പൊലിസ് വേഷത്തിലെത്തി വ്യാജ റിക്രൂട്ട്‌മെന്റ്; പുറത്തുവന്നത് സിനിമാക്കഥകളെ വെല്ലുന്ന തട്ടിപ്പ്
കായംകുളത്ത് രണ്ട് സ്ത്രീകളടക്കം ആറുപേരെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. കായംകുളം ചേരാവള്ളിയില്‍ ഓഫിസ് സ്ഥാപിച്ചായിരുന്നു തട്ടിപ്പ്.

ആലപ്പുഴ: പൊലിസ് യൂണിഫോം ധരിച്ച് വ്യാജ റിക്രൂട്ട്‌മെന്റ് നടത്തിയ സംഘം പിടിയിലായതോടെ പുറത്തുവന്നത് സിനിമാക്കഥകളെ പോലും വെല്ലുന്ന തട്ടിപ്പ്. കായംകുളത്ത് രണ്ട് സ്ത്രീകളടക്കം ആറുപേരെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. കായംകുളം ചേരാവള്ളിയില്‍ ഓഫിസ് സ്ഥാപിച്ചായിരുന്നു തട്ടിപ്പ്.
കേരള പൊലീസിന്റെ ട്രാഫിക് വിഭാഗത്തിലേക്കെന്ന പേരിലാണ് നൂറുകണക്കിന് പേരില്‍ നിന്ന് പണം വാങ്ങി റിക്രൂട്ട്‌മെന്റും പരിശീലനവും നടത്തിയത്. ഇവരുടെ പക്കല്‍ നിന്നു പൊലിസ് യൂനിഫോമുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഡിവൈഎസ്പി, സിഐ തുടങ്ങിയ വേഷങ്ങളണിഞ്ഞാണ് സംഘത്തിന്റെ തട്ടിപ്പ്. നിരവധി ഉദ്യോഗാര്‍ത്ഥികള്‍ ഈ ഓഫിസിലെത്തിയിരുന്നു എന്നാണ് പൊലിസിന്റെ നിഗമനം. സമാന്തര പൊലിസ് സ്‌റ്റേഷന്‍ ഉള്‍പ്പെടെ സജ്ജീകരിച്ചാണ് തട്ടിപ്പ് സംഘത്തിന്റെ പ്രവര്‍ത്തനം. സമാന കേസില്‍ മൂന്ന് പേര്‍ നേരത്തെ കോട്ടയത്ത് അറസ്റ്റിലായിരുന്നു.
കൊല്ലാട് വട്ടുക്കുന്നേല്‍ ഷൈമോന്‍ (40), ഒളശ ചെല്ലിത്തറ ബിജോയി (32), മൂലേടം കുന്നംപള്ളി വാഴക്കുഴി സനിതമോള്‍ (29) എന്നിവരെയാണ് നേരത്തെ പൊലിസ് അറസ്റ്റ് ചെയ്തത്. ഉന്നത വിദ്യാഭ്യാസമുള്ള ഒട്ടേറെപ്പേരും സംഘത്തിന്റെ തട്ടിപ്പിനിരയായിട്ടുണ്ട്.
പൊലിസിന്റെറ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ തട്ടിപ്പ് കഥ വിവരിച്ചത് ഇങ്ങനെ:
ട്രാഫിക് പൊലിസിലേയ്ക്ക് ഹോം ഗാര്‍ഡ് മാതൃകയില്‍ ആളുകളെ നിയമിക്കുന്നു എന്ന് വാട്‌സ് ആപ് വഴി സന്ദേശം പ്രചരിപ്പിച്ചായിരുന്നു തട്ടിപ്പ്. കടുവാക്കുളത്തെ സ്വകാര്യ സ്‌കൂളില്‍ പൊലിസ് വേഷത്തില്‍ കഴിഞ്ഞ മാസം 27ന് എത്തിയ സംഘം റിക്രൂട്ട്‌മെന്റ് ആവശ്യത്തിനായി സ്‌കൂളും മൈതാനവും ആവശ്യപ്പെട്ടു. പൊലിസിന്റെ ഔദ്യോഗിക ആവശ്യമെന്നു കരുതി സ്‌കൂള്‍ അധികൃതര്‍ അനുവദിച്ചു. 28ന് ആദ്യ പരീക്ഷ നടത്തി. ഇതില്‍ 76 പേര്‍ പങ്കെടുത്തു. 200 രൂപയാണ് ഒരാളില്‍ നിന്ന് സംഘം ഫീസായി ഈടാക്കിയത്. പാമ്പാടിയിലെ സ്‌കൂളില്‍ റിക്രൂട്ട്‌മെന്റ് നടത്താനാണ് ആദ്യം പദ്ധതിയിട്ടതെങ്കിലും അവിടെ സൗകര്യമില്ലാത്തതിനെ തുടര്‍ന്നാണത്രേ കടുവാക്കുളം സ്‌കൂളിലെത്തിയത്.
പിഎസ്‌സി പരീക്ഷയ്ക്കു സമാനമായി ഒഎംആര്‍ ഷീറ്റുകളിലായിരുന്നു പരീക്ഷ. ഇതില്‍ നിന്ന് 14 പേരെ ഹെഡ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കു തിരഞ്ഞെടുത്തു. ഇവര്‍ക്കായി കഴിഞ്ഞ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കായിക പരിശീലനവും സംഘടിപ്പിച്ചു. യൂണിഫോമിനെന്ന പേരില്‍ ഒരാളില്‍ നിന്ന് 3000 രൂപയും വാങ്ങി. ട്രാഫിക് ട്രെയിന്‍ഡ് പൊലിസ് ഫോഴ്‌സ് എന്ന സീല്‍ പതിപ്പിച്ച വ്യാജ ലെറ്റര്‍ പാഡിലാണു സംഘം ഉദ്യോഗാര്‍ഥികള്‍ക്കും മറ്റും കത്തുകള്‍ നല്‍കിയിരുന്നത്. പരിശീലന ദിവസങ്ങളില്‍ സംഘത്തിലുള്ളവര്‍ പൊലിസ് വേഷത്തിലാണ് എത്തിയിരുന്നത്. പൊലിസ് ട്രെയിനിങ് അക്കാദമിയില്‍ ഉപയോഗിക്കുന്ന ടീ ഷര്‍ട്ടുകളും ഇവര്‍ ധരിച്ചിരുന്നു.
സംഘത്തിലൊരാള്‍ ഡിഐജിയാണെന്നാണ് ഉദ്യോഗാര്‍ഥികളോടു പറഞ്ഞിരുന്നത്. മറ്റുള്ളവര്‍ എസിപിയും സിഐയും എസ്‌ഐമാരും. സ്ത്രീകളും പൊലിസ് യൂനിഫോമാണ് ഉപയോഗിച്ചിരുന്നത്. പൊലിസിന്റെ വേഷമിട്ടു വന്ന സംഘാംഗങ്ങള്‍ പൊലിസിന്റെ പെരുമാറ്റ രീതികളും അഭിനയിച്ചു. മേലുദ്യോഗസ്ഥരുടെ വേഷമിട്ടവരെ കൃത്യമായി സല്യൂട്ടടിക്കുക പോലും ചെയ്തു. ഇതൊക്കെ കണ്ടതോടെ പാവം ഉദ്യോഗാര്‍ഥികളും കെണിയില്‍ വീണു. പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ പരീക്ഷയെഴുതാന്‍ എത്തിയിരുന്നു.
റിക്രൂട്ട്‌മെന്റ് അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാരിന്റെ വ്യാജ ഉത്തരവ്, ലെറ്റര്‍ പാഡ്, സീല്‍ തുടങ്ങി സാധാരണക്കാരെ വിശ്വസിപ്പിക്കാന്‍ വേണ്ടതെല്ലാം തട്ടിപ്പുകാരുടെ കൈയിലുണ്ടായിരുന്നു. വ്യാജ 'എഎസ്പി'യായിരുന്നു ട്രാഫിക് ട്രെയിനിംഗ് പൊലിസ് ഫോഴ്‌സിന്റെ മേധാവി. പരീക്ഷയും പരിശീലനവും നടക്കുന്നിടങ്ങളില്‍ ഇടയ്ക്ക് ബീക്കണ്‍ ലൈറ്റ് വച്ച വാഹനത്തില്‍ എഎസ്പി 'മിന്നല്‍' സന്ദര്‍ശനം നടത്താറുമുണ്ട്. അപ്പോഴൊക്കെ 'സിഐ'മാരും'എസ്‌ഐ'മാരും ഓടി വന്നു സല്യൂട്ട് ചെയ്യും.
ഓരോ പ്രദേശത്തും റിക്രൂട്ട്‌മെന്റ് നടത്തും മുന്‍പ് പ്രദേശവാസികളില്‍ ഒരാളെ സഹായിയായി കൂട്ടും. അയാളുടെ ബന്ധുക്കള്‍ക്ക് ജോലി വാഗ്ദാനം ചെയ്യും. ഇത്തരത്തിലാണ് തട്ടിപ്പിന് അരങ്ങൊരുക്കിയിരുന്നത്. വ്യാജലെറ്റര്‍ പാഡില്‍ തലസ്ഥാന നഗരത്തിന്റെ പേരുപോലും തെറ്റായാണ് അടിച്ചിരുന്നത്. അതുപോലും ഉദ്യോഗാര്‍ത്ഥികള്‍ ശ്രദ്ധിച്ചില്ല.
RELATED STORIES
മകന്റെ ബിജെപി പ്രവേശനം: എലിസബത്ത് ആന്റണിയുടെ വെളിപ്പെടുത്തല്‍...
25 Sep 2023 7:01 AM GMTസൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതി: വ്ളോഗര്‍ ഷാക്കിര്‍ സുബ്ഹാനെതിരെ...
25 Sep 2023 5:42 AM GMTഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ ഇന്ത്യന്‍ സഖ്യത്തിന് സ്വര്‍ണം
25 Sep 2023 5:28 AM GMTഇന്‍ഡോറില്‍ ഇന്ത്യക്ക് വമ്പന്‍ ജയം; ഏകദിന പരമ്പര സ്വന്തം
24 Sep 2023 5:34 PM GMTഎന്‍ഡിഎയുമായി സഖ്യം; കര്‍ണാടക ജെഡിഎസിലെ മുതിര്‍ന്ന മുസ്ലിം നേതാക്കള്‍ ...
24 Sep 2023 12:21 PM GMTഅനില്‍ ആന്റണി കേരളത്തില്‍നിന്ന് ബിജെപി ടിക്കറ്റില്‍ എംഎല്‍എയോ എംപിയോ...
24 Sep 2023 8:18 AM GMT