Sub Lead

തോറ്റ് പിന്‍വാങ്ങാന്‍ മനസ്സില്ല; ഇത് മനക്കരുത്തിൻറെ ജയം

അരൂര്‍ കഴിഞ്ഞ 54 വര്‍ഷമായി ഇടതുപക്ഷത്തിനൊപ്പമായിരുന്നു. 2016 ല്‍ വന്‍ ഭൂരിപക്ഷത്തോടെ അരൂരില്‍ നിന്ന് വിജയിച്ച എഎം ആരിഫ് നേടിയത് 84720 വോട്ടായിരുന്നു.

തോറ്റ് പിന്‍വാങ്ങാന്‍ മനസ്സില്ല; ഇത്  മനക്കരുത്തിൻറെ ജയം
X

ആലപ്പുഴ: അര നൂറ്റാണ്ടിലേറെ കൈപ്പത്തിയെ നിലംതൊടീച്ചിട്ടില്ലാത്ത അരൂരില്‍ ഇത്തവണ ചരിത്രം മാറി മറിഞ്ഞിരിക്കുന്നു. തോറ്റ് പിൻവാങ്ങാൻ മനസ്സില്ലാത്ത മനക്കരുത്തുമായി ഇത്തവണ അങ്കത്തിനിറങ്ങിയ ഷാനിമോൾ ഉസ്മാൻ ഞെട്ടിച്ചത് ഇടത് പാളയത്തെയാണ്. ഇതുവരെയുള്ള തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് സംഘടനാ സംവിധാനത്തിലെ ചാവേറെന്ന് എതിരാളികൾ പരിഹസിച്ച ഷാനിമോളുടെ വിജയം സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ആഘോഷിക്കപ്പെടുകയാണ്.

അരൂര്‍ കഴിഞ്ഞ 54 വര്‍ഷമായി ഇടതുപക്ഷത്തിനൊപ്പമായിരുന്നു. 2016 ല്‍ വന്‍ ഭൂരിപക്ഷത്തോടെ അരൂരില്‍ നിന്ന് വിജയിച്ച എഎം ആരിഫ് നേടിയത് 84720 വോട്ടായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായിരുന്ന സി ആര്‍ ജയപ്രകാശ് നേടിയത് 46201 വോട്ടായിരുന്നു. 1955 എന്ന ഉപതിരഞ്ഞെടുപ്പിലെ ഏറ്റവും കുറവ് ഭൂരിപക്ഷമാണ് ഷാനിമോൾക്ക് ലഭിച്ചതെങ്കിലും ഈ വിജയത്തിന് പത്തരമാറ്റാണ്. അവസാന നിമിഷം മനു സി പുളിക്കലിന് വിജയിക്കുമെന്ന ചെറിയ പ്രതീക്ഷ ഉണ്ടായിരുന്നതും തല്ലിക്കെടുത്തിയായിരുന്നു ഷാനിമോളുടെ വിജയം.

കുത്തിയതോട്, തൈക്കാട്ടുശ്ശേരി, പള്ളിപ്പുറം, അരൂര്‍ എന്നീ ഇടത് ശക്തി കേന്ദ്രങ്ങളില്‍ കാര്യമായ വോട്ടു ചേര്‍ച്ചയുണ്ടാക്കാന്‍ ഷാനിമോള്‍ക്ക് കഴിഞ്ഞു. എംഎല്‍എയായിരുന്ന ആരിഫ് ലോകസഭാ തെര‍ഞ്ഞെടുപ്പിന് രംഗത്തിറങ്ങിയപ്പോഴും അരൂരില്‍ ഇടത് വോട്ട് വിഹിതത്തില്‍ തിരിച്ചടി നേരിട്ടിരുന്നു. ആ തിരിച്ചടി യഥാര്‍ത്ഥമായിരുന്നുവെന്നാണ് ഇപ്പോള്‍ തെളിയുന്നത്. ലോകസഭാ തെരഞ്ഞെടുപ്പ് മുതല്‍ അരൂരിലെ ജനങ്ങള്‍ കഴിഞ്ഞ 54 വര്‍ഷത്തെ തങ്ങളുടെ നിലപാടുകളെ പുനപരിശോധിച്ച് തുടങ്ങിയത് തിരിച്ചറിയാന്‍ ഇടത്പക്ഷത്തിന് കഴിയാതെ പോയി.

പ്രചാരണ വേളയില്‍ മന്ത്രി ജി സുധാകരന്‍, ഷാനിമോള്‍ ഉസ്മാനെതിരെ 'പൂതനാ' പരാമര്‍ശനം നടത്തിയതും ഇടത്പക്ഷത്തിനേറ്റ തിരിച്ചടിയായി. എന്നാല്‍ താന്‍ ഷാനിയെ അങ്ങനെ വിളിച്ചിട്ടില്ലെന്നും ഷാനി പെങ്ങളെ പോലെയാണെന്നുമായിരുന്നു ജി സുധാകരന്‍ പിന്നീട് പറഞ്ഞത്. ജി സുധാകരന്‍റെ ജില്ലയില്‍ ഏറ്റുവാങ്ങിയ തോല്‍വി ഇടത്പക്ഷത്തെ അടുത്ത തിരഞ്ഞെടുപ്പുകളിലും വേട്ടയാടാന്‍ സാധ്യതയുണ്ടെന്ന് തന്നെ വേണം കരുതാന്‍.

Next Story

RELATED STORIES

Share it