Sub Lead

സുരക്ഷാ വീഴ്ച; സ്‌പൈസ് ജെറ്റിന്റെ സര്‍വീസ് പകുതിയായി വെട്ടിക്കുറച്ചു

സുരക്ഷാ വീഴ്ച; സ്‌പൈസ് ജെറ്റിന്റെ സര്‍വീസ് പകുതിയായി വെട്ടിക്കുറച്ചു
X

ന്യൂഡല്‍ഹി: സുരക്ഷാ വീഴ്ച മുന്‍നിര്‍ത്തി സ്വകാര്യ വിമാന കമ്പനിയായ സ്‌പൈസ് ജെറ്റിന്റെ 50 ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റേതാണ് ഉത്തരവ്. രണ്ട് മാസത്തേക്കാണ് ശിക്ഷാനടപടി. എന്നാല്‍, യാത്രാ സീസണ്‍ അല്ലാത്തതിനാല്‍ നടപടി ബാധിക്കില്ലെന്നും വിമാനങ്ങളൊന്നും റദ്ദാക്കേണ്ടിവരില്ലെന്നും സ്‌പൈസ് ജെറ്റ് അറിയിച്ചു. വിവിധ പരിശോധനകളുടെയും കാരണം കാണിക്കലിനുള്ള സ്‌പൈസ് ജെറ്റിന്റെ മറുപടിയുടെയും അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഡിജിസിഎ ഉത്തരവില്‍ പറയുന്നു.

സുരക്ഷിതവും കാര്യക്ഷമവും വിശ്വസനീയവുമായ സര്‍വീസ് നടത്തുന്നതില്‍ സ്‌പൈസ് ജെറ്റ് പരാജയപ്പെട്ടു. ഈ പ്രവണതയെ തടയാന്‍ എയര്‍ലൈന്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. സുരക്ഷിതവും വിശ്വസനീയവുമായ വിമാന സര്‍വീസ് ഒരുക്കുന്നതിന്റെ ഭാഗമായാണ് ഉത്തരവെന്നും ഡിജിസിഐ പറയുന്നു. തുടര്‍ച്ചയായി സാങ്കേതിക പ്രശ്‌നങ്ങള്‍ ആവര്‍ത്തിച്ച സാഹചര്യത്തിലാണ് ഡിജിസിഎ കടുത്ത നടപടികളിലേക്ക് നീങ്ങിയത്. അടുത്ത എട്ടാഴ്ച സ്‌പൈസ് ജെറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ഡിജിസിഎ നിരീക്ഷിക്കും. ഇതിന്റെ അടിസ്ഥാനത്തിലാവും തുടര്‍നടപടികള്‍. 50 ശതമാനത്തില്‍ സര്‍വീസുകള്‍ പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ ഡിജിസിഐയുടെ ഭാഗത്തുനിന്ന് അനുകൂല റിപോര്‍ട്ടുണ്ടാവണം.

സമീപകാലത്ത് ഒരു എയര്‍ലൈന്‍സ് അഭിമുഖീകരിക്കുന്ന ഏറ്റവും കര്‍ശനമായ നടപടിയാണിത്. കഴിഞ്ഞ 18 ദിവസത്തിനിടെ എട്ടുതവണ സ്‌പൈസ് ജെറ്റ് വിമാനങ്ങളില്‍ സാങ്കേതിക തകരാറുണ്ടായി. സംഭവങ്ങള്‍ ആവര്‍ത്തിച്ചതോടെ, സ്‌പൈസ് ജെറ്റിന് ഡിജിസിഎ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. സ്‌പൈസ് ജെറ്റിന്റെ 48 വിമാനങ്ങളില്‍ ഈ മാസം ഒമ്പതിനും 13നും ഇടയില്‍ ഡിജിസിഎ പരിശോധനയും നടത്തിയിരുന്നു.

ഞങ്ങള്‍ക്ക് ഡിജിസിഎയുടെ ഉത്തരവ് ലഭിച്ചു. അവരുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കും. സീസണല്ലാത്തതിനാല്‍ സര്‍വീസ് വെട്ടിക്കുറച്ചത് തങ്ങളെ ബാധിക്കില്ല. വരും ദിവസങ്ങളിലും ആഴ്ചകളിലും തങ്ങളുടെ വിമാനങ്ങള്‍ ഷെഡ്യൂള്‍ അനുസരിച്ച് പ്രവര്‍ത്തിക്കും. തങ്ങളുടെ യാത്രക്കാര്‍ക്കും യാത്രാ പങ്കാളികള്‍ക്കും ഇത് ഉറപ്പുനല്‍കുന്നു. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഫ്‌ളൈറ്റ് റദ്ദാക്കലുണ്ടാവില്ല. സുരക്ഷാ വീഴ്ച സംബന്ധിച്ച പ്രവണത തടയാന്‍ സ്‌പൈസ് ജെറ്റ് നടപടികള്‍ കൈക്കൊള്ളുന്നുവെന്ന ഡിജിസിഎയുടെ നിരീക്ഷണം ഏറെ പ്രോല്‍സാഹജനകമാണ്. തങ്ങള്‍ റെഗുലേറ്ററിന്റെ അടുത്ത മാര്‍ഗനിര്‍ദേശത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കും- സ്‌പൈസ് ജെറ്റ് പറയുന്നു.

Next Story

RELATED STORIES

Share it