Sub Lead

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം;കേരള മുസ്‌ലിം ജമാഅത്ത് പ്രക്ഷോഭത്തിലേക്ക്

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ സസ്‌പെന്‍ഷനിലായ ശ്രീറാമിനെ എപി സുന്നി വിഭാഗത്തിന്റേതടക്കമുള്ള ശക്തമായ എതിര്‍പ്പുകള്‍ അവഗണിച്ചാണ് അന്ന് സര്‍ക്കാര്‍ സര്‍വീസില്‍ തിരിച്ചെടുത്തത്. തുടര്‍ന്ന് കൊവിഡ് ഡാറ്റ മാനേജ്‌മെന്റ് ഓഫിസറുടെ പ്രധാന തസ്തികയില്‍ നിയമിച്ചു. നരഹത്യാ കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെ ശ്രീറാമിനെ ജില്ലാ മജിസ്‌ട്രേറ്റിന്റെ കൂടി അധികാരമുള്ള ജില്ലാ കലക്ടറായി ആലപ്പുഴയില്‍ നിയമിച്ചത് സര്‍ക്കാരിനെ പിന്തുണക്കുന്ന കാന്തപുരം സുന്നി വിഭാഗത്തിനാണ് കനത്ത ആഘാതമായത്

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം;കേരള മുസ്‌ലിം ജമാഅത്ത് പ്രക്ഷോഭത്തിലേക്ക്
X

സ്വന്തം പ്രതിനിധി

മലപ്പുറം:സിറാജ് ദിനപ്പത്രം തിരുവനന്തപുരം ബ്യൂറോ ചീഫും പ്രമുഖ നേതാവിന്റെ മകനുമായിരുന്ന കെഎം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ കലക്ടറായി നിയമിച്ച നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ അധ്യക്ഷനായ കേരള മുസ്‌ലിം ജമാഅത്ത് പരസ്യ പ്രക്ഷോഭത്തിലേക്ക്.ഇതുസംബന്ധിച്ച് ഇന്ന് വൈകീട്ട് പ്രഖ്യാപനമുണ്ടാവുമെന്ന് സംഘടനയുടെ ഉന്നത നേതാവ് തേജസ് ന്യൂസിനോട് പറഞ്ഞു.

സെക്രട്ടറിയേറ്റ് മാര്‍ച്ച് അടക്കമുള്ള സമര പരിപാടികളാണ് ആലോചിക്കുന്നത്. സാധാരണ ഗതിയില്‍ എസ്‌വൈഎസ് ആണ് പൊതു വിഷയങ്ങളില്‍ സമര രംഗത്തിറങ്ങാറുള്ളതെങ്കിലും കെഎം ബഷീറുമായി ബന്ധപ്പെട്ട പ്രക്ഷോഭം മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ നേരിട്ട് നടത്താനാണു തീരുമാനം.

അതേസമയം, ശ്രീറാം വെങ്കിട്ടരാമന്റെ പുതിയ നിയമനം സര്‍ക്കാര്‍ പുനപരിശോധിക്കുമെന്ന പ്രചാരണങ്ങളുമുണ്ട്. ഇക്കാര്യത്തില്‍ സിപിഎം നേതൃത്വം എപി സുന്നി നേതൃത്വവുമായി ആശയ വിനിമയം നടത്തിയെന്നാണു സൂചന.

ശ്രീറാം വെങ്കട്ടരാമിനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച നടപടി സര്‍ക്കാരിനെയെന്ന പോലെ എപി സുന്നി വിഭാഗത്തെയും കടുത്ത പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സര്‍ക്കാരിലും മുഖ്യമന്ത്രിയിലും ഉയര്‍ന്ന സ്വാധീനമുള്ള സംഘടനക്കേറ്റ കനത്ത പ്രഹരമായാണ് ശ്രീറാമിനെ കലക്ടറാക്കിയ സര്‍ക്കാര്‍ നടപടി വിലയിരുത്തപ്പെടുന്നത്.സര്‍ക്കാരിനെതിരെ എപി സുന്നി അണികള്‍ സാമൂഹിക മാധ്യമങ്ങളില്‍ പരസ്യ പ്രതിഷേധവുമായി രംഗത്തുണ്ട്.

കെഎം ബഷീര്‍ ദാരുണമായി കൊല്ലപ്പെട്ട നരഹത്യാ കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് ജില്ലാ മജിസ്‌ട്രേറ്റിന്റെ കൂടി അധികാരമുള്ള ജില്ലാ കലക്ടറുടെ തസ്തികയില്‍ ഒന്നാം പ്രതി നിയമിതനായത്.

2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ 1.30 നാണ് തിരുവനന്തപുരം പബ്ലിക് ഓഫിസിനു സമീപം വെച്ച് സിറാജ് പത്രം ബ്യൂറോ ചീഫ് ആയിരുന്ന കെഎം ബഷീര്‍ ശ്രീറാം ഓടിച്ച കാറിടിച്ച് കൊലപ്പെട്ടത്.അപകടം നടക്കുമ്പോള്‍ മദ്യലഹരിയിലായിരുന്ന ശ്രീറാമിനൊപ്പം സുഹൃത്ത് വഫയുമുണ്ടായിരുന്നു. അമിത വേഗത്തിലെത്തിയ കാര്‍ കെഎം ബഷീറിനെ ഇടിച്ചിട്ടശേഷം പബ്ലിക് ഓഫിസിന്റെ മതിലില്‍ ഇടിച്ചാണ് നിന്നത്.

മാധ്യമ ലോകവും പൊതു സമൂഹവും ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തിയ കേസില്‍ തുടക്കം മുതല്‍ അട്ടിമറികളാണ് അരങ്ങേറിയത്. അപകട ശേഷം ഡ്രൈവിങ് സീറ്റില്‍ നിന്ന് ശ്രീറാം വെങ്കിട്ടരാമന്‍ പുറത്തേക്കിറങ്ങി ബഷീറിന്റെ മൃതദേഹം റോഡിലേക്ക് മാറ്റിക്കിടത്തിയെന്നും ആ സമയം ശ്രീറാം മദ്യലഹരിയിലായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പോലിസിന് മൊഴി നല്‍കിയിരുന്നു.എന്നാല്‍,മദ്യലഹരിയില്‍ വാഹനമോടിച്ചിരുന്ന ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന നടത്താതെ സ്വകാര്യ ആശുപത്രിയില്‍ അഭയം തേടാന്‍ പോലിസ് സൗകര്യമൊരുക്കി.രക്തപരിശോധന വൈകിപ്പിക്കാനും രക്തത്തില്‍ മദ്യത്തിന്റെ അംശം കാണപ്പെടുന്നത് ഒഴിവാക്കാനും സംഘടിത നീക്കം നടന്നു.

പോലീസുമായി ഒത്തുകളിച്ച് രക്തസാമ്പിള്‍ പരിശോധനക്ക് സമ്മതിക്കാതെ കിംസ് സ്വകാര്യ ആശുപത്രിയിലേക്ക് രക്ഷപ്പെട്ട ശ്രീറാമിന്റെ തന്ത്രം വിജയിച്ചു. അടുത്ത ദിവസം രാവിലെ ശ്രീറാമിന്റെ രക്തസാമ്പിള്‍ എടുത്തെങ്കിലും മണിക്കൂറുകള്‍ വൈകിയുള്ള രക്ത പരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ല.

അമിത വേഗമാണ് അപകട കാരണമെന്നും മദ്യപിച്ചുള്ള വാഹനമോടിക്കലും തെളിവു നശിപ്പിക്കലും ഉള്‍പ്പടെയുള്ള കുറ്റങ്ങളും ചുമത്തി കഴിഞ്ഞ ഫെബ്രുവരിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.എന്നാല്‍ വിവിധ തടസവാദങ്ങള്‍ ഉന്നയിച്ച് കോടതി നടപടികള്‍ നീട്ടിക്കൊണ്ടുപോകുന്ന തന്ത്രമാണ് ശ്രീരാം വെങ്കിട്ടരാമന്‍ സ്വീകരിച്ചത്.പലവട്ടം നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടെങ്കിലും വിവിധ ഒഴിവുകള്‍ പറഞ്ഞ് മാറിപ്പോകുകയായിരുന്നു. രണ്ടാം പ്രതിയായ വഫ വിടുതല്‍ ഹരജി നല്‍കിയതും വിചാരണ വൈകിപ്പിക്കാനുള്ള തന്ത്രമായിരുന്നു.

ആറുമാസത്തെ സസ്‌പെന്‍ഷനു ശേഷം ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.ശ്രീറാമിനെതിരെ തെളിവില്ലെന്നും സര്‍വീസില്‍ തിരിച്ചെടുക്കണമെന്നും ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, വിവാദമായതോടെ സസ്‌പെന്‍ഷന്‍ മൂന്ന് മാസത്തേക്കു കൂടി നീട്ടി. സിറാജ് മാനേജ്‌മെന്റും കേരള പത്രപ്രവര്‍ത്തക യൂണിയനും മുഖ്യമന്ത്രിയെ കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാരും ശക്തമായ പ്രതിഷേധം അറിയിച്ചതിനെ തുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ റിപോര്‍ട്ട് തളളി ശ്രീറാം വെങ്കിട്ടരാമന്റെ സസ്‌പെന്‍ഷന്‍ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി.

ഏഴരമാസത്തെ സസ്‌പെന്‍ഷനു ശേഷം കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിലെ വിവിധ വിഭാഗങ്ങളുടെ ഏകോപനച്ചുമതല നല്‍കി സര്‍ക്കാര്‍ ശ്രീറാമിനെ തിരിച്ചെടുത്തു.കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗമാണ് ശ്രീറാമിനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചത്. പിണറായി സര്‍ക്കാരില്‍ കാന്തപുരത്തിന് നിര്‍ണ്ണായക സ്വാധീനം നിലനില്‍ക്കെയാണ് നിയമവാഴ്ചയെ തന്നെ വെല്ലു വിളിക്കുന്ന വിധം നരഹത്യാ കേസിലെ പ്രധാന പ്രതിയായ ആള്‍ ജില്ലാ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടിന്റെ ചുമതലയില്‍ നിയമിതനാവുന്നത്. ഇതോടെ ബഷീര്‍ കേസിലെ നിര്‍ഭയവും സുതാര്യവുമായ വിചാരണ അട്ടിമറിക്കപ്പെടുമെന്ന ആശങ്ക വര്‍ധിച്ചു.


Next Story

RELATED STORIES

Share it