Sub Lead

പോലിസിനെയും ഫലസ്തീന്‍ അനുകൂലികളെയും വിമര്‍ശിച്ച് ലേഖനം; യുകെയില്‍ ആഭ്യന്തര സെക്രട്ടറിയെ പുറത്താക്കി

പോലിസിനെയും ഫലസ്തീന്‍ അനുകൂലികളെയും വിമര്‍ശിച്ച് ലേഖനം; യുകെയില്‍ ആഭ്യന്തര സെക്രട്ടറിയെ പുറത്താക്കി
X

ലണ്ടന്‍: പോലിസ് നയങ്ങളെയും ഫലസ്തീന്‍ അനുകൂല റാലികളെയും വിമര്‍ശിച്ച് ലേഖനമെഴുതിയതിനു പിന്നാലെ യുകെയില്‍ ആഭ്യന്തര സെക്രട്ടറിയെ പുറത്താക്കി. ആര്‍മിസ്‌റ്റൈസ് ഡേ പ്രതിഷേധത്തെച്ചൊല്ലി സംഘര്‍ഷം ആളിക്കത്തിച്ചെന്നും പോലിസ് ഇടതുപക്ഷ പ്രതിഷേധക്കാരെ അനുകൂലിക്കുന്നുവെന്നും ആരോപിച്ചതിനാണ് കടുത്ത വലതുപക്ഷവാദിയായസുവല്ല ബ്രേവര്‍മാനെ യുകെ ആഭ്യന്തര സെക്രട്ടറി സ്ഥാനത്ത് നിന്ന് റിഷി സുനക് പുറത്താക്കിയത്. 'സര്‍ക്കാര്‍ വിടാന്‍ ഋഷി സുനക്സുവല്ല ബ്രേവര്‍മാനോട് ആവശ്യപ്പെട്ടെന്നും അവരത് അംഗീകരിച്ചെന്നും ഗാര്‍ഡിയന്‍ റിപോര്‍ട്ട് ചെയ്തു. പരിസ്ഥിതി സെക്രട്ടറി തെരേസ് കോഫി, ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേ എന്നിവരോടൊപ്പം ഋഷി സുനക്കിന്റെ ടീമിന്റെ വിപുലമായ പുനഃസംഘടനയുടെ ഭാഗമാണ് പുറത്താക്കല്‍. രണ്ട് ജൂനിയര്‍ മന്ത്രിമാരായ വിദ്യാഭ്യാസ മന്ത്രി നിക്ക് ഗിബ്ബും ആരോഗ്യമന്ത്രി നീല്‍ ഒബ്രിയനും തങ്ങളുടെ സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചു.

ബ്രേവര്‍മാനെ പുറത്താക്കിയതിന് തൊട്ടുപിന്നാലെ ജെയിംസ് ക്ലെവര്‍ലി ഡൗണിങ് സ്ട്രീറ്റിലേക്ക് പ്രവേശിക്കുന്നത് കണ്ടതായും വിദേശകാര്യ സെക്രട്ടറി സ്ഥാനത്തുനിന്ന് അവരെ മാറ്റി നിയമിക്കാന്‍ സാധ്യതയുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നുണ്ട്. ജെറമി ഹണ്ടിനെ ചാന്‍സലറായി മാറ്റുമെന്ന് സൂചന ലഭിച്ചിട്ടുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. 'ആഭ്യന്തര സെക്രട്ടറിയായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പദവിയാണെന്ന് പുറത്താക്കപ്പെട്ട ശേഷം സുവല്ല ബ്രേവര്‍മാന്‍ പറഞ്ഞു. ഇന്ത്യന്‍ വംശജയാണ് സുവല്ല ബ്രേവര്‍മാന്‍.

ആഴ്ചകള്‍ നീണ്ട വിവാദങ്ങളെ തുടര്‍ന്നാണ് ബ്രാവര്‍മാന്റെ പിരിച്ചുവിടല്‍. കടുത്തവലതുപക്ഷ നയങ്ങള്‍ പിന്തുടരുന്ന സുവല്ല ബ്രേവര്‍മാന്‍ നേരത്തെയും വിവാദ പ്രസ്താവനകളിലൂടെ കുപ്രസിദ്ധി നേടിയിരുന്നു. എന്നാല്‍, ഇത് പാര്‍ട്ടിയുടെ വലതുപക്ഷ അനുകൂലികളായ എംപിമാര്‍ക്കിടയില്‍ രോഷത്തിന് കാരണമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. വലതുപക്ഷ അനുയായിയായ ആന്‍ഡ്രിയ ജെങ്കിന്‍സ് സു വല്ല ബ്രേവര്‍മാനെ അനുകൂലിച്ച് ട്വീറ്റ് ചെയ്തു. ഒരു വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് സുവല്ല ബ്രേവര്‍മാന്‍ ഇതേ പദവിയില്‍ നിന്ന് പുറത്താക്കപ്പെടുന്നത്. ഒരു സ്വകാര്യ ഇമെയില്‍ വിലാസത്തില്‍ നിന്ന് ഒരു എംപിക്ക് രഹസ്യ വിവരങ്ങള്‍ അയച്ചതിന്, പദവിയില്‍ ആഴ്ചകള്‍ മാത്രം കഴിഞ്ഞ് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ രാജിവയ്ക്കാന്‍ ലിസ് ട്രസ് ഉത്തരവിട്ടിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചത്തെ ടൈംസിലെ ഒരു ലേഖനമാണ് പിരിച്ചുവിടലിനുള്ള ഇപ്പോഴത്തെ കാരണം. 'പ്രതിഷേധക്കാരുടെ കാര്യത്തില്‍ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ പ്രിയപ്പെട്ടവരാണെന്ന് ഒരു ധാരണയുണ്ടെന്നും ഫലസ്തീന്‍ അനുകൂലികളേക്കാള്‍ വലതുപക്ഷ വാദികളോട് കടുപ്പം കാണിക്കുകയാണെന്നുമായിരുന്നു ബ്രേവര്‍മാന്‍ ലേഖനത്തില്‍ വിമര്‍ശിച്ചത്. ഗസയില്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന പ്രകടനങ്ങളെ നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ മാര്‍ച്ചുകളോടാണ് ലേഖനം ഉപമിച്ചത്. ശനിയാഴ്ച തീവ്ര വലതുപക്ഷ ഗ്രൂപ്പുകള്‍ പോലിസുമായി ഏറ്റുമുട്ടിയതിന്റെ ഫലമായി സംഘര്‍ഷം ഉണ്ടായതിന് സഹായിച്ചതിന് പോലിസും ബ്രേവര്‍മാനെ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍, ഇതിനെതിരേ മൗനം പാലിച്ച ബ്രേവര്‍മാന്‍, പകരം ഫലസ്തീന്‍ അനുകൂല മാര്‍ച്ചുകള്‍ക്കെതിരെ 'കൂടുതല്‍ നടപടി' ആവശ്യപ്പെടുകയും ചെയ്തിരുന്നു. ട്രസ് പുറത്താക്കപ്പെട്ട് ആറ് ദിവസത്തിന് ശേഷം ബ്രേവര്‍മാനെ ആഭ്യന്തര സെക്രട്ടറിയായി തിരികെ കൊണ്ടുവന്ന ഋഷി സുനക്കിന്റെ നടപടി അന്നുതന്നെ വിവാദമായിരുന്നു. ഗസയില്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന പ്രകടനങ്ങളെ 'വിദ്വേഷ മാര്‍ച്ചുകള്‍' എന്നാണ് ഇവര്‍ ആവര്‍ത്തിച്ച് മുദ്രകുത്തിയിരുന്നത്.

Next Story

RELATED STORIES

Share it