Sub Lead

സിഖ് യുവാവിന്റെ അറസ്റ്റ്: ശാഹീന്‍ബാഗില്‍ ഭക്ഷണം നല്‍കിയതിനെന്ന് കുടുംബം; അന്വേഷണം ആവശ്യപെട്ട് സഹോദരന്‍

പ്രദേശത്തെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വേണ്ടി സിഖുകാര്‍ നടത്തുന്ന ഒരു ലങ്കാറില്‍ അഥവാ സൗജന്യ ഭക്ഷണ വിതരണത്തില്‍ പങ്കെടുത്ത് സമരക്കാര്‍ക്ക് ലവ്പ്രീത് ഭക്ഷണം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തെ ഡല്‍ഹി പോലിസ് ലക്ഷ്യമിട്ടത്.

സിഖ് യുവാവിന്റെ അറസ്റ്റ്: ശാഹീന്‍ബാഗില്‍ ഭക്ഷണം നല്‍കിയതിനെന്ന് കുടുംബം; അന്വേഷണം ആവശ്യപെട്ട് സഹോദരന്‍
X

പട്യാല: ശാഹീന്‍ബാഗിലെ സിഎഎ വിരുദ്ധ സമരക്കാര്‍ക്ക് ഭക്ഷണം നല്‍കിയ സിഖ് യുവാവിനെ അറസ്റ്റ് ചെയ്തത് കള്ളക്കേസില്‍ കുടുക്കിയാണെന്ന് കുടുംബം. സമരക്കാര്‍ക്ക് ഭക്ഷണം നല്‍കുക എന്ന ലക്ഷ്യം മാത്രമേ അദ്ദേഹത്തിന് ഉണ്ടായിരുന്നുളളൂവെന്നും അറസ്റ്റിലായ ലവ്പ്രീത് സിങ്ങിന്റെ കുടുംബം വ്യക്തമാക്കി. സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് സഹോദരന്‍ ആവശ്യപ്പെട്ടു.

ലവ്പ്രീതിന് കൂടാതെ കഴിഞ്ഞ ദിവസങ്ങളില്‍ യുഎപിഎ ചുമത്തി ഏതാനും സിഖുകാരെ പഞ്ചാബ് പോലിസ് അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ സിഖ് ഫോര്‍ ജസ്റ്റിസുമായി ബന്ധമാരോപിച്ച് 40 വെബ്‌സൈറ്റുകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. ഈ വിഷയങ്ങളെല്ലാം സൂചിപ്പിച്ച് stopTargettingSikh എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങ് ആയിരുന്നു. മുസ്‌ലിംങ്ങള്‍ക്ക് പുറമെ മറ്റു ചിലരും സിഖ് പ്രവര്‍ത്തകരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരം ആരംഭിച്ച ഹാഷ്ടാഗ് രാത്രി എട്ടു മണിവരെ ട്വിറ്ററില്‍ തരംഗമായിരുന്നു. പിറ്റേ ദിവസവും ഇതേ ഹാഷ്ടാഗ് ഉപയോഗിച്ച് ആളുകള്‍ വീണ്ടും ട്വീറ്റ് ചെയ്യുകയുണ്ടായി. 'ശാഹീന്‍ബാഗ് പ്രതിഷേധത്തില്‍ പങ്കെടുത്തതും മുസ്‌ലിംകള്‍ക്ക് ഭക്ഷണം കൊടുത്തതുമാണ് ലവ്പ്രീത് സിങ്ങ് ചെയ്ത കുറ്റം', 'രാജ്യത്ത് മുസ്‌ലിംകളെ സഹായിക്കുന്നത് ഒരു പുതിയ കുറ്റമായി മാറി, ലജ്ജിക്കുന്നു' എന്നിങ്ങനെയുള്ള ട്വീറ്റുകളാണ് ഏറെയും

പട്യാല ജില്ലയിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ലവ്പ്രീത്. പ്രദേശത്തെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വേണ്ടി സിഖുകാര്‍ നടത്തുന്ന ഒരു ലങ്കാറില്‍ അഥവാ സൗജന്യ ഭക്ഷണ വിതരണത്തില്‍ പങ്കെടുത്ത് സമരക്കാര്‍ക്ക് ലവ്പ്രീത് ഭക്ഷണം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തെ ഡല്‍ഹി പോലിസ് ലക്ഷ്യമിട്ടത്. അതിനു വേണ്ടി അവര്‍ ലവ്പ്രീത്തിന്റെ കൈയില്‍നിന്ന് രണ്ട് പിസ്റ്റളുകള്‍ കണ്ടെടുത്തുവെന്ന വ്യാജ ആരോപണം ഉണ്ടാക്കി.

'ജൂണ്‍ 18ന് വൈകീട്ട് ജോലി കഴിഞ്ഞ് പശുകള്‍ക്ക് തീറ്റയുമായി വീട്ടിലേക്ക് വരുന്നുവെന്ന് ഫോണ്‍ വിളിച്ച് പറഞ്ഞിരുന്നു. എന്നാല്‍, ഏറെനേരമായിട്ടും അവന്‍ വീട്ടിലെത്തിയില്ല. പിന്നീട്, പോലിസ് പിടിച്ചുകൊണ്ടുപോയതായി നാട്ടുകാരില്‍ ഒരാളാണ് ഞങ്ങളോട് പറഞ്ഞത്. അതിനുശേഷം ഞങ്ങള്‍ അവനെ കണ്ടിട്ടില്ല'- ലവ്പ്രീതിന്റെ സഹോദരന്‍ സത്‌നം സിങ് പറഞ്ഞു.

അതേസമയം ശാഹീന്‍ബാഗിലെ സിഎഎ വിരുദ്ധ സമരക്കാര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കിയതിന്റെ പേരില്‍ കഴിഞ്ഞ മാസം മറ്റൊരു സിഖുകാരനായ ഡിഎസ് ബിന്ദ്രയ്‌ക്കെതിരേയും കേസെടുത്തിരുന്നു. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് പോലിസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ട കേസിലാണ് ഡി.എസ് ബിന്ദ്രയെ ഡല്‍ഹി പോലിസ് പ്രതിചേര്‍ത്തിരിക്കുന്നത്. പ്രാദേശികതലത്തിലുള്ള അക്രമികള്‍ക്കൊപ്പം ചേര്‍ന്ന് കലാപം ആസൂത്രണം ചെയ്തുവെന്നാണ് ബിന്ദ്രക്കെതിരെ ഉന്നയിച്ച കുറ്റം. ബിന്ദ്ര ശാഹീന്‍ബാഗ് സമരക്കാര്‍ക്ക് ദിവസങ്ങളോളം സൗജന്യമായി ഭക്ഷണം വിതരണം ചെയ്തിരുന്നു. ഇതിനായി തന്റെ പേരിലുള്ള ഒരു ഫ്‌ലാറ്റ് ഇദ്ദേഹം വില്‍ക്കുകയുണ്ടായി.


Next Story

RELATED STORIES

Share it