Sub Lead

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ല; നിലപാട് വ്യക്തമാക്കി ശരദ് പവാര്‍

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ല; നിലപാട് വ്യക്തമാക്കി ശരദ് പവാര്‍
X

ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥിയായി മല്‍സരിക്കാനില്ലെന്ന് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. മുംബൈയില്‍ നടന്ന എന്‍സിപി യോഗത്തില്‍ പവാര്‍ ഇക്കാര്യം അറിയിച്ചതായാണ് റിപോര്‍ട്ടുകള്‍. ബിജെപിക്കെതിരേ അണിനിരക്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ശരദ് പവാറിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കാന്‍ നീക്കം നടത്തിയിരുന്നു. രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ശരദ് പവാറിനെ പരിഗണിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും താല്‍പ്പര്യമുണ്ടെന്ന റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കോണ്‍ഗ്രസ് നേതാവായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പവാറിനെ നേരിട്ട് കണ്ട് ഇക്കാര്യം സൂപിപ്പിച്ചെന്നാണ് വിവരം.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായും ഖാര്‍ഗെ ചര്‍ച്ച നടത്തിയിരുന്നു. സ്ഥാനാര്‍ഥിയാവാനില്ലെന്ന കാര്യം പവാര്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ അറിയിച്ചിരുന്നില്ല. ആം ആദ്മി നേതാവ് സഞ്ജയ് സിങ്ങും പവാറിനെ നേരിട്ട് വിളിച്ച് പിന്തുണ അറിയിച്ചിരുന്നു. അതേസമയം, ഔപചാരികമായി ഇക്കാര്യം കോണ്‍ഗ്രസിനെ അറിയിച്ചിട്ടില്ല. ജൂണ്‍ 15 ന് ഡല്‍ഹിയിലാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ പൊതുവായ അജണ്ട ചര്‍ച്ച ചെയ്യാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി യോഗം വിളിച്ചിരിക്കുന്നത്. പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണ അറിയിച്ച സാഹചര്യത്തില്‍ ബുധനാഴ്ച മമത വിളിച്ച യോഗത്തില്‍ പവാറിനെ പരിഗണിക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുമെന്നായിരുന്നു പ്രതീക്ഷ.

കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ടുമൂല്യം കുറഞ്ഞെങ്കിലും കൂടുതല്‍ വിജയസാധ്യത ബിജെപിക്കാണ്. വിജയസാധ്യത കുറഞ്ഞതാണ് തിരഞ്ഞടുപ്പില്‍ മല്‍സരിക്കാനില്ലെന്ന പവാറിന്റെ തീരുമാനത്തിനു പിന്നിലെന്നാണ് റിപോര്‍ട്ട്. പ്രതിപക്ഷത്തിന് തങ്ങളുടെ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ ആവശ്യമായ വോട്ടുകള്‍ സമാഹരിക്കാന്‍ കഴിയുന്നതിലുള്ള ആത്മവിശ്വാസമില്ലാത്തതിനാലാണ് പവാര്‍ വിമുഖത കാണിക്കുന്നതിന് പിന്നലെന്ന് വൃത്തങ്ങള്‍ പറയുന്നു. തോല്‍ക്കുന്ന പോരാട്ടത്തില്‍ മല്‍സരിക്കാന്‍ അദ്ദേഹത്തിന് താല്‍പ്പര്യമില്ലെന്നും അവര്‍ പറഞ്ഞു.

അടുത്തിടെ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് വലിയ തിരിച്ചടിയേറ്റിരുന്നു. പ്രത്യേകിച്ച് മഹാരാഷ്ട്രയില്‍. ശിവസേനയുടെ സഞ്ജയ് പവാറിനെ പരാജയപ്പെടുത്തി ബിജെപി ഒരു സീറ്റ് നേടി. ശിവസേനയെ പിന്തുണയ്ക്കുമെന്ന് വാഗ്ദാനം ചെയ്ത നിരവധി സ്വതന്ത്ര എംഎല്‍എമാര്‍ ബിജെപിക്ക് അനുകൂലമായി വോട്ടുചെയ്യുകയായിരുന്നു. ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിക്കായുള്ള തിരഞ്ഞെടുപ്പ് ജൂലൈ 18ന് നടക്കും. ആവശ്യമെങ്കില്‍ വോട്ടെണ്ണല്‍ മൂന്ന് ദിവസത്തിന് ശേഷം നടത്തും. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24നാണ് അവസാനിക്കുക.

Next Story

RELATED STORIES

Share it