Sub Lead

പിന്‍മാറ്റം നീണ്ടാല്‍ 'വിവരമറിയും'; യുഎസിന് താലിബാന്റെ മുന്നറിയിപ്പ്

യുഎസ്, യുകെ സൈനിക പിന്‍മാറ്റത്തിനായി കൂടുതല്‍ സമയം എടുത്താല്‍ തങ്ങളുടെ ഉത്തരം മറ്റൊന്നായിരിക്കുമെന്നും താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്യുന്നു.

പിന്‍മാറ്റം നീണ്ടാല്‍ വിവരമറിയും; യുഎസിന് താലിബാന്റെ മുന്നറിയിപ്പ്
X

കാബൂള്‍: അഫ്ഗാനില്‍ നിന്നുള്ള സമ്പൂര്‍ണ സൈനിക പിന്‍മാറ്റം ആഗസ്ത് 31ന് ശേഷം നീണ്ടുപോയാല്‍ അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്ന് യുഎസിന് താലിബാന്റെ മുന്നറിയിപ്പ്. 'അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള കുടിയൊഴിപ്പിക്കല്‍ ദൗത്യം നീട്ടിക്കൊണ്ട് പോവാന്‍ സമ്മതിക്കില്ല. ഈ നീക്കം സൂചിപ്പിക്കുന്നത് 'അധിനിവേശം വ്യാപിപ്പിക്കുക' എന്നതാണ്. അത് 'റെഡ് ലൈനാണ്'.

യുഎസ്, യുകെ സൈനിക പിന്‍മാറ്റത്തിനായി കൂടുതല്‍ സമയം എടുത്താല്‍ തങ്ങളുടെ ഉത്തരം മറ്റൊന്നായിരിക്കുമെന്നും താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

അഫ്ഗാന്‍ തലസ്ഥാനത്ത് നിന്നുള്ള അമേരിക്കക്കാരുടെയും പതിനായിരക്കണക്കിന് ആളുകളുടെയും 'കഠിനവും വേദനാജനകവുമായ' എയര്‍ലിഫ്റ്റ് ത്വരിതഗതിയിലാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബിഡന്‍ ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. അതേസമയം, ഒഴിപ്പിക്കല്‍ ദൗത്യം മുന്‍ നിശ്ചയിച്ച ആഗസ്ത് 31ന് അപ്പുറത്തേക്ക് നീട്ടുന്നത് അദ്ദേഹം തള്ളിയിട്ടുണ്ട്.

അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അമേരിക്കയുടെ സൈനിക പിന്‍മാറ്റം അവസാനഘട്ടത്തിലാണ്. നയതന്ത്ര ഉദ്യോഗസ്ഥരെയും മറ്റും അഫ്ഗാനില്‍ നിന്നും പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് നിലവില്‍ അമേരിക്കയും മറ്റു യൂറോപ്യന്‍ രാജ്യങ്ങളും നടത്തുന്നത്. തലസ്ഥാനം താലിബാന്‍ പിടിച്ചെടുത്തതുമുതല്‍ അമേരിക്കയും അന്താരാഷ്ട്ര സേനയും പൗരന്മാരെയും അഫ്ഗാനികളെയും ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നതിനാല്‍ വിമാനത്താവളം സംഘര്‍ഷഭരിതമായിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വിമാനത്താവളത്തിലും പരിസരത്തും കുറഞ്ഞത് 20 പേര്‍ മരിച്ചതായി ഒരു നാറ്റോ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതേസമയം, അഫ്ഗാന്‍ പ്രതിരോധ സേനയുടെ ചെറുത്തുനില്‍പ്പില്‍ ഇന്ന് അമ്പത് താലിബാന്‍കാര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുണ്ട്.അതേസമയം, താലിബാന് എതിരെ യുദ്ധം പ്രഖ്യാപിച്ച മുന്‍ വൈസ് പ്രസിഡന്റ് അംറുല്ല സാലിഹ് തമ്പടിച്ച പഞ്ച്ഷീര്‍ മേഖയ്ക്ക് ചുറ്റും താലിബാന്‍ എത്തിയെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ഇവിടെ വടക്കന്‍ സഖ്യത്തിന്റെ നേതൃത്വത്തില്‍ താലിബാന് എതിരെ വന്‍ ചെറുത്തുനില്‍പ്പാണ് നടക്കുന്നത്. കഴിഞ്ഞയാഴ്ച താലിബാന്‍ വിരുദ്ധ പോരാളികള്‍ പിടിച്ചെടുത്ത മൂന്ന് വടക്കന്‍ ജില്ലകള്‍ താലിബാന്‍ തിരിച്ചുപിടിച്ചെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

Next Story

RELATED STORIES

Share it