Sub Lead

കൊവിഡ് മൂന്നാം തരംഗവും നേരിടാന്‍ യുപി സജ്ജം: യോഗി ആദിത്യനാഥ്

ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജ്, ഗാസിപൂര്‍ എന്നിവിടങ്ങിലെ ഗംഗാ തീരത്ത് ദിനം പ്രതി കണ്ടെത്തുന്ന മൃതദേഹങ്ങള്‍ കൂടിവരികയാണ്

കൊവിഡ് മൂന്നാം തരംഗവും നേരിടാന്‍ യുപി സജ്ജം: യോഗി ആദിത്യനാഥ്
X

ലഖ്നോ: ഉത്തര്‍പ്രദേശിലെ കൊവിഡ് സാഹചര്യം നിയന്ത്രണാധീതമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൊവിഡ്-19 മൂന്നാം തരംഗത്തേയും നേരിടാന്‍ ഉത്തര്‍പ്രദേശ് സജ്ജമാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. പരിശോധന കിറ്റുകളും മെഡിക്കല്‍ കിറ്റുകളും അടക്കം പരിശീലനം ലഭിച്ച സംഘങ്ങളെ ഗ്രാമപ്രദേശങ്ങളിലെ സാഹചര്യം വിലയിരുത്താന്‍ അയച്ചിട്ടുണ്ടെന്നും യോഗി കൂട്ടിചേര്‍ത്തു.

ഞങ്ങള്‍ ഒന്നും ഒളിച്ചുവെക്കുന്നില്ല. എല്ലാം കൃത്യമാണ്. കൊവിഡ്-19 പരിശോധന നിരക്ക്, രോഗികള്‍, രോഗമുക്തി നിരക്ക് എന്നിവയെല്ലാം സര്‍ക്കാര്‍ പോര്‍ട്ടലില്‍ കൃത്യമായി നല്‍കുന്നുണ്ടെന്ന് യോഗി വിശദീകരിച്ചു. അതേസമയം ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജ്, ഗാസിപൂര്‍ എന്നിവിടങ്ങിലെ ഗംഗാ തീരത്ത് ദിനം പ്രതി കണ്ടെത്തുന്ന മൃതദേഹങ്ങള്‍ കൂടിവരികയാണ്. സംഭവത്തില്‍ ലോക്കല്‍ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ചില മാസമായി പ്രദേശത്ത് മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്നതായി പ്രദേശവാസികള്‍ അറിയിക്കുന്നു. മൃതദേഹങ്ങള്‍ മൂടുന്ന മണല്‍ ശക്തമായ കാറ്റ് വീശുമ്പോള്‍ പുറത്തുവരുന്നതായും ഈ മൃതദേഹ അവശിഷ്ടങ്ങള്‍ പക്ഷികളും നായ്ക്കളും ഭക്ഷിക്കുന്നതായും അവര്‍ ചൂണ്ടിക്കാട്ടുന്നു. രോഗ വ്യാപനത്തിന് കാരണമാകാം എന്നതിനാല്‍ നിലവിലെ സാഹചര്യം പ്രദേശവാസികളില്‍ വലിയ പരിഭ്രാന്തിയാണ് സൃഷ്ടിക്കുന്നത്.

കുറഞ്ഞത് 400 മുതല്‍ 500 മൃതദേഹങ്ങള്‍ വരെ പ്രദേശത്ത് അടക്കം ചെയ്തിട്ടുണ്ടെന്നാണ് റിപോര്‍ട്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് നിലവില്‍ 1,93,815 കൊവിഡ് രോഗികളാണ് ഉത്തര്‍പ്രദേശില്‍ ചികിൽസയിലുള്ളത്. ഇതുവരെ 6,957 മരണങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രയാഗ്‌രാജ് ജില്ലാ ഭരണകൂടത്തിന്റെ കണക്കനുസരിച്ച് ശനിയാഴ്ച 165 പുതിയ കേസുകളും ഒമ്പത് മരണങ്ങളുമാണ് ജില്ലയില്‍ റിപോര്‍ട്ട് ചെയ്തത്.

Next Story

RELATED STORIES

Share it