Sub Lead

സിക്കിമില്‍ വീണ്ടും എസ്‌കെഎം; ബിജെപിക്ക് തിരിച്ചടി

സിക്കിമില്‍ വീണ്ടും എസ്‌കെഎം; ബിജെപിക്ക് തിരിച്ചടി
X

ഗാങ്ടോക്: സിക്കിമില്‍ പ്രേംസിങ് തമാങ് യുഗം തുടരും. സിക്കിം നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ നിലംപരിശാക്കി മുഖ്യമന്ത്രി പ്രേംസിങിന്റെ പാര്‍ട്ടിയായ സിക്കിം ക്രാന്തികാരി മോര്‍ച്ച (എസ്.കെ.എം.) സീറ്റുകള്‍ തൂത്തുവാരി. സംസ്ഥാനത്ത് ആകെയുള്ള 32 സീറ്റുകളില്‍ 31 സീറ്റുകളും നേടിയാണ് എസ്‌കെഎം അധികാരത്തുടര്‍ച്ച നേടിയത്.

അഞ്ചുതവണ തുടര്‍ച്ചയായി മുഖ്യമന്ത്രിയായിരുന്ന പവന്‍ കുമാര്‍ ചാംലിങ് യുഗം സിക്കിമില്‍ അവസാനിപ്പിച്ച് 2019-ലാണ് പ്രേംസിങ് തമാങ് ആദ്യമായി അധികാരത്തിലേറിയത്. അന്ന് എസ്‌കെഎമ്മിന് 17 സീറ്റുകളും പവന്‍ കുമാറിന്റെ പാര്‍ട്ടിയായ എസ്ഡിഎഫിന് 15 സീറ്റുകളുമായിരുന്നു നേടാനായത്. എന്നാലിത്തവണ എസ്ഡിഎഫ് ഒരു സീറ്റിലൊതുങ്ങി. പവന്‍ കുമാര്‍ ചാംലിങ് അടക്കമുള്ളവര്‍ പരാജയപ്പെട്ടു. രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ച പവന്‍ കുമാര്‍ രണ്ടിടത്തും തോറ്റു. പോക് ലോക് കമ്രാങ് മണ്ഡലത്തില്‍ 3063 വോട്ടുകള്‍ക്കും നാംചെയ്ബംഗ് മണ്ഡലത്തില്‍ 1935 വോട്ടുകള്‍ക്കുമാണ് എസ്‌കെഎം സ്ഥാനാര്‍ഥികളോട് തോറ്റത്.

എസ്ഡിഎഫ് നേതാവും മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ ബൈചൂങ് ബൂട്ടിയയും പരാജയപ്പെട്ടു. 4346 വോട്ടുകള്‍ക്കാണ് ബൈചൂങ് ബൂട്ടിയ എസ്‌കെഎം സ്ഥാനാര്‍ഥി റിക്ഷാല്‍ ഡോര്‍ജി ബൂട്ടിയയോട് തോറ്റത്. സോറെങ് ചകുങ് മണ്ഡലത്തില്‍നിന്ന് ജനവിധി തേടിയു മുഖ്യമന്ത്രി പ്രേംസിങ് തമാങ് 7396 വോട്ടുകള്‍ക്ക് വിജയിച്ചു.

പി.എസ്.ഗോലെ എന്ന പേരിലറിയപ്പെടുന്ന പ്രേംസിങ് തമാങ് 1990കളുടെ തുടക്കം മുതല്‍ സിക്കിമിന്റെ രാഷ്ട്രീയ രംഗത്ത് സജീവമാണ്. പശ്ചിമ സിക്കിം സ്വദേശിയായ അദ്ദേഹം 1993-ല്‍ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടില്‍ (എസ്ഡിഎഫ്) ചേര്‍ന്നു. 1994-ലെ സിക്കിം നിയമസഭാ തിരഞ്ഞെടുപ്പില്‍ ചക്കുങ് മണ്ഡലത്തില്‍ നിന്ന് വിജയിക്കുകയും 1999 വരെ മൃഗസംരക്ഷണം, വ്യവസായ വകുപ്പ് മന്ത്രിയായി സേവനമനുഷ്ഠിക്കുകയും ചെയ്തു.

എസ്ഡിഎഫ് അധ്യക്ഷന്‍ പവന്‍ കുമാര്‍ ചാംലിങുമായുള്ള അഭിപ്രായ ഭിന്നതകള്‍ക്കൊടുവില്‍ 2013-ലാണ് അദ്ദേഹം സിക്കിം ക്രാന്തികാരി മോര്‍ച്ച (എസ്.കെ.എം.) എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചത്. തൊട്ടടുത്ത വര്‍ഷം നടന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 സീറ്റുകള്‍ നേടി എസ്.കെ.എം മുഖ്യപ്രതിപക്ഷമായി മാറുകയും ചെയ്തു. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവുംകൂടുതല്‍ കാലം തുടര്‍ച്ചയായി മുഖ്യമന്ത്രിയായ വ്യക്തി എന്ന നേട്ടത്തില്‍ നില്‍ക്കെ 2019-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ പവന്‍ കുമാര്‍ ചാംലിങിനെ പ്രേംസിങ് തമാങ് അധികാരത്തില്‍നിന്ന് താഴെയിറക്കി. 2024-ല്‍ ഒരു സീറ്റൊഴികെ സിക്കിം നിയമസഭ തൂത്തുവാരി കൊണ്ട് പ്രേംസിങ് സംസ്ഥാനത്ത് തന്റെ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്.

കോണ്‍ഗ്രസിനും ബിജെപിക്കും ഇത്തവണയും ഒരു സീറ്റില്‍പോലും ജയിക്കാനായിട്ടില്ല. 2019-ല്‍ ഒരു സീറ്റില്‍പോലും ജയിക്കാന്‍ കഴിയാതിരുന്നിട്ടും തിരഞ്ഞെടുപ്പിന് ശേഷം ബിജെപി സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ പാര്‍ട്ടിയായി മാറിയിരുന്നു. പ്രതിപക്ഷ പാര്‍ട്ടിയായ എസ്ഡിഎഫിന്റെ പത്ത് എംഎല്‍എമാര്‍ ഡോര്‍ജി ഷെറിംഗ് ലാപ്ചയുടെ നേതൃത്വത്തില്‍ ബിജെപിയില്‍ ചേരുകയുണ്ടായി. പിന്നീട് ഉപതിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകള്‍കൂടി നേടി ബിജെപിക്ക് 12 എംഎല്‍എമാരുണ്ടായിരുന്നു.

ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോര്‍ച്ച (എസ്.കെ.എം.)യുമായി സഖ്യമുണ്ടാക്കുകയും ചെയ്തിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി എസ്‌കെഎമ്മുമായുള്ള സഖ്യം ബിജെപി ഉപേക്ഷിക്കുകയായിരുന്നു. പ്രതിപക്ഷത്ത് നിന്ന് എംഎല്‍എമാരെ അടര്‍ത്തിയെടുത്ത് ഏറ്റവും വലിയ രണ്ടാമത്തെ പാര്‍ട്ടിയായി മാറിയ ബിജെപിക്ക് തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍പോലും ജയിക്കാനാകാത്തത് പാര്‍ട്ടിക്ക് കനത്ത പ്രഹരമാണ് ഉണ്ടാക്കിയിട്ടുള്ളത്. വോട്ട് വിഹിതം വര്‍ധിപ്പിക്കാനായി എന്നത് മാത്രമാണ് ഏക ആശ്വാസം. 1.62 ശതമാനം വോട്ടായിരുന്നു 2019-ല്‍ ബിജെപിക്ക് ലഭിച്ചത്. ഇത്തവണ അത് 5.3 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം 0.77 ശതമാനത്തില്‍നിന്ന് 0.33 ശതമാനമായി കുറയും ചെയ്തു.





Next Story

RELATED STORIES

Share it