Sub Lead

തന്നെ അറസ്റ്റ് ചെയ്ത യുഎസ് ജനറലുമായി വേദി പങ്കിട്ട് അഹമ്മദ് അല്‍ ഷറാ

തന്നെ അറസ്റ്റ് ചെയ്ത യുഎസ് ജനറലുമായി വേദി പങ്കിട്ട് അഹമ്മദ് അല്‍ ഷറാ
X

ന്യൂയോര്‍ക്ക്: യുഎസ് സൈന്യത്തിന്റെ മുന്‍ ജനറലും സിഐഎ ഡയറക്ടറുമായിരുന്ന ഡേവിഡ് പെട്രാസുമായി വേദിപങ്കിട്ട് സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍ ഷറാ. യുഎസ് സൈന്യം ഇറാഖില്‍ അധിനിവേശം നടത്തിയിരുന്ന കാലത്ത് അവിടത്തെ ക്രൂരതകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് ഡേവിഡ് പെട്രാസായിരുന്നു. അതേസമയം, അല്‍ ഖ്വയ്ദ നേതാവായിരുന്ന അല്‍ ഷറാ യുഎസ് സൈന്യത്തിനെതിരേ ഇറാഖില്‍ പോരാടി. പെട്രാസിന്റെ നേതൃത്വത്തിലുള്ള സൈന്യമാണ് അഹമ്മദ് അല്‍ ഷറായെ പിടികൂടിയത്. 2006ല്‍ അറസ്റ്റിലായ അല്‍ ഷറായെ 2011 വരെ ജയിലില്‍ ഇട്ടു. ഇന്നലെ ന്യൂയോര്‍ക്കില്‍ നടന്ന കോണ്‍കോര്‍ഡിയ വാര്‍ഷിക ഉച്ചകോടിയിലാണ് പെട്രാസും അല്‍ ഷറായും വേദി പങ്കിട്ടത്. യുഎന്‍ ജനറല്‍ അസംബ്ലിയുടെ ഭാഗമായാണ് ഈ ഉച്ചകോടി നടക്കുന്നത്.


സായുധപോരാളിയില്‍ നിന്നും സിറിയയുടെ പ്രസിഡന്റായ അല്‍ ഷറായുടെ മുന്നേറ്റം പശ്ചിമേഷ്യന്‍ ചരിത്രത്തിലെ അടുത്തകാലത്തെ വലിയ സംഭവമാണെന്ന് പെട്രാസ് പറഞ്ഞു. അല്‍ ഷറായുടെ ഫാനാണ് താനെന്നും പെട്രാസ് പറഞ്ഞു. ഇന്നത്തെ ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ ഭൂതകാലത്തെ അളക്കാനാവില്ലെന്നും ഭൂതകാലത്തിലെ ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്നിനെ അളക്കാനാവില്ലെന്നും പെട്രാസ് പറഞ്ഞു. മുന്‍കാലങ്ങളില്‍ തെറ്റുകള്‍ പറ്റിയിട്ടുണ്ടാവാമെന്ന് അല്‍ ഷറാ പറഞ്ഞു. ''പക്ഷേ, ഇന്ന് ഞങ്ങള്‍ സിറിയന്‍ ജനതയെ പ്രതിരോധിക്കുകയാണ്. അതുകൊണ്ടാണ് ഇന്ന് യുഎസില്‍ എത്തിയത്. സിറിയയുടെ പുനര്‍നിര്‍മാണമാണ് ലക്ഷ്യം. പുതിയ യുദ്ധങ്ങളൊന്നും പദ്ധതിയില്‍ ഇല്ല.'' -അല്‍ ഷറാ കൂട്ടിചേര്‍ത്തു.

ഇറാഖില്‍ നിന്നും ജയില്‍ മോചിതനായ ശേഷമാണ് അല്‍ ഷറാ സിറിയയിലേക്ക് മടങ്ങിയത്.


പിന്നീട് അല്‍ നുസ്‌റ ഫ്രണ്ട് രൂപീകരിച്ചു. അല്‍ ഖ്വായിദയുമായുള്ള ബന്ധം വിഛേദിച്ച് രൂപീകരിച്ച ഹയാത്ത് തഹ്‌രീര്‍ അല്‍ ശാമാണ് ബശാറുല്‍ അസദ് നേതൃത്വത്തിലുള്ള ഭരണകൂടത്തെ പരാജയപ്പെടുത്തിയത്.

Next Story

RELATED STORIES

Share it