Sub Lead

സിദ്ദീഖ് കാപ്പന്‍ തനിച്ചല്ല; പിന്തുണയുമായി കോണ്‍ഗ്രസ് മുഖപത്രം

ഹാഥ്‌റസിലെ ദാരുണസംഭവം റിപോര്‍ട്ട് ചെയ്യാന്‍ പോയ സിദ്ദീഖ് കാപ്പനെ അറസ്റ്റുചെയ്ത് തടവിലിട്ടിരിക്കുന്നത് മാധ്യമസ്വാതന്ത്ര്യത്തിനും പൗരാവകാശങ്ങള്‍ക്കുമെതിരായ വെല്ലുവിളിയാണ്.

സിദ്ദീഖ് കാപ്പന്‍ തനിച്ചല്ല; പിന്തുണയുമായി കോണ്‍ഗ്രസ് മുഖപത്രം
X

കോഴിക്കോട്: ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപോര്‍ട്ട് ചെയ്യാന്‍ പോകവെ ഉത്തര്‍പ്രദേശ് പോലിസ് യുഎപിഎ ചുമത്തി ജയിലില്‍ അടച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് പിന്തുണയുമായി കോണ്‍ഗ്രസ് മുഖപത്രമായ 'വീക്ഷണം'. 'സിദ്ദീഖ് കാപ്പന്‍ തനിച്ചല്ല' എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിലാണ് കൊവിഡ് ബാധിതനായി ആശുപത്രിയില്‍ നരകയാതന അനുഭവിക്കുന്ന കാപ്പനെ മോചിപ്പിക്കണമെന്ന ആവശ്യമുന്നയിച്ചിരിക്കുന്നത്.

ഹാഥ്‌റസിലെ ദാരുണസംഭവം റിപോര്‍ട്ട് ചെയ്യാന്‍ പോയ സിദ്ദീഖ് കാപ്പനെ അറസ്റ്റുചെയ്ത് തടവിലിട്ടിരിക്കുന്നത് മാധ്യമസ്വാതന്ത്ര്യത്തിനും പൗരാവകാശങ്ങള്‍ക്കുമെതിരായ വെല്ലുവിളിയാണ്. കേരളത്തിലെ യുഡിഎഫ് എംപിമാര്‍ ഇടപെട്ടതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതിയത് സിദ്ദീഖ് കാപ്പന്റെ കുടുംബത്തിന് ആശ്വാസവും പ്രതീക്ഷയും നല്‍കുന്നതാണെന്ന് മുഖപ്രസംഗം പറയുന്നു. വ്യക്തമായ കുറ്റങ്ങളൊന്നും ചെയ്തിട്ടില്ലാത്ത സിദ്ദീഖ് കാപ്പനെ യുഎപിഎ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

എന്‍ഐഎയും യുഎപിഎയുമൊക്കെ ക്രൂരതയുടെയും നീതി നിഷേധങ്ങളുടെയും പര്യായപദങ്ങളായി മാറിയിരിക്കുന്നു. ഇക്കാലത്ത് പത്രപ്രവര്‍ത്തകന്‍ നേരിടേണ്ടിവന്ന പീഡനങ്ങളേറെയാണ്. കൊവിഡ് ബാധിച്ച് കാര്യമായ ചികില്‍സ ലഭിക്കാതെ അദ്ദേഹം മരണവുമായി മല്ലടിക്കുന്നു. യുഎപിഎ പ്രകാരം അറസ്റ്റിലായ ഒരു 'രാജ്യദ്രോഹിക്ക് ലഭിക്കുന്ന ചികില്‍സ എന്തായിരിക്കുമെന്നത് ഊഹിക്കാവുന്നതാണ്. ഹൃദ്രോഗം, പ്രമേഹം എന്നിവയാല്‍ കഷ്ടപ്പെടുന്ന കാപ്പന് മതിയായ ചികില്‍സ ലഭിക്കണമെങ്കില്‍ എയിംസിലോ ഡല്‍ഹിയിലെ മറ്റേതെങ്കിലും ആശുപത്രിയിലോ പ്രവേശിപ്പിക്കണമെന്ന് മുഖപ്രസംഗം ആവശ്യപ്പെടുന്നു.

സമുദായ സ്പര്‍ധ ഉണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചെന്നാണ് കാപ്പന്റെ പേരില്‍ ചുമത്തിയിരിക്കുന്ന കുറ്റം. രാജ്യത്തെ നടുക്കിയ സംഭവത്തിന് ഉത്തരവാദികള്‍ യുപി പോലിസ് ആയതുകൊണ്ട് കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിക്ക് നീതി ലഭിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ കാപ്പനെ പോലുള്ള മാധ്യമപ്രവര്‍ത്തകരായിരുന്നു ഈ സംഭവത്തെ പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നതും പ്രതിഷേധം ആറിത്തണുക്കാതെ സൂക്ഷിച്ചതും. നീതിബോധമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമങ്ങള്‍ക്കും വംശനാശം സംഭവിച്ചിട്ടില്ലെന്ന് ബോധ്യപ്പെടുത്തുന്നതാണ് കാപ്പനെ പോലുള്ളവരുടെ മാധ്യമപ്രവര്‍ത്തനങ്ങള്‍.

കള്ളക്കേസ് ചമച്ച് ചങ്ങലയ്ക്കിട്ട് നിഷ്ഠൂര കുറ്റവാളിയെപ്പോലെയാണ് ഭരണകൂടം കാപ്പനോട് പെരുമാറുന്നത്. ആശുപത്രി മാറ്റിയില്ലെങ്കില്‍ കാപ്പന്റെ നില ഗുരുതരമായിത്തീരും. നിരപരാധികളെയും ഭരണകൂടത്തിന് അനഭിമതരായവരെയും കേസില്‍പ്പെടുത്തി വിചാരണ കൂടാതെ ജയിലില്‍ അടയ്ക്കുന്ന മോദി സര്‍ക്കാരിന്റെ ഫാഷിസ്റ്റ് രീതി ഒറ്റപ്പെട്ടതല്ല. കാപ്പന് വേണ്ടിയുള്ള കൂട്ടായ്മകളും സഹായങ്ങളും വ്യക്തമാക്കുന്നത് ജനാധിപത്യ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടസന്നദ്ധമായ മനസിനെയാണെന്ന് 'വീക്ഷണം' വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it