Sub Lead

താനൂര്‍ കസ്റ്റഡി കൊല: പോലിസിന്റെ വംശീയ സമീപനം കേരളത്തിനാപത്ത്-മൂവാറ്റുപുഴ അശ്‌റഫ് മൗലവി

താനൂര്‍ കസ്റ്റഡി കൊല: പോലിസിന്റെ വംശീയ സമീപനം കേരളത്തിനാപത്ത്-മൂവാറ്റുപുഴ അശ്‌റഫ് മൗലവി
X

തിരൂരങ്ങാടി: താനൂരില്‍ താമിര്‍ ജിഫ്രി കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവം പോലിസിന്റ വംശീയ സമീപനത്തിന്റെ ഭാഗമാണെന്ന് എസ് ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഷ്‌റഫ് മൗലവി മൂവാറ്റുപുഴ. താനൂരില്‍ കസ്റ്റഡിയിയില്‍ കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ മമ്പുറത്തെ വീട് സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. കസ്റ്റഡി കൊലയ്ക്ക് ശേഷം നടന്ന സംഭവങ്ങള്‍ മുഴുവനും ദുരൂഹത നിറഞ്ഞ കാര്യങ്ങളും ഗൗരവമുള്ളതുമാണ്. ക്രിമിനല്‍ സ്വഭാവമുള്ള ഉന്നത ഉദ്യോഗസ്ഥരായ ക്രിമിനലുകളെ സംരക്ഷിക്കുന്ന ആഭ്യന്തര വകുപ്പിന്റെ നടപടി പ്രതിഷേധാര്‍ഹമാണ്. ഇത്തരം സംഭവങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന ഭരണകര്‍ത്താക്കളും നാടിന് ആപത്താണ്. നേരത്തേയും പോലിസിന്റെ ഭാഗത്തുനിന്ന് ഇത്തരം സംഭവങ്ങള്‍ പുറത്തുവന്നിരുന്നു. ആലപ്പുഴ ജില്ലയില്‍ നിരപരാധിയായ യുവാവിനെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിച്ച് ജയ് ശ്രീരാം വിളിപ്പിച്ചത് ഏറെ ചര്‍ച്ചയായതാണ്. ഇത്തരം പോലിസുകാരെ പിന്‍പറ്റുന്നത് പോലെ മലപ്പുറം ജില്ലയിലും സമാന ചിന്താഗതിക്കാര്‍ വളര്‍ന്നുകൊണ്ടിരിക്കുന്നതിന്റെ ഉദാഹരണങ്ങള്‍ സംശയാതീതമായി തെളിയിക്കപ്പെട്ടിരിക്കുകയാണ്. പോലിസുകാര്‍ താമിര്‍ ജിഫ്രിയെ മര്‍ദ്ദിക്കുന്നത് കണ്ടെന്ന് പറഞ്ഞതിന് കോഴിക്കോട് ജയിലില്‍ കൂട്ടുപ്രതിയെ 10 ഓളം പോലിസുകാര്‍ മര്‍ദ്ദിച്ചത് നീതിന്യായ വ്യവസ്ഥയെ പരിഹസിക്കുന്നതും വെല്ലുവിളിക്കുന്നതുമാണ്. വംശീയ വൈരാഗ്യത്തോടെ പെരുമാറുന്ന പോലിസ് ഉദ്യോഗസ്ഥരുടെ എണ്ണം ക്രമാതീതമായി കേരളത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു. പോലിസിന്റെ വംശീയ വേട്ടയുടെ ഒടുവിലത്തെ ഉദാഹരണമാണ് താമിര്‍ ജിഫ്രി. കേസ് അട്ടിമറിക്കാനും മറ്റും നടത്തിയ നീക്കം ഞെട്ടലുളവാക്കുന്നതാണ്. കസ്റ്റഡി കൊലപാതകത്തിലെ മുഴുവന്‍ പ്രതികളെയും കൂട്ടുപ്രതികളായ ഉന്നതരെയും സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നും നീതിക്കായുള്ള കുടുംബത്തിന്റ പോരാട്ടത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നതായും അദ്ദേഹം ഉറപ്പ് നല്‍കി. എസ് ഡിപി ഐ മലപ്പുറം ജില്ലാ പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി, ജില്ലാ കമ്മിറ്റി അംഗം ഹമീദ് പരപ്പനങ്ങാടി, താനൂര്‍ മണ്ഡലം പ്രസിഡന്റ് സദഖത്ത് താനൂര്‍, അഷ്‌റഫ് പുത്തനത്താണി, ആക്ഷന്‍ കൗണ്‍സില്‍ വര്‍ക്കിങ് ചെയര്‍മാന്‍ റഫീഖ് മമ്പുറം എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Next Story

RELATED STORIES

Share it