. ഒരു അഭിഭാഷകനെ പോലിസ് കസ്റ്റഡിയിലെടുക്കുകയും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ അഭിഭാഷകരുടെ മര്‍ദ്ദനമേറ്റ് പോലിസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പോലിസുകാരെ അഭിഭാഷകര്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പോലിസുകാര്‍ യൂനിഫോമണിഞ്ഞ് പ്രത്യക്ഷ സമരവുമായി രംഗത്തെത്തിയത്.






Next Story

RELATED STORIES

Share it