Big stories

വിദഗ്ധ ചികില്‍സ: സിദ്ദീഖ് കാപ്പനെ ഡല്‍ഹി എയിംസിലേക്കു മാറ്റി

വിദഗ്ധ ചികില്‍സ: സിദ്ദീഖ് കാപ്പനെ ഡല്‍ഹി എയിംസിലേക്കു മാറ്റി
X

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് പോലിസ് കള്ളക്കേസ് ചുമത്തി ജയിലിലടച്ച മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ വിദഗ്ധ ചികില്‍സയ്ക്കായി ഡല്‍ഹി എയിംസി(ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്)ലേക്ക് മാറ്റി. സുപ്രിം കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.

സിദ്ദീഖ് കാപ്പനോടൊപ്പം ഒരു ഡെപ്യൂട്ടി ജയിലറെയും മെഡിക്കല്‍ ഓഫിസറെയും നിയോഗിച്ചിട്ടുണ്ട്. സിദ്ദീഖ് കാപ്പനെ ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് സുപ്രിം കോടതി ഉത്തരവ് പുറപ്പെടുവിച്ച് രണ്ടു ദിവസത്തിന് ശേഷമാണ് എയിംസിലേക്ക് മാറ്റിയത്. ഹാഥ്‌റസില്‍ ദലിത് യുവതിയെ സവര്‍ണര്‍ കൂട്ടബലാല്‍സംഗം ചെയ്ത് നാവറുത്ത് കൊലപ്പെടുത്തിയ സംഭവം റിപോര്‍ട്ട് ചെയ്യാന്‍ വേണ്ടി പോവുന്നതിനിടെയാണ് കേരള പത്രപ്രവര്‍ത്തക യൂനിയന്‍(കെയുഡബ്ല്യുജെ) ഡല്‍ഹി ഘടകം സെക്രട്ടറിയായ സിദ്ദീഖ് കാപ്പനെയും കാംപസ് ഫ്രണ്ട് ഭാരവാഹികളെയും യുപി പോലിസ് കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്തത്. മഥുര പോലിസ് അറസ്റ്റ് ചെയ്ത ഇവര്‍ക്കെതിരേ യുഎപിഎ ചുമത്തുകയായിരുന്നു. അഴിമുഖം ഓണ്‍ലൈന്‍ പോര്‍ട്ടലിനു വേണ്ടി വാര്‍ത്താശേഖരണാര്‍ത്ഥം ഹാഥ്‌റസിലേക്കു പോയ സിദ്ദീഖ് കാപ്പനെതിരായ യുപി പോലിസിന്റെ നടപടിക്കെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഇതിനിടെ, കൊവിഡ് ബാധിച്ച സിദ്ദീഖ് കാപ്പന് മഥുര ആശുപത്രിയില്‍ ശുചിമുറിയില്‍ പോവാന്‍ പോലും അനുവദിക്കാതെ ചങ്ങലയില്‍ ബന്ധിച്ച് ക്രൂരപീഡനം ഏല്‍പ്പിക്കുന്നതായി ഭാര്യ വെളിപ്പെടുത്തിയതോടെ വിദഗ്ധ ചികില്‍സ നല്‍കണമെന്ന് ആവശ്യമുയര്‍ന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കേരളത്തിലെ 11 യുഡിഎഫ് എംപിമാര്‍ വിദഗ്ധ ചികില്‍സ നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതി ചീഫ് ജസ്റ്റിസിനും കത്തെഴുതി. കെയുഡബ്ല്യുജെയും സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്തും സുപ്രിംകോടതിയെ സമീപിച്ചു. ഹരജി പരിഗണിച്ചാണ് സിദ്ദീഖ് കാപ്പനെ ഡല്‍ഹിയിലെ എയിംസിലോ ആര്‍എംഎല്‍ ആശുപത്രിയിലോ മാറ്റണമെന്ന് ഉത്തരവിട്ടത്. സിദ്ദിഖ് കാപ്പനെ യുപിയില്‍ നിന്നും പുറത്ത് കൊണ്ടുപോവുന്നതിനെ ശക്തമായി എതിര്‍ത്ത സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദങ്ങളെല്ലാം തള്ളിയാണ് ചീഫ് ജസ്റ്റിസ് രമണ ഉള്‍പ്പെട്ട ബെഞ്ചിന്റെ നടപടി.

Specialist treatment: Siddique Kappan shifted to Delhi AIIMS

Next Story

RELATED STORIES

Share it