Sub Lead

എസ്എഫ്ഐ ഫാസിസ്റ്റ് ഫെഡറേഷൻ ഓഫ് ഇന്ത്യയെന്ന് എഐഎസ്എഫ്; വ്യാജപ്രചാരണം നടത്തുന്നെന്ന് സച്ചിൻ ദേവ്

പശ്ചിമ ബംഗാളിൽ എസ്എഫ്ഐയ്ക്ക് നേരിട്ട വംശനാശം എഐഎസ്എഫിനുണ്ടായിട്ടില്ല. സംഘപരിവാരത്തിന്റെ മറ്റൊരു പതിപ്പായി എസ്എഫ്ഐ മാറരുത്.

എസ്എഫ്ഐ ഫാസിസ്റ്റ് ഫെഡറേഷൻ ഓഫ് ഇന്ത്യയെന്ന് എഐഎസ്എഫ്; വ്യാജപ്രചാരണം നടത്തുന്നെന്ന് സച്ചിൻ ദേവ്
X

തിരുവനന്തപുരം: എംജി സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പിനെ തുടർന്നുള്ള സംഘർഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐയും എഐഎസ്എഫും തമ്മിലുള്ള വാക്‌പോര് തുടരുന്നു.

എഐഎസ്എഫിനെതിരേ നടത്തിയ ആക്രമണം അപലപനീയമാണെന്ന് എഐഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ പറഞ്ഞു. പശ്ചിമ ബംഗാളിൽ എസ്എഫ്ഐയ്ക്ക് നേരിട്ട വംശനാശം എഐഎസ്എഫിനുണ്ടായിട്ടില്ല. സംഘപരിവാരത്തിന്റെ മറ്റൊരു പതിപ്പായി എസ്എഫ്ഐ മാറരുത്. സംഘപരിവാറിനെതിരേ പുരപ്പുറ പ്രസംഗം നടത്തുന്നവരാണ് എഐഎസ്എഫിനെ ആക്രമിക്കുന്നത്. സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയല്ല ഫാസിസ്റ്റ് ഫെഡറേഷൻ ഓഫ് ഇന്ത്യയായി എസ്എഫ്ഐ മാറിയെന്നും ശുഭേഷ് സുധാകരൻ പറഞ്ഞു.

അതേസമയം തങ്ങൾക്കെതിരേ നടക്കുന്നത് കള്ളപ്രചാരണമാണെന്നും ജനാധിപത്യം പഠിപ്പിക്കേണ്ടെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ് എംഎൽഎ പറഞ്ഞു. എഐഎസ്എഫ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് സച്ചിൻ ദേവ് ആരോപിച്ചു. സെനറ്റ് തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ വലിയ പിന്തുണയോടെ ജയിച്ചു. എഐഎസ്എഫിന് സ്വതന്ത്രർക്ക് കിട്ടിയ വോട്ട് പോലും കിട്ടിയില്ലെന്നും സച്ചിൻ ദേവ് പറഞ്ഞു.

സെനറ്റിൽ സീറ്റ് കിട്ടാത്തതിന്റെ ജാള്യത മറയ്ക്കാനുള്ള ആരോപണമാണ് എഐഎസ്എഫിന്റേത്. ഇത് ഇടത് വിദ്യാർഥി സംഘടനയുടെ രീതിയല്ല. എസ്എഫ്ഐക്കെതിരേ കള്ളപ്രചാരണം നടത്തുന്നു. സംഘർഷങ്ങളെ ന്യായീകരിക്കില്ല. ജയിക്കുന്ന തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എസ്എഫ്ഐ എന്തിന് പ്രകോപനമുണ്ടാക്കണം? പ്രവർത്തകരുടെ മോശമായ പെരുമാറ്റം പരിശോധിക്കാൻ തയ്യാറാണ്. പ്രചരിക്കുന്ന വീഡിയോയിൽ എസ്എഫ്ഐയ്ക്ക് പങ്കുണ്ടെങ്കിൽ അന്വേഷിക്കാം. സ്ഥലത്തില്ലാതിരുന്നയാളെ കുറിച്ച് എഐഎസ്എഫ് പച്ചക്കള്ളം പ്രചരിപ്പിക്കുന്നുവെന്നും എംഎൽഎ പറഞ്ഞു.

Next Story

RELATED STORIES

Share it