Sub Lead

കൊവിഡ്: രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്; ഛത്തീസ്ഗഡില്‍ വീണ്ടും സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍

86,183 കൊവിഡ് കേസുകളാണ് ഛത്തീസ്ഗണ്ഡില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്

കൊവിഡ്: രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്; ഛത്തീസ്ഗഡില്‍ വീണ്ടും സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍
X

റായ്പൂര്‍: ഛത്തീസ്ഗഡില്‍ വീണ്ടും സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രാഖ്യാപിച്ച് സര്‍ക്കാര്‍. തലസ്ഥാനമായ റായ്പൂര്‍ ഉള്‍പ്പെടെയുള്ള 12 ജില്ലകളില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനെ തുടര്‍ന്നാണ് നടപടി. സംസ്ഥാനത്ത് ഏറ്റവുമധികം രോഗബാധിതരുള്ള ജില്ലയാണ് റായ്പൂര്‍. ഇവിടെ ഇതുവരെ 2600 ലധികം കേസുകളാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ജില്ല മൊത്തമായി കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണെന്നും ജില്ലാ അതിര്‍ത്തികള്‍ ഈ കാലയളവിലേക്ക് അടച്ചിടുമെന്നും ജില്ലാ കലക്ടര്‍ എസ് ഭാരതി ദാസന്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി.

ഇന്ന് മുതല്‍ സൂരജ്പൂര്‍ ജില്ലയിലും, നാളെ മുതല്‍ ബലോദബസാര്‍ കോര്‍ബ ജില്ലകളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. റായ്ഗഡില്‍ വെള്ളിയാഴ്ച മുതല്‍ ലോക്ക്ഡൗണ്‍ ആരംഭിക്കും. കൂടാതെ ജാഷ്പുര്‍, ജഞ്ച്ഗിര്‍-ചമ്പ, ദുര്‍ഗ്, ഭിലായ്, ദംതാരി, ബിലാസ്പുര്‍ എന്നീ ജില്ലകളിലും സെപ്തംബര്‍ 28 വരെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

ജില്ലാതിര്‍ത്തി കടക്കുന്നവര്‍ക്ക് ഇ-പാസ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. എല്ലാ സര്‍ക്കാര്‍, സ്വകാര്യ ഓഫിസുകള്‍, മദ്യവില്‍പ്പന ശാലകള്‍, വ്യാവസായിക യൂണിറ്റുകള്‍, നിര്‍മ്മാണ സൈറ്റുകള്‍ അടച്ചിടും.പലചരക്കു കടകളുള്‍പ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതല്ല. മെഡിക്കല്‍ ഷോപ്പുകള്‍ പ്രവര്‍ത്തിക്കുമെങ്കിലും വീടുകളില്‍ മരുന്നെത്തിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.രാവിലെ ആറ് മുതല്‍ എട്ട് മണി വരെയും വൈകീട്ട് അഞ്ച് മുതല്‍ ആറര മണിവരെയും പാല്‍വില്‍പനകേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും അടിയന്തര സര്‍വീസ് നടത്തുന്ന സ്വകാര്യവാഹനങ്ങള്‍ക്കും ആംബുലന്‍സുകള്‍ക്കും മാത്രം പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം ലഭ്യമാവും. ഗ്യാസ് സിലിണ്ടറുകള്‍ക്കുള്ള ഫോണ്‍ വഴി ഓഡര്‍ സ്വീകരിക്കാനും അവ വീടുകളിലെത്തിക്കാനും വിതരണക്കാര്‍ക്ക് അനുവാദമുണ്ട്.

അവശ്യസേവനങ്ങളായ ആരോഗ്യം, വൈദ്യുതി, ജലവിതരണം, ശുചീകരണപ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് നിയന്ത്രണം ബാധകമല്ല. 86,183 കൊവിഡ് കേസുകളാണ് ഛത്തീസ്ഗഡില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഞായറാഴ്ച 1,949 കേസുകളും 13 മരണങ്ങളും റിപോര്‍ട്ട് ചെയ്തു. മരണസംഖ്യ 677 ആയി. സംസ്ഥാനത്ത് ഇപ്പോള്‍ 29 ജില്ലകളിലായി 37,853 സജീവ കേസുകളുണ്ട്. റായ്പൂര്‍ ജില്ലയില്‍ 319 മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തു




Next Story

RELATED STORIES

Share it