Sub Lead

ബംഗാളില്‍ ഇടതുകക്ഷികള്‍ക്കൊപ്പം സഹകരിക്കാന്‍ കോണ്‍ഗ്രസിനു സോണിയയുടെ നിര്‍ദേശം

ബംഗാളില്‍ ഇടതുകക്ഷികള്‍ക്കൊപ്പം സഹകരിക്കാന്‍ കോണ്‍ഗ്രസിനു സോണിയയുടെ നിര്‍ദേശം
X

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിനും ബിജെപിക്കുമെതിരേ ഇടതുമുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ് നേതാക്കളോട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടതായി മുതിര്‍ന്ന നേതാവും ബംഗാള്‍ പ്രതിപക്ഷ നേതാവുമായ അബ്ദുല്‍ മന്നാന്‍. സോണിയയുടെ വസതിയില്‍ വ്യാഴാഴ്ച രണ്ടുതവണ ചര്‍ച്ച നടത്തുകയും ബംഗാളിലെ രാഷ്ട്രീയ സ്ഥിതിഗതികളെ കുറിച്ച് വിലയിരുത്തുകയും ചെയ്ത ശേഷമാണ് നിര്‍ദേശം നല്‍കിയത്. ബംഗാളില്‍ കോണ്‍ഗ്രസ് ദുര്‍ബലമാവുകയാണെന്നും ബിജെപി അതിവേഗം ശക്തിപ്രാപിക്കുകയാണെന്നുമുള്ള കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലുള്ള കോണ്‍ഗ്രസ്-ഇടതു സഖ്യമെന്ന സോണിയ ഗാന്ധിയുടെ നിര്‍ദേശം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. സോണിയ ഗാന്ധിയുമായി ഞങ്ങള്‍ രാഷ്ട്രീയ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്‌തെന്നും സംസ്ഥാനത്ത് കോണ്‍ഗ്രസ്-ഇടതുസഖ്യത്തെക്കുറിച്ച് പൊതുജനാഭിപ്രായം ഉണ്ടാക്കുകയും ഇടതുമുന്നണിയുമായി സകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതായി അബ്ദുല്‍ മന്നാന്‍ പറഞ്ഞു.

സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസിനും ബിജെപിക്കുമെതിരേ ഇടതുമുന്നണിയുമായി സംയുക്ത പ്രക്ഷോഭം നടത്താനാണ് സോണിയ ആവശ്യപ്പെട്ടത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം ഇടത്-കോണ്‍ഗ്രസ് സഖ്യം നിലനിര്‍ത്തിയിരുന്നെങ്കില്‍ ബംഗാളിലെ രാഷ്ട്രീയ സ്ഥിതി വ്യത്യസ്തമാവുമായിരുന്നുവെന്നും ബിജെപി ഒരിക്കലും മുന്നേറ്റം നടത്തില്ലായിരുന്നുവെന്നും സോണിയ അഭിപ്രായപ്പെട്ടതായി മന്നാന്‍ പറഞ്ഞു. ആഗസ്ത് മാസം പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് പ്രദേശ് പ്രസിഡന്റ് സോമന്‍ മിത്രയുമായി സോണിയ നടത്തിയ കൂടിക്കാഴ്ചയില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ഇടതു സഖ്യത്തിനു അനുമതി നല്‍കിയിരുന്നു. മേഖലയില്‍ പാര്‍ട്ടിയുടെ മോശം പ്രകടനം കണക്കിലെടുത്ത് ഇത്തരമൊരു നീക്കം. ബിജെപിയുടെയും ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെയും മുന്നേറ്റം തടയാനായി സംസ്ഥാനത്തെ മൂന്ന് നിയമസഭാ സീറ്റുകളില്‍ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ സീറ്റ് ക്രമീകരണം നടത്താനും നിര്‍ദേശിച്ചിരുന്നു. വടക്കന്‍ ദിനാജ്പൂര്‍ ജില്ലയിലെ കാളിയഗഞ്ച് സീറ്റിലും വെസ്റ്റ് മിഡ്‌നാപൂര്‍ ജില്ലയിലെ ഖരഗ്പൂരിലും കോണ്‍ഗ്രസ് മല്‍സരിക്കുമെന്ന് തീരുമാനിച്ചപ്പോള്‍ സിപിഎം നേതൃത്വത്തിലുള്ള ഇടതുസഖ്യം നാദിയ ജില്ലയിലെ കരിംപൂര്‍ സീറ്റിലാണ് മല്‍സരിക്കുന്നത്. കോണ്‍ഗ്രസ് സിറ്റിങ് എംഎല്‍എ പാര്‍മഥനാഥ് റോയിയുടെ നിര്യാണത്തെത്തുടര്‍ന്നാണ് കാലിയഗഞ്ച് സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. ഖരഗ്പൂര്‍ എംഎല്‍യായിരുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് മെഡിനിപൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍നിന്നു വിജയിച്ച് എംപിയായതോടെയാണ് ഒഴിവുവന്നത്. കോണ്‍ഗ്രസും സിപിഎമ്മും ഒത്തുചേര്‍ന്നിട്ടും കൃഷ്ണനഗര്‍ ലോക്‌സഭാ സീറ്റില്‍ ടിഎംസിയിലെ കരിംപൂര്‍ എംഎല്‍എ മെഹുവ മൊയ്ത്ര വിജയിച്ചിരുന്നു. സീറ്റ് പങ്കിടലിനെ ചൊല്ലിയുള്ള തര്‍ക്കം കാരണമാണ് ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പാണ് കോണ്‍ഗ്രസ്-ഇടതുസഖ്യം പരാജയപ്പെട്ടത്. കോണ്‍ഗ്രസ് രണ്ട് സീറ്റിലൊതിങ്ങിയപ്പോള്‍ 38 മണ്ഡലങ്ങളില്‍ കെട്ടിവച്ച തുക പോലും കിട്ടിയിരുന്നില്ല. ഇടതുമുന്നണിയാവട്ടെ അക്കൗണ്ട് തുറക്കുന്നതില്‍ പോലും പരാജയപ്പെട്ടു. മല്‍സരിച്ച 39 മണ്ഡലങ്ങളിലും കെട്ടിവച്ച തുക നഷ്ടമായി. ആകെയുള്ള 42 ലോക്‌സഭാ സീറ്റുകളില്‍ 18 എണ്ണവും ബിജെപിയാണ് നേടിയത്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിഎംസിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.




Next Story

RELATED STORIES

Share it