Sub Lead

തടവുകാരിൽ വിട്ടയക്കാവുന്നവരെ കണ്ടെത്താൻ ആവശ്യപ്പെട്ട് സുപ്രിംകോടതി

ജയിലുകളിൽ കുറ്റവാളികൾ നിറയുന്നത് ഇന്ത്യയുൾപ്പടെ പല രാജ്യങ്ങളും നേരിടുന്ന പ്രശ്‌നമാണെന്ന് നിരീക്ഷിച്ച സുപ്രിംകോടതി തടവുകാർക്കും ജയിൽ ജീവനക്കാർക്കും ടെസ്‌റ്റിങ് ഇടക്കിടെ നടത്തി കൊവിഡ് രോഗത്തെ ഫലപ്രദമായി തടയണമെന്നും അഭിപ്രായപ്പെട്ടു.

തടവുകാരിൽ വിട്ടയക്കാവുന്നവരെ കണ്ടെത്താൻ ആവശ്യപ്പെട്ട് സുപ്രിംകോടതി
X

ന്യൂഡൽഹി: ഏഴ് വർഷത്തിൽ താഴെ തടവ് ശിക്ഷ ലഭിക്കുന്ന കു‌റ്റങ്ങൾക്ക് ആവശ്യമെങ്കിൽ മാത്രമേ പ്രതികളെ അറസ്‌റ്റ് ചെയ്യാവൂവെന്ന് ഉത്തരവുമായി സുപ്രിംകോടതി. കൊവിഡ് രണ്ടാം തരംഗം ശക്തമായതോടെ ജയിലുകൾ നിറഞ്ഞ് രോഗവ്യാപന സാധ്യത ഉണ്ടാകാതിരിക്കാനാണ് സുപ്രിംകോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. തടവുകാർക്ക് മതിയായ ചികിൽസാ സംവിധാനം ഏർപ്പെടുത്തുമെന്നത് ഉറപ്പാക്കണമെന്നും സുപ്രിംകോടതി ആവശ്യപ്പെട്ടു.

തടവുകാരിൽ വിട്ടയക്കാവുന്നവരെ കണ്ടെത്താനും നടപടിയെടുക്കാനും സംസ്ഥാന സർക്കാരുകളും കേന്ദ്ര ഭരണ പ്രദേശങ്ങളും രൂപീകരിച്ച ഉന്നതാധികാര സമിതികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം പരോൾ ലഭിച്ച തടവുകാർക്ക് ഈ വർഷവും 90 ദിവസങ്ങൾ വരെ പരോൾ നൽകാനും സുപ്രിംകോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ജയിലുകളിൽ കുറ്റവാളികൾ നിറയുന്നത് ഇന്ത്യയുൾപ്പടെ പല രാജ്യങ്ങളും നേരിടുന്ന പ്രശ്‌നമാണെന്ന് നിരീക്ഷിച്ച സുപ്രിംകോടതി തടവുകാർക്കും ജയിൽ ജീവനക്കാർക്കും ടെസ്‌റ്റിങ് ഇടക്കിടെ നടത്തി കൊവിഡ് രോഗത്തെ ഫലപ്രദമായി തടയണമെന്നും അഭിപ്രായപ്പെട്ടു. ആവശ്യമെങ്കിൽ അതിവേഗം ചികിൽസ നൽകണം. തടവറകളിൽ ശുചിത്വം പാലിക്കുന്നു എന്ന് ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.

പുറത്തിറങ്ങിയാൽ കൊവിഡ് പിടിപെടുമെന്ന് ഭയമുള‌ള തടവുകാരെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ കഴിയണം. നാല് ലക്ഷത്തിലേറെയാണ് രാജ്യത്തെ തടവറകളിൽ കഴിയുന്നവരുടെ ആകെ എണ്ണം. ഇതിൽ പല ജയിലുകളിലും പരിധിയിലധികം കുറ്റവാളികളെ പാർപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ വർഷം പരോൾ അനുവദിച്ചവർക്ക് ഇക്കൊല്ലവും 90 ദിവസം വരെ പരോൾ നൽകാനും അറസ്‌റ്റ് പരമാവധി കുറയ്‌ക്കാനും കോടതി ഉത്തരവിട്ടത്.

ഡൽഹിയിലെ ജയിലുകളിൽ കൊള‌ളാവുന്നതിന്റെ രണ്ടിരട്ടി ആളുകളാണ് തടവിലുള‌ളത്. ഇതോടെ രൂക്ഷമായ കൊവിഡ് വ്യാപനം ഇവിടങ്ങളിലുണ്ടാകുന്ന സാഹചര്യമാണ്. ഇത് കൂടി കണ്ടുകൊണ്ടാണ് കോടതി ഉത്തരവിറക്കിയിരിക്കുന്നത്. എന്നാൽ കാലങ്ങളായി വിചാരണത്തടവുകാരായി കഴിയുന്ന രാഷ്ട്രീയത്തടവുകാർക്ക് ആ സമയത്ത് ഇടക്കാല ജാമ്യം നൽകാറില്ല. ഇതിനെതിരേ കഴിഞ്ഞ വർഷം പ്രതിഷേധങ്ങളും ഉയർന്നിരുന്നു.

Next Story

RELATED STORIES

Share it