Sub Lead

വനംവകുപ്പില്‍ കയ്യിട്ടുവാരാന്‍ എന്‍സിപിയിലേക്ക് ചേക്കേറുന്നവര്‍ക്ക് ചുവന്ന പരവതാനി വിരിച്ച് സംസ്ഥാന നേതൃത്വം

ഇത്തരം വനംലോബികള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ നല്‍കുന്നതില്‍ സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോക്കും മന്ത്രി എ കെ ശശീന്ദ്രനും അമിതതാല്‍പര്യമുണ്ടെന്നാണ് ആരോപണം

വനംവകുപ്പില്‍ കയ്യിട്ടുവാരാന്‍ എന്‍സിപിയിലേക്ക് ചേക്കേറുന്നവര്‍ക്ക് ചുവന്ന പരവതാനി വിരിച്ച് സംസ്ഥാന നേതൃത്വം
X

കെപിഒ റഹ്മത്തുല്ല

മലപ്പുറം: ഇടതുസര്‍ക്കാര്‍ രണ്ടാമതും അധികാരത്തിലേറിയപ്പോള്‍ കഴിഞ്ഞ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ വനംവകുപ്പ് എന്‍സിപിക്കാണ് ലഭിച്ചത്. സിപിഐ ആയിരുന്നു ഇതുവരെ വനംവകുപ്പ് കൈകാര്യം ചെയ്തിരുന്നത്. ഇത്തവണ എന്‍സിപി ക്ക് വനംവകുപ്പ് ലഭിച്ചതോടെ ഫോറസ്റ്റ് ലോബികള്‍ എന്‍സിപി യിലേക്ക് ചേക്കേറാന്‍ തുടങ്ങി. ഇത്തരം വനംലോബികള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ നല്‍കുന്നതില്‍ സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോക്കും മന്ത്രി എ കെ ശശീന്ദ്രനും അമിതതാല്‍പര്യമുണ്ടെന്നാണ് ആരോപണം. നിലമ്പൂരില്‍ മുന്‍കാലങ്ങളില്‍ മരംമുറികേസിലും വനംകയ്യേറ്റത്തിലും പങ്കാളികളായ നിരവധി കോണ്‍ഗ്രസുകാരാണ് ഇപ്പോള്‍ എന്‍സിപിയിലേക്ക് ചേക്കേറുന്നത്. മരംകടത്തല്‍ നടത്തിയവര്‍ മാത്രമല്ല ഇതിന് ആവശ്യമായ സഹായം നല്‍കുന്നവരുമാണ് ഇപ്പോള്‍ എന്‍സിപിയിലേക്ക് വരുന്നവരിലധികവും എന്നും പറയപ്പെടുന്നു. എന്‍സിപി ക്ക് വനംവകുപ്പ് കിട്ടിയതിനുശേഷമാണ് ഇത്തരം ആളുകളുടെ പാര്‍ട്ടിയിലേക്കുള്ള കടന്നുവരവ്. വളാഞ്ചേരിയില്‍ രണ്ട് സഹോദരന്മാര്‍ തമ്മില്‍ തര്‍ക്കം ഉണ്ടായപ്പോള്‍ പറമ്പില്‍ നിന്നിരുന്ന ചന്ദനമരം മുറിച്ച് കടത്തി എന്നാരോപിച്ച് ഒരാള്‍ പോലീസില്‍ പരാതി നല്‍കി.

ആ പരാതി പിന്നീട് ഫോറസ്റ്റില്‍ എത്തുകയും ചെയ്തു. ഈ കേസ് പൈസവാങ്ങി ഒത്തുതീര്‍ക്കാന്‍ മുന്‍പന്തിയില്‍ നിന്നത് ഒരു എംഎല്‍എയുടെ ബന്ധുവും എന്‍സിപി സംസ്ഥാന സെക്രട്ടറിയായി പാര്‍ട്ടിയില്‍ വന്ന ആളുമാണ്. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് ഇവര്‍ക്ക് എന്‍സിപി സംസ്ഥാന നേതൃത്വം പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നാണ് അറിവ്. പല പാര്‍ട്ടി പരിപാടികള്‍ക്കും നേതാക്കള്‍ക്കും ആവശ്യമായ ഫണ്ട് വരുന്നത് ഇവരില്‍ നിന്നാണ് എന്നും പറയുന്നു. സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോയും മന്ത്രിയും ഇത്തരം തെറ്റായ പ്രവണതകളെ കണ്ടില്ലെന്ന് നടിക്കുന്നതിന് പിന്നിലും ദുരൂഹതയുണ്ടെന്ന് ആരോപിക്കുന്നു. വനത്തിലെ കാലപ്പഴക്കം ചെന്ന മരങ്ങള്‍ മുറിച്ച് ഡെപ്പോകളില്‍ എത്തിക്കുന്നത് നിലവില്‍ ചില കരാറുകാരാണ്. ടെന്‍ഡര്‍ വിളിച്ചാണ് ഇത്തരം കരാറുകള്‍ നല്‍കാറുള്ളത്. എന്നാല്‍ ഇപ്പോള്‍ കരാറുകാര്‍ ഒന്നിക്കുകയും പരസ്പരം പങ്കിടുകയുമാണ് ചെയ്യുന്നത്. ഇതുവഴി സര്‍ക്കാരിന് വന്‍നഷ്ടവുമാണ് ഉണ്ടാക്കിവെക്കുന്നത്. ഇതിന് ഇടനിലക്കാരായി വരുന്നവരാകട്ടെ ഇപ്പോള്‍ എന്‍സിപി യില്‍ കുടിയേറിയവരും. വനംസംരക്ഷണ സമിതിയെ നോക്കുകുത്തിയാക്കിയാണ് ഇവര്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. സിപിഐ യുടെ നിയന്ത്രണത്തിലുള്ള ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സംഘടന ഇപ്പോള്‍ എന്‍സിപി യിലേക്ക് ചേക്കേറിയതിനും പിന്നില്‍ മറ്റൊന്നുമല്ല.

ഇത്തരം ഫോറസ്റ്റ് ലോബികള്‍ പാര്‍ട്ടിയിലേക്ക് കടന്നുവരുന്നതില്‍ എന്‍സിപി ക്കുള്ളിലും ശക്തമായ എതിര്‍പ്പുണ്ട്. പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന പ്രവര്‍ത്തികളില്‍ നിന്ന് പാര്‍ട്ടി നേതൃത്വം പിന്മാറണമെന്നാണ് ഇവരുടെ ആവശ്യം. സര്‍ക്കാരിനെ കളങ്കപ്പെടുത്തുന്ന തരത്തില്‍ ഘടകകക്ഷി പ്രവര്‍ത്തിക്കുന്നതില്‍ സിപിഎമ്മിനും അതൃപ്തിയുണ്ട്. മുട്ടില്‍മരം മുറിക്കേസും മുല്ലപ്പെരിയാര്‍ മരം മുറിക്കാനുള്ള അനുമതിയും സര്‍ക്കാരിന് നാണക്കേടുണ്ടാക്കിയതിന് പിന്നാലെയാണ് വനംവകുപ്പിലെ പുതിയ നീക്കങ്ങള്‍ എന്നത് സിപിഎമ്മിനെ അലോസരപ്പെടുത്തുമുണ്ട്.

Next Story

RELATED STORIES

Share it