Sub Lead

സ്‌കൂളുകളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തിനെതിരേ വന്‍പ്രതിഷേധം

കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച കരട് വിദ്യഭ്യാസ നയത്തിനെതിരേ ട്വിറ്ററില്‍ ആരംഭിച്ച കാംപയ്‌ന് വന്‍ജനപിന്തുണയാണ് ലഭിച്ചത്.

സ്‌കൂളുകളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തിനെതിരേ വന്‍പ്രതിഷേധം
X

ചെന്നൈ: സ്‌കൂളുകളില്‍ ഹിന്ദി നിര്‍ബന്ധ മൂന്നാം ഭാഷയാക്കി മാറ്റരുതെന്നാവശ്യപ്പെട്ട് വന്‍പ്രതിഷേധം. കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച കരട് വിദ്യഭ്യാസ നയത്തിനെതിരേ ട്വിറ്ററില്‍ ആരംഭിച്ച കാംപയ്‌ന് വന്‍ജനപിന്തുണയാണ് ലഭിച്ചത്. തമിഴ്‌നാട്ടില്‍ നിന്നുള്ള രാഷ്ട്രീയ നേതാക്കളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്. മുന്‍ ഐഎസ്ആര്‍ഒ മേധാവി കൃഷ്ണസ്വാമി കസ്തൂരി രംഗന്റെ നേതൃത്വത്തിലുള്ള വിദ്ഗ്ധ പാനലാണ് ഹിന്ദിക്ക് വലിയ പ്രാധാന്യം നല്‍കുന്ന രീതിയിലുള്ള ശുപാര്‍ശ സമര്‍പ്പിച്ചത്.

1968 മുതല്‍ ചില സ്‌കൂളുകള്‍ പിന്തുടരുന്ന ത്രിഭാഷാ സൂത്രവാക്യം തുടരണമെന്ന് കരട് ദേശീയ വിദ്യഭ്യാസ നയം 2019ല്‍ പറയുന്നു. പ്രാഥമിക വിദ്യാഭ്യാസ ഘട്ടം മുതല്‍ തന്നെ മൂന്ന് ഭാഷകളില്‍ കുട്ടികള്‍ക്ക് പ്രാവീണ്യം നല്‍കണമെന്ന് ഇതില്‍ പറയുന്നു.

എട്ടാം ക്ലാസ് വരെ ഹിന്ദി നിര്‍ബന്ധമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാണ് കരുതുന്നത്. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് അവസാനിപ്പിക്കുക എന്ന ഹാഷ്ടാഗില്‍ ആരംഭിച്ച കാംപയ്ന്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയി മാറി. ശനിയാഴ്ച്ച വൈകുന്നേരം 5 മണിയോടെ ഈ ഹാഷ്ടാഗില്‍ ഒരു ലക്ഷത്തിലേറെ ട്വീറ്റുകളാണ് വന്നത്.

പ്രതിഷേധം ശക്തമായതോടെ വിദ്യാഭ്യാസ മന്ത്രി രമേഷ് പൊക്രിയാല്‍ വിശദീകരണവുമായി എത്തി. ഈ നിര്‍ദേശങ്ങള്‍ ഒരു റിപോര്‍ട്ട് മാത്രമാണെന്നും നയമായി പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളില്‍ നിന്ന് പ്രതികരണം തേടിയ ശേഷമേ നയം പ്രഖ്യാപിക്കുകയുള്ളു. ഏതെങ്കിലും സംസ്ഥാനത്തിന്റെ മേല്‍ ഒരു പ്രത്യേക ഭാഷ അടിച്ചേല്‍പ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ നയം നടപ്പാക്കുകയാണെങ്കില്‍ തമിഴ്‌നാട് അത് തള്ളിക്കളയുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി കെ സെന്‍ഗോട്ടയ്യന്‍ പറഞ്ഞു. തമിഴും ഇംഗ്ലീഷും ഉള്‍പ്പെടുന്ന ദ്വിഭാഷാ നയവുമായി തമിഴ്‌നാട് മുന്നോട്ടു പോവുമെന്നും അദ്ദേഹം വ്യക്തമാക്കി.

Next Story

RELATED STORIES

Share it