Sub Lead

ജാരവൃത്തി കുറ്റകരമല്ലെന്ന സുപ്രിംകോടതി വിധി വിവാഹേതര ബന്ധങ്ങള്‍ക്കുള്ള ലൈസന്‍സല്ല: ഡല്‍ഹി ഹൈക്കോടതി; പങ്കാളിയുടെ കാമുകനോ കാമുകിക്കോ എതിരെ സിവില്‍ നടപടികള്‍ സ്വീകരിക്കാം

ജാരവൃത്തി കുറ്റകരമല്ലെന്ന സുപ്രിംകോടതി വിധി വിവാഹേതര ബന്ധങ്ങള്‍ക്കുള്ള ലൈസന്‍സല്ല: ഡല്‍ഹി ഹൈക്കോടതി; പങ്കാളിയുടെ കാമുകനോ കാമുകിക്കോ എതിരെ സിവില്‍ നടപടികള്‍ സ്വീകരിക്കാം
X

ന്യൂഡല്‍ഹി: ജാരവൃത്തി ക്രിമിനല്‍ നിയമപ്രകാരം കുറ്റകരമല്ലെങ്കിലും സിവില്‍ നിയമപ്രകാരം നടപടി സ്വീകരിക്കാവുന്ന കാര്യമാണെന്ന് ഡല്‍ഹി ഹൈക്കോടതി. ജീവിതപങ്കാളിയുടെ കാമുകനില്‍ നിന്നോ കാമുകിയില്‍ നിന്നോ ഒരാള്‍ക്ക് നഷ്ടപരിഹാരം തേടാവുന്നതാണെന്നും ജസ്റ്റിസ് പുരുഷേന്ദ്ര കുമാര്‍ കൗരവ് പറഞ്ഞു. അതായത്, വിവാഹബന്ധം തകര്‍ക്കാവുന്ന രീതിയില്‍ ഇടപെട്ടതിന് നഷ്ടപരിഹാരം ആവശ്യപ്പെടാം.

ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് മനസിലാക്കിയ ഷെല്ലി എന്ന സ്ത്രീ നല്‍കിയ സിവില്‍ കേസ് സിവില്‍ കോടതി തള്ളിയിരുന്നു. ഇത്തരം കേസുകള്‍ നിയമപരമായി നിലനില്‍ക്കുന്നതല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്. തുടര്‍ന്നാണ് അപ്പീലുമായി അവര്‍ ഹൈക്കോടതിയെ സമീപിച്ചത്. തന്റെ ഭര്‍ത്താവിന് ഭാനുശ്രീ എന്ന യുവതിയുമായി ബന്ധമുണ്ടെന്നും ഭര്‍ത്താവ് ഇപ്പോള്‍ തന്നെ സ്‌നേഹിക്കുന്നില്ലെന്നും ഷെല്ലി ചൂണ്ടിക്കാട്ടി. ഭര്‍ത്താവ് വിവാഹമോചനത്തിന് ഹരജി ഫയല്‍ ചെയ്തിട്ടുണ്ട്. ഭര്‍ത്താവിന് തന്നോടുള്ള സ്‌നേഹം ഇല്ലാതാക്കിയ ഭാനുശ്രീയില്‍ നിന്നും കൂടി തനിക്ക് നഷ്ടപരിഹാരം വേണമെന്നാണ് ഷെല്ലി ആവശ്യപ്പെട്ടത്. താനും ഭര്‍ത്താവും തമ്മിലുള്ള സ്‌നേഹബന്ധത്തില്‍ അകല്‍ച്ചയുണ്ടാക്കാന്‍ ഭാനുശ്രീ ശ്രമിച്ചതിനാല്‍ നഷ്ടപരിഹാരം വേണമെന്ന് ഷെല്ലി വാദിച്ചു. ഈ വാദം ശരിയായ വാദമാണെന്നാണ് ജസ്റ്റിസ് പുരുഷേന്ദ്ര കുമാര്‍ കൗരവ് അഭിപ്രായപ്പെട്ടത്. ''ഒരു ഇണയ്ക്ക് മറ്റേ ഇണയോട് കൂട്ടായ്മ, അടുപ്പം, കൂട്ടുകെട്ട് എന്നിവയാല്‍ ബന്ധിപ്പിക്കപ്പെട്ട താല്‍പര്യം ഉണ്ടായിരിക്കണമെന്ന് കരുതപ്പെടുന്നു. ഒരു ഇണയുടെ വാല്‍സല്യത്തിന് മറ്റേ ഇണയ്ക്ക് നിയമപരമായ അര്‍ഹതയുള്ളതിനാല്‍ അത് തകര്‍ക്കാന്‍ ശ്രമിക്കുന്നത് സിവില്‍ നിയമപ്രകാരമുള്ള കുറ്റമാണ്. അത്തരം കേസുകള്‍ കുടുംബകോടതികള്‍ അല്ല സിവില്‍ കോടതികളാണ് കേള്‍ക്കേണ്ടത്.''-ജസ്റ്റിസ് പുരുഷേന്ദ്ര കുമാര്‍ കൗരവ് പറഞ്ഞു.

ജാരവൃത്തി ക്രിമിനല്‍ കുറ്റമല്ലെന്ന ജോസഫ് ഷൈന്‍ കേസിലെ സുപ്രിംകോടതി വിധി സിവില്‍ കോടതി നടപടികള്‍ക്ക് തടസമല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ''ജോസഫ് ഷൈന്‍ കേസിലെ സുപ്രിംകോടതി വിധി വ്യഭിചാരത്തെ കുറ്റകരമല്ലാതാക്കി; എന്നാല്‍, സിവില്‍ അല്ലെങ്കില്‍ നിയമപരമായ പ്രത്യാഘാതങ്ങളില്ലാതെ വിവാഹത്തിനപ്പുറം അടുത്ത ബന്ധങ്ങളില്‍ ഏര്‍പ്പെടാനുള്ള ലൈസന്‍സ് അത് സൃഷ്ടിച്ചില്ല... വ്യക്തിസ്വാതന്ത്ര്യം വിനിയോഗിക്കുന്നത് കുറ്റകരമല്ല, അതിനാല്‍ സര്‍ക്കാരിന്റെ ക്രിമിനല്‍ വിചാരണ ആവശ്യമില്ല. പക്ഷേ, അത്തരം ബന്ധങ്ങള്‍ സിവില്‍ പ്രത്യാഘാതങ്ങള്‍ക്ക് കാരണമായേക്കാം.''-കോടതി വിശദീകരിച്ചു.

Next Story

RELATED STORIES

Share it