Sub Lead

''ലിറ്റില്‍ നിര്‍ഭയ കേസില്‍ പോലിസ് തെളിവുകള്‍ കെട്ടിചമച്ചു; പെണ്‍കുട്ടിയുടെ ശരീരത്തില്‍ ബീജം സ്ഥാപിച്ചു''; അഖ്തര്‍ അലിയുടെ വധശിക്ഷ റദ്ദാക്കി സുപ്രിംകോടതി

ലിറ്റില്‍ നിര്‍ഭയ കേസില്‍ പോലിസ് തെളിവുകള്‍ കെട്ടിചമച്ചു; പെണ്‍കുട്ടിയുടെ ശരീരത്തില്‍ ബീജം സ്ഥാപിച്ചു; അഖ്തര്‍ അലിയുടെ വധശിക്ഷ റദ്ദാക്കി സുപ്രിംകോടതി
X

ന്യൂഡല്‍ഹി: ഏഴു വയസുകാരിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസില്‍ കുറ്റാരോപിതന്റെ വധശിക്ഷ സുപ്രിംകോടതി റദ്ദാക്കി. കുറ്റാരോപിതനെ വെറുതെവിട്ട കോടതി തെളിവുകള്‍ കെട്ടിചമച്ച ഉത്തരാഖണ്ഡ് പോലിസിനെ രൂക്ഷമായി വിമര്‍ശിച്ചു. അഖ്തര്‍ അലി എന്നയാളെയാണ് ലിറ്റില്‍ നിര്‍ഭയ എന്നറിയപ്പെടുന്ന കേസില്‍ വെറുതെവിട്ടിരിക്കുന്നത്. അഖ്തര്‍ അലിയെ ഒളിവില്‍ പാര്‍പ്പിച്ചെന്ന് ആരോപിച്ച് സുഹൃത്ത് പ്രേം പാല്‍ വര്‍മയെ ശിക്ഷിച്ച കീഴ്‌ക്കോടതി വിധികളും ജസ്റ്റിസുമാരായ വിക്രംനാഥ്, സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കിയിട്ടുണ്ട്.

''സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള കേസുകളില്‍, തെളിവ് ശൃംഖലയിലെ ഓരോ കണ്ണിയും ദൃഢമായും നിര്‍ണ്ണായകമായും സ്ഥാപിക്കപ്പെടണമെന്നും സംശയത്തിന് ഇടമുണ്ടാകരുതെന്നും നിയമം പറയുന്നു. വിധിയില്‍ രണ്ട് കാഴ്ചപ്പാടുകള്‍ സാധ്യമാകുന്നിടത്ത്, കുറ്റാരോപിതന് അനുകൂലമായ നിലപാട് സ്വീകരിക്കണം. കുറ്റാരോപിതരുടെ ഉദ്ദേശ്യം തെളിയിക്കുന്നതില്‍ ഈ കേസില്‍ പോലിസ് പരാജയപ്പെട്ടു. അഖ്തര്‍ അലിയെ കുട്ടി മരിച്ചിടത്തു കണ്ടുവെന്ന വാദം പൊളിഞ്ഞു. പോലിസ് കൊണ്ടുവന്ന ശാസ്ത്രീയ തെളിവുകള്‍ വിശ്വാസയോഗ്യമല്ല. അവയില്‍ നിരവധി പൊരുത്തക്കേടുകളും പഴുതുകളുമുണ്ട്. ഈ സാഹചര്യത്തില്‍ കീഴ്‌ക്കോടതികള്‍ വധശിക്ഷ വിധിച്ചത് പോലും ശരിയായില്ല.''-സുപ്രിംകോടതി വ്യക്തമാക്കി.

2014 നവംബര്‍ 20ന് ഹല്‍ദ്വാനിയിലെ ഒരു വിവാഹ വേദിയില്‍ നിന്നാണ് പെണ്‍കുട്ടിയെ കാണാതായത്. നാല് ദിവസത്തിന് ശേഷം വിവാഹ വേദിയായ ഷീഷ്മഹലിനടുത്തുള്ള ഗൗള നദീ തീരത്തെ വനത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തി. അഖ്തര്‍ അലി പെണ്‍കുട്ടിയെ വനത്തിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ച് മൃതദേഹം ഇലകളില്‍ പൊതിഞ്ഞ് ഉപേക്ഷിച്ചെന്നാണ് പോലിസ് ആരോപിച്ചത്. 2016 മാര്‍ച്ച് 11ന് ഹല്‍ദ്വാനിയിലെ പ്രത്യേക പോക്‌സോ കോടതി അഖ്തര്‍ അലിയെ വധശിക്ഷയ്ക്ക് വിധിച്ചു. പ്രതിയെ ഒളിവില്‍ പാര്‍പ്പിച്ചെന്നാരോപിച്ച് സുഹൃത്ത് പ്രേം പാല്‍ വര്‍മയേയും ശിക്ഷിച്ചു. ഈ വിധി ഹൈക്കോടതിയും ശരിവച്ചു. തുടര്‍ന്നാണ് ആരോപണ വിധേയര്‍ സുപ്രിംകോടതിയെ സമീപിച്ചത്.

സംഭവം ആരും കണ്ടിട്ടില്ലാത്തതിനാല്‍ കേസ് പൂര്‍ണ്ണമായും സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടന്നതെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷന്‍ മൂന്ന് സാഹചര്യങ്ങളെ ആശ്രയിച്ചു - പ്രതികളുടെ ഉദ്ദേശ്യം, അവസാനമായി കണ്ടത്, ശാസ്ത്രീയ/ഫോറന്‍സിക് തെളിവുകള്‍ (ഡിഎന്‍എ ഉള്‍പ്പെടെ). പെണ്‍കുട്ടിയുടെ മരണം കൊലപാതകമാണെന്ന് ഉറപ്പാണെങ്കിലും അതില്‍ അഖ്തര്‍ ഖാന് പങ്കുണ്ടെങ്കില്‍ ഓരോ കണ്ണിയും സ്വതന്ത്രമായി തെളിയിക്കേണ്ടതുണ്ടെന്ന് സുപ്രിംകോടതി പറഞ്ഞു.

പെണ്‍കുട്ടി കല്യാണവേദിയില്‍ നിന്നും പുറത്തുപോവുന്നത് കണ്ടവരുണ്ടെങ്കിലും അഖ്തര്‍ അലിയുടെ കൂടെ കണ്ടതായി ആരും പറയുന്നില്ലെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. അഖ്തര്‍ അലിക്ക് പീഡന ഉദ്ദേശ്യം ഉള്ളതായി തെളിയിക്കാന്‍ പോലിസിനായില്ല. പെണ്‍കുട്ടിയെ അഖ്തര്‍ അലിയുടെ കൂടെ കണ്ടവര്‍ ആരുമില്ല. വിവാഹസ്ഥലത്ത് അഖ്തര്‍ അലി ഉണ്ടായിരുന്നുവെന്ന് മാത്രമാണ് മൊഴികള്‍ പറയുന്നത്. പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് പെണ്‍കുട്ടിയുടെ തന്നെ ബന്ധുവായ നിഖില്‍ ചാന്ദാണ്. പക്ഷേ, അയാളെ പോലിസ് ചോദ്യം ചെയ്യുകയുണ്ടായില്ല. പോലിസുകാര്‍ പെണ്‍കുട്ടിക്കായി അന്വേഷണം നടത്തുമ്പോള്‍ മറ്റൊരിടത്ത് നിഖില്‍ ചാന്ദ് മൃതദേഹം കണ്ടെത്തിയത് എങ്ങനെയാണെന്ന് പോലിസുകാര്‍ അന്വേഷിച്ചില്ല. ഇതാണ് കേസിലെ ഏറ്റവും നിര്‍ണായകമായ പ്രശ്‌നം. ബോധപൂര്‍വ്വമായ തെളിവ് നശിപ്പിക്കലാണ് ഇത്.

ഡിഎന്‍എ സാമ്പിളുകളുടെ വിശ്വാസ്യത നിയമാനുസൃതമായ അറസ്റ്റിനെയും സാമ്പിളുകള്‍ ശേഖരിക്കുന്നതിനെയും ആശ്രയിച്ചിരിക്കുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു. അഖ്തര്‍ അലിയുടെ അറസ്റ്റില്‍ ഗുരുതരമായ പൊരുത്തക്കേടുകള്‍ കണ്ടെത്തി. ഒരു 'രഹസ്യ സ്രോതസ്' നല്‍കിയ സൂചനയും അദ്ദേഹവുമായി ബന്ധിപ്പിച്ച രണ്ട് മൊബൈല്‍ നമ്പറുകളും ഉപയോഗിച്ച് നവംബര്‍ 27ന് അഖ്തര്‍ അലിയെ ലുധിയാനയില്‍ നിന്ന് അറസ്റ്റ് ചെയ്തതായി പ്രോസിക്യൂഷന്‍ അവകാശപ്പെടുന്നു. പക്ഷേ, പോലിസ് സംഘം ലുധിയാനയിലേക്ക് പോയത് കാണിക്കുന്ന ജനറല്‍ ഡയറി എന്‍ട്രിയോ അറസ്റ്റ് ചെയ്യാനുള്ള അനുമതിയും ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല, പോലിസ് പറയുന്ന ഫോണ്‍ നമ്പറുകള്‍ അലിയുടേതായിരുന്നില്ല. അലിയുടെ അറസ്റ്റിന്റെ സാക്ഷികള്‍ പോലിസുകാര്‍ തന്നെയാണ്. കൂടാതെ അലിയെ കുറിച്ച് വിവരം നല്‍കിയെന്ന് പറയുന്ന ആളുടെ മൊഴി രേഖപ്പെടുത്തുകയോ വിചാരണയില്‍ വിസ്തരിക്കുകയോ ചെയ്തില്ല. ലുധിയാനക്കാരനെന്ന് പറയപ്പെടുന്ന അജ്ഞാതനായ വ്യക്തിക്ക് ബിഹാറുകാരനായ അലിയെ എങ്ങനെ തിരിച്ചറിയാനായെന്നും കോടതി ചോദിച്ചു. ഇതെല്ലാം അറസ്റ്റും ഡിഎന്‍എ സാമ്പിള്‍ ശേഖരണവും കെട്ടുകഥയാക്കി മാറ്റുകയാണ്.

പെണ്‍കുട്ടിയുടെ സ്വകാര്യഭാഗത്തു നിന്നും കണ്ടെത്തിയെന്ന് പറയപ്പെടുന്ന അഖ്തര്‍ അലിയുടെ ബീജം യോനീ സ്രവത്തിലോ മറ്റുഭാഗങ്ങളില്‍ നിന്നുള്ള സാമ്പിളുകളിലോ കാണുന്നില്ല. അഖ്തര്‍ അലിയെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്തതിന് ശേഷം ബീജം ശേഖരിച്ച് പെണ്‍കുട്ടിയുടെ ശരീരത്തില്‍ സ്ഥാപിച്ചുവെന്ന പ്രതിഭാഗം വാദം ഇത് ശരിവയ്ക്കുന്നു.

വധശിക്ഷ വിധിക്കുന്നതിന് മുമ്പ് വിചാരണക്കോടതികളും ഹൈക്കോടതികളും പരമാവധി സൂക്ഷ്മത പാലിക്കേണ്ടതുണ്ടെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചു. വധശിക്ഷ നടപ്പാക്കിയാല്‍ തിരുത്താനാവില്ലെന്ന് മനസിലാക്കണം. പ്രോസിക്യൂഷന്റെ കേസില്‍ ചെറിയ സംശയമോ ബലഹീനതയോ ഉണ്ടെങ്കില്‍ വധശിക്ഷ വിധിക്കരുത്. തെളിവുകളുടെയും നടപടിക്രമങ്ങളുടെയും ഉയര്‍ന്ന നിലവാരം ഉറപ്പാക്കാതെ, തിടുക്കത്തില്‍ അല്ലെങ്കില്‍ യാന്ത്രികമായി വധശിക്ഷ വിധിക്കുന്നത് നിയമവാഴ്ചയെ ദുര്‍ബലപ്പെടുത്തുക മാത്രമല്ല, ഒരു മനുഷ്യജീവനെ വീണ്ടെടുക്കാനാകാത്തവിധം ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് നീതിയെ കുറിച്ച് ഏറ്റവും ഗുരുതരമായ തെറ്റിധാരണകള്‍ക്ക് കാരണമാവുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

Next Story

RELATED STORIES

Share it