Sub Lead

മതപരേഡില്‍ പങ്കെടുക്കാത്ത ക്രിസ്ത്യന്‍ സൈനികനെ പിരിച്ചുവിട്ട നടപടി ശരിവച്ച് സുപ്രിംകോടതി

മതപരേഡില്‍ പങ്കെടുക്കാത്ത ക്രിസ്ത്യന്‍ സൈനികനെ പിരിച്ചുവിട്ട നടപടി ശരിവച്ച് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന്റെ റെജിമെന്റല്‍ വാരാന്ത്യ മതപരേഡുകളില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ച ക്രിസ്തുമത വിശ്വാസിയെ പിരിച്ചുവിട്ട നടപടി സുപ്രിംകോടതിയും ശരിവച്ചു. പെന്‍ഷനും ഗ്രാറ്റുവിറ്റിയും ഇല്ലാതെ സൈന്യത്തില്‍ നിന്ന് പിരിച്ചുവിട്ടതിനെ ചോദ്യം ചെയ്ത് സാമുവല്‍ കമലേശന്‍ എന്ന സൈനികന്‍ നല്‍കിയ ഹരജിയാണ് സുപ്രിംകോടതി തള്ളിയത്. '' സൈനികരുടെ വികാരങ്ങളെ ബഹുമാനിക്കുന്നതില്‍ നിങ്ങള്‍ പരാജയപ്പെട്ടു. മറ്റുള്ളവരെക്കുറിച്ച് നിങ്ങള്‍ക്ക് താല്‍പ്പര്യമില്ലാത്ത വിധം ഉയര്‍ന്ന മതപരമായ അഹങ്കാരമാണോ ഉള്ളത്?''-ഹരജി തള്ളി കോടതി ചോദിച്ചു.

സാമുവല്‍ കമലേശനെ പോസ്റ്റ് ചെയ്ത സ്ഥലത്തെ ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ പ്രവേശിക്കാന്‍ വിസമ്മതിച്ചതാണ് പിരിച്ചുവിടലിന് കാരണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചു. സൈന്യത്തില്‍ ഇത്തരം നിരസിക്കലുകള്‍ സാധ്യമാണോയെന്ന് കോടതി മറുപടിയായി ചോദിച്ചു. എല്ലാ മതവിശ്വാസികള്‍ക്കും ഒരുമിച്ച് ആരാധന നടത്താന്‍ കഴിയുന്ന കേന്ദ്രം അവിടെ ഉണ്ടായിരുന്നില്ലെന്നും ക്രിസ്തുമത വിശ്വാസിയായ സാമുവലിന് അമ്പലത്തില്‍ കയറാനാവില്ലെന്നും അഭിഭാഷകന്‍ അതിന് മറുപടി നല്‍കി. എന്നാല്‍, ഇക്കാര്യത്തിന് മാത്രം സാമുവലിനെ പുറത്താക്കാവുന്നതാണെന്ന് കോടതി പറഞ്ഞു. ''ശ്രീകോവിലില്‍ കയറിയാല്‍ മതവിശ്വാസം ഇല്ലാതാവില്ലെന്ന് ഒരു പാസ്റ്റര്‍ തന്നെ പറഞ്ഞിട്ടുണ്ട്. സിഖ് ഗുരുദ്വാര മതേതര ഇടമാണ്. അവിടെയൊക്കെ പോവാത്തത് മറ്റുള്ളവരുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നതിന് തുല്യമാണ്. മതപരമായ ഇത്രയും ഈഗോ സാമുവലിനുണ്ടോ ?''-കോടതി ചോദിച്ചു.

ശ്രീകോവിലില്‍ കയറാന്‍ തയ്യാറാണെന്നും മതപരമായ ചടങ്ങുകള്‍ അടിച്ചേല്‍പ്പിക്കരുതെന്നും സാമുവലിന് അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനോടും കോടതി വിയോജിപ്പ് പ്രകടിപ്പിച്ചു. തുടര്‍ന്നാണ് ഹരജി തള്ളിയത്.

Next Story

RELATED STORIES

Share it