Sub Lead

കശ്മീരിലെ ജാമിഅ് മസ്ജിദ് പോലിസ് പൂട്ടി; ശഅബാന്‍ 15ന്റെ പ്രാര്‍ത്ഥനക്കെത്തിയവരെ പുറത്താക്കി

കശ്മീരിലെ ജാമിഅ് മസ്ജിദ് പോലിസ് പൂട്ടി; ശഅബാന്‍ 15ന്റെ പ്രാര്‍ത്ഥനക്കെത്തിയവരെ പുറത്താക്കി
X

ശ്രീനഗര്‍: ശഅബാന്‍ 15ന്റെ പ്രാര്‍ത്ഥനകള്‍ക്കെത്തിയ വിശ്വാസികളെ ശ്രീനഗറിലെ ജാമിഅ് മസ്ജിദില്‍ നിന്നും പോലിസ് പുറത്താക്കി. തുടര്‍ന്ന് മസ്ജിദിന്റെ ഗെയ്റ്റുകള്‍ പൂട്ടി. ഇന്നലെ രാവിലെ തന്നെ മസ്ജിദിലെ ഇമാമായ മിര്‍വായിസ് ഉമര്‍ ഫാറൂഖിനെ വീട്ടുതടങ്കലില്‍ ആക്കിയിരുന്നു. മസ്ജിദില്‍ രാത്രി പ്രാര്‍ത്ഥനകള്‍ നടത്താന്‍ അനുവദിക്കില്ലെന്ന് പോലിസ് പറഞ്ഞതായി മസ്ജിദിന്റെ പരിപാലന ചുമതലയുള്ള കമ്മിറ്റി അറിയിച്ചു.

'' മതപരമായ പ്രധാന സമയങ്ങളില്‍ നിരവധി പേര്‍ എത്തുമ്പോഴെല്ലാം ആളുകളെ പുറത്താക്കുന്നതും മസ്ജിദ് പൂട്ടുന്നതും മിര്‍വായിസ് ഉമര്‍ ഫാറുഖിനെ മതപരമായ കടമകളില്‍ നിന്ന് തടയുന്നതും ദൗര്‍ഭാഗ്യകരമാണ്. നിരന്തരമായ ഇത്തരം നിയന്ത്രണങ്ങള്‍ മതവികാരത്തെ വ്രണപ്പെടുത്തുന്നതിനൊപ്പം അടിസ്ഥാന അവകാശങ്ങള്‍ ലംഘിക്കുകയും ചെയ്യുന്നു.'' കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

മസ്ജിദ് അടച്ചുപൂട്ടിയ നടപടി നിര്‍ഭാഗ്യകരമാണെന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല പറഞ്ഞു. ജനങ്ങളിലും ക്രമസമാധാന സംവിധാനങ്ങളിലുമുള്ള വിശ്വാസക്കുറവാണ് ഈ തീരുമാനം വെളിപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. മസ്ജിദില്‍ ശഅബാന്‍ 15ലെ പ്രാര്‍ത്ഥനകള്‍ക്ക് 2019 മുതല്‍ പോലിസ് അനുമതി നല്‍കിയിട്ടില്ല. വിഷയത്തില്‍ പ്രതികരിക്കാന്‍ പോലിസ് തയ്യാറായില്ല. എന്നാല്‍, ഈ അനുഗ്രഹീത രാത്രി എല്ലാവര്‍ക്കും ഐക്യവും സന്തോഷവും സമൃദ്ധിയും നല്‍കട്ടെയെന്ന് കശ്മീര്‍ സോണ്‍ പോലിസ് സാമൂഹിക മാധ്യമമായ എക്‌സില്‍ പോസ്റ്റിട്ടു.

Next Story

RELATED STORIES

Share it