Sub Lead

ഉമ്മയെ കാണാന്‍ സിദ്ദീഖ് കാപ്പന്‍ വീട്ടിലെത്തി

90 വയസ്സായ കിടപ്പിലായ മാതാവിന്റെ ആരോഗ്യം പരിഗണിച്ച് മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ഇടക്കാല ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് പത്ര പ്രവര്‍ത്തക യൂനിയന്‍(കെയുഡബ്ല്യൂജെ) ആണ് സുപ്രീം കോടതിയെ സമീപിച്ചത്.

ഉമ്മയെ കാണാന്‍ സിദ്ദീഖ് കാപ്പന്‍ വീട്ടിലെത്തി
X

കോഴിക്കോട്: ഹാഥ്‌റസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ അറസ്റ്റിലായി കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ച മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ വീട്ടിലെത്തി. ഇന്ന് രാവിലെ 10 മണിയോടെ യുപി പോലിസിന്റെ കനത്ത സുരക്ഷയിലാണ് വേങ്ങരയിലെ വീട്ടിലെത്തിയത്. മാതാവിനെ കാണാന്‍ സുപ്രീം കോടതി അഞ്ചുദിവസത്തെ ജാമ്യമാണ് അനുവദിച്ചിരുന്നത്. കര്‍ശന ഉപാധികളോടെ ആണ് ജാമ്യം ലഭിച്ചിരിക്കുന്നത്.

90 വയസ്സായ കിടപ്പിലായ മാതാവിന്റെ ആരോഗ്യം പരിഗണിച്ച് മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ഇടക്കാല ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് പത്ര പ്രവര്‍ത്തക യൂനിയന്‍(കെയുഡബ്ല്യൂജെ) ആണ് സുപ്രീം കോടതിയെ സമീപിച്ചത്. സിദ്ദീഖ് കാപ്പന്റെ മാതാവ് കദീജ കുട്ടിയുടെ ആരോഗ്യം ദിനം പ്രതി ക്ഷയിച്ചു വരികയാണെന്നും ബോധം വീണ്ടെടുക്കുന്ന സമയമെല്ലാം മകന്‍ സിദ്ദീഖ് കാപ്പനെ അന്വേഷിക്കുമെന്നും ഹരജിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. മാതാവിനെയും അടുത്ത ബന്ധുക്കളെയും മാത്രമേ കാണാവൂ എന്നും മാധ്യമങ്ങളെ കാണരുതെന്നും കോടതിയുടെ നിര്‍ദേശമുണ്ട്.

യുപിയിലെ ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകവെയാണ് സിദ്ദീഖ് കാപ്പനെ ഒക്ടോബര്‍ അഞ്ചിന് യുപി പോലിസ് അറസ്റ്റ് ചെയ്തത്.

Next Story

RELATED STORIES

Share it