Sub Lead

മാവോവാദി മുന്നണി സംഘടനകളെന്നാരോപിച്ച് തെലങ്കാനയിൽ 16 സംഘടനകളെ നിരോധിച്ചു

പുതിയ കാർഷിക നിയമങ്ങൾ, പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ പട്ടിക എന്നിവ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 16 സംഘടനകളും പ്രക്ഷോഭത്തിൽ പങ്കാളികളാണെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

മാവോവാദി മുന്നണി സംഘടനകളെന്നാരോപിച്ച് തെലങ്കാനയിൽ 16 സംഘടനകളെ നിരോധിച്ചു
X

ഹൈദരാബാദ്: വിരാസം എന്ന വിപ്ലവ രചയിതല സംഘം ഉൾപ്പെടെ 16 സംഘടനകളെ തെലങ്കാന സർക്കാർ നിരോധിച്ചു. ഇവ നിരോധിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (മാവോയിസ്റ്റ്) മുന്നണി സംഘടനകളാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. ചീഫ് സെക്രട്ടറി സോമേഷ് കുമാർ ഇറക്കിയ ഉത്തരവ് ഈ വർഷം മാർച്ച് 30 മുതൽ മുൻകാല പ്രാബല്യത്തിൽ വരും.

സർക്കാർ ഉത്തരവ് പ്രകാരം "നിയമവിരുദ്ധം" എന്ന് പ്രഖ്യാപിച്ച 16 നിരോധിത സംഘടനകൾ ഇവയാണ്: തെലങ്കാന പ്രജാ ഫ്രണ്ട്, തെലങ്കാന അസംഘടിത കർമ്മ സംഖ്യ, തെലങ്കാന വിദ്യാർഥി വേദിക, ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ, തെലങ്കാന വിദ്യാർത്ഥി സംഘം, ആദിവാസി സ്റ്റുഡന്റ്സ് യൂനിയൻ, സിആർപിപി, തെലങ്കാന രൈതംഗ സമിതി, ടുഡും ദെബ്ബ, പ്രജ കലാ മണ്ഡലി, തെലങ്കാന ഡെമോക്രാറ്റിക് ഫ്രണ്ട്, ഫോറം എ​ഗയിൻസ്റ്റ് ഹിന്ദു ഫാഷിസം , സിവിൽ ലിബർട്ടീസ് കമ്മിറ്റി, അമരുല ബന്ദു മിത്രുല സംഘം, ചൈതന്യ മഹിള സംഘം, വിപ്ലവ രചയിതല സംഘം.

ഈ "നിയമവിരുദ്ധ" സംഘടനകളിൽ നിന്നുള്ള പ്രവർത്തകർ "നഗരപ്രദേശങ്ങളിൽ കേന്ദ്രീകരിക്കുകയും" നഗര ഗറില്ലാ തന്ത്രങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നുവെന്ന് സംസ്ഥാന സർക്കാർ ഉത്തരവിൽ ആരോപിക്കുന്നു. മാത്രമല്ല, 16 സംഘടനകളിലെ അംഗങ്ങൾ മറ്റുള്ളവരെ മാവോവാദി പ്രസ്ഥാനത്തിലേക്ക് "ആകർഷിക്കുന്നു" എന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ "പ്രകോപനപരമായ" പ്രസ്താവനകൾ, റാലികൾ, മീറ്റിങ്ങുകൾ എന്നിവ സംഘടിപ്പിക്കുന്നെന്നും ഉത്തരവിൽ പറയുന്നു.

പ്രഫ. ജിഎൻ സായിബാബ, റോണ വിൽസൺ, വരവര റാവു തുടങ്ങിയവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഈ സംഘടനകൾ പ്രക്ഷോഭം സംഘടിപ്പിച്ചെന്നും ഉത്തരവ് വ്യക്തമാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്നാരോപിച്ച് റോണാ വിൽസൺ അടക്കമുള്ളവർ ഭീമാകൊറേ​ഗാവ് കേസിൽ തടവിൽ കഴിയുന്നുണ്ടെങ്കിലും വ്യാജ തെളിവുകൾ നിർമ്മിച്ചാണ് പ്രതിചേർത്തതെന്ന റിപോർട്ട് നേരത്തെ പുറത്തുവന്നിരുന്നു.

പുതിയ കാർഷിക നിയമങ്ങൾ, പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ പട്ടിക എന്നിവ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 16 സംഘടനകളും പ്രക്ഷോഭത്തിൽ പങ്കാളികളാണെന്നും ഉത്തരവ് വ്യക്തമാക്കുന്നു. ഈ മൂന്ന് വിഷയങ്ങളും കേന്ദ്ര സർക്കാരിനെതിരായ പ്രക്ഷോഭത്തിന്റെ പ്രധാന ഉറവിടമായിരുന്നുവെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.

Next Story

RELATED STORIES

Share it