Sub Lead

'അവര്‍ ഞങ്ങളെ വടികൊണ്ട് മര്‍ദ്ദിച്ചു, സഹോദരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു'; ജമ്മുവില്‍ മുസ്‌ലിം കുടുംബത്തിനു നേരെ ആള്‍ക്കൂട്ട ആക്രമണം

കാറിലെത്തിയ സംഘം യുവതിയെ തട്ടിക്കൊണ്ടുപോവാന്‍ നടത്തിയ ശ്രമം ചെറുത്തതിനു പിന്നാലെയാണ് കുടുംബത്തിനു നേരെ ഹിന്ദുത്വരുടെ നേതൃത്വത്തില്‍ ആള്‍കൂട്ട ആക്രമണമുണ്ടായത്.

അവര്‍ ഞങ്ങളെ വടികൊണ്ട് മര്‍ദ്ദിച്ചു, സഹോദരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; ജമ്മുവില്‍ മുസ്‌ലിം കുടുംബത്തിനു നേരെ ആള്‍ക്കൂട്ട ആക്രമണം
X

ജമ്മു: ജമ്മുവില്‍ ആദിവാസി വിഭാഗത്തില്‍നിന്നുള്ള മുസ്‌ലിം കുടുംബത്തിനു നേരെ ആള്‍കൂട്ട ആക്രമണം. കാറിലെത്തിയ സംഘം യുവതിയെ തട്ടിക്കൊണ്ടുപോവാന്‍ നടത്തിയ ശ്രമം ചെറുത്തതിനു പിന്നാലെയാണ് കുടുംബത്തിനു നേരെ ഹിന്ദുത്വരുടെ നേതൃത്വത്തില്‍ ആള്‍കൂട്ട ആക്രമണമുണ്ടായത്.

ജമ്മു കശ്മീരിലെ സാംബ ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ദില്‍വാറും പിതാവ് റഫാഖത്ത് അലിയും മാതാവിനും സഹോദരിക്കുമൊപ്പം ആട്ടിന്‍കൂട്ടത്തെ മേയ്ക്കുകയായിരുന്നു. പൊടുന്നനെ അവര്‍ക്കിടയിലേക്ക് ഒരു കാര്‍ ഇരച്ചുവന്നു. കാറില്‍നിന്നിറങ്ങിയ മൂന്നംഗ സംഘം ദില്‍വാറിന്റെ സഹോദരിയുടെ അടുത്തേക്ക് നീങ്ങുകയും അവളെ കാറിലേക്ക് വലിച്ച് കയറ്റാന്‍ ശ്രമിക്കുകയുമായിരുന്നു.

ഇതു കണ്ട് ഓടിയെത്തിയ ദില്‍വാറും പിതാവും റഫാഖത്ത് അലിയും സംഘത്തെ തടയുകയും സഹോദരിയെ സംഘത്തിന്റെ പിടിയില്‍നിന്നു മോചിപ്പിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതരായ സംഘം കുടുംബത്തെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വടിയും മറ്റും ഉപയോഗിച്ചായിരുന്നു സംഘത്തിന്റെ മര്‍ദ്ദനം. ആക്രമണത്തില്‍ ദില്‍വാറിന്റെ സഹോദരിക്കും മാതാവിനും ഉള്‍പ്പെടെ പരിക്കേറ്റു.

മൂന്നംഗ സംഘം തങ്ങളെ ആക്രമിക്കാന്‍ കൂടുതല്‍ പേരെ വിളിച്ചു വരുത്തിയതായും ദില്‍വാര്‍ പറഞ്ഞു. 'ആദ്യം അവര്‍ മൂന്നു പേരാണുണ്ടായിരുന്നത്. പിന്നീട് അവര്‍ ഫോണില്‍ വിളിച്ചത് പ്രകാരം 50നും 60നും ഇടയില്‍ ഹിന്ദു യുവാക്കള്‍ വന്നുചേരുകയും അവര്‍ തങ്ങളെ വളയുകയും ചെയ്തു'-ദില്‍വാര്‍ പറഞ്ഞു. മര്‍ദ്ദനമേറ്റ് തന്റെ വായില്‍നിന്നും മൂക്കില്‍നിന്നും രക്തം വന്നതായും ക്രൂരമായ മര്‍ദ്ദനത്തില്‍പിതാവ് ബോധം കെട്ടുവീണതായും ദില്‍വാര്‍ ആരോപിച്ചു.

ഇതിനിടെ സ്ഥലത്തുനിന്ന് തന്ത്രപരമായി രക്ഷപ്പെട്ട സഹോദരി സംഭവം അമ്മാവനെ അറിയിക്കുകയും അദ്ദേഹം പോലിസില്‍ വിവരം കൈമാറുകയുമായിരുന്നു. തുടര്‍ന്ന് പോലിസ് സംഘം എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.

അബോധാവസ്ഥയിലായിരുന്ന അലിയെ സാംബ നഗരത്തിലെ ആശുപത്രിയിലേക്ക് മാറ്റുകയും അവിടെനിന്ന് ജമ്മുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. തങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്തിയാല്‍ തങ്ങളുടെ കുടിലുകള്‍ കത്തിക്കുമെന്ന് അക്രമി സംഘം കഴിഞ്ഞ ദിവസം എത്തി ഭീഷണി മുഴക്കിയതായി ദില്‍ വാര്‍ പറഞ്ഞു. ഇതിനിടെ തങ്ങളുടെ ആടുകളെ അക്രമിസംഘം മോഷ്ടിച്ചതായും ദില്‍വാര്‍ പറഞ്ഞു.

സംഭവത്തില്‍ 307 (കൊലപാതകശ്രമം), 354 (സ്ത്രീകള്‍ക്കെതിരായ ആക്രമണം അല്ലെങ്കില്‍ ക്രിമിനല്‍ ബലപ്രയോഗം) എന്നിവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സാംബ പോലിസ് അറിയിച്ചു. കന്നുകാലികളെ വളര്‍ത്തുകയും നിരന്തരം ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്ക് കാലികളുമായി യാത്ര നടത്തുകയും ചെയ്യുന്ന ഇടയ മുസ്‌ലിം സമുദായമായ ബക്കര്‍വാള്‍ ഇപ്പോള്‍ ജമ്മുവിലെ സോന്‍വാലി മണ്ഡി ഗ്രാമത്തിലാണ് താമസിക്കുന്നത്.

ജമ്മു മേഖലയിലെ ഹിന്ദു ആധിപത്യ മേഖലയില്‍ ആദിവാസി മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷത്തിന്റെ ഭാഗമായുള്ള ആക്രമണമായാണ് സംഭവത്തെ സമുദായ പ്രവര്‍ത്തകര്‍ കാണുന്നത്. നേരത്തേ, അമ്പലത്തില്‍വച്ച് ഒരു സംഘം ഹിന്ദുത്വര്‍ കൂട്ടബലാത്സംഗത്തിനിരയാക്കി ക്രൂരമായി കൊലപ്പെടുത്തിയ എട്ടുവയസ്സുകാരി ആസിഫ ബാനു ഇതേ ബക്കര്‍വാള്‍ സമുദായത്തില്‍ പെട്ടയാളാണ്.

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി സംഭവത്തെ ക്രൂരമായ ആക്രമണം എന്നാണ് വിശേഷിപ്പിച്ചത്. ഇക്കാര്യം ഉടന്‍ പരിശോധിക്കണമെന്ന് അവര്‍ പോലിസിനോട് ആവശ്യപ്പെട്ടു.

കുറ്റവാളികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്തതിനാല്‍ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് സാംബയിലെ പോലീസ് പറഞ്ഞു. 'ആരാണ് തങ്ങളെ ആക്രമിച്ചതെന്ന് കുടുംബത്തിന് അറിയില്ല,' എസ്എച്ച്ഒ സാംബ പറഞ്ഞു. ആക്രമണകാരികളുടെ പേര് കുടുംബത്തിന് അറിയില്ലെന്നും എന്നാല്‍ അവരെ തിരിച്ചറിയാന്‍ കഴിയുമെന്നും ദിലാവര്‍ പറഞ്ഞു. 'അവര്‍ ഹിന്ദു സമുദായത്തില്‍ നിന്നുള്ള ഗ്രാമവാസികളാണ്,' അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it