Sub Lead

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ പി കുഞ്ഞിമൂസ അന്തരിച്ചു

മയ്യിത്ത് നമസ്‌കാരം തിങ്കളാഴ്ച ളുഹര്‍ നമസ്‌കാര ശേഷം പന്നിയങ്കര ജുമുഅത്ത് പള്ളിയില്‍ നടക്കും. തുടര്‍ന്ന് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ പി കുഞ്ഞിമൂസ അന്തരിച്ചു
X

കോഴിക്കോട്: എഴുത്തുകാരനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ചന്ദ്രിക ദിനപത്രം മുന്‍ എഡിറ്ററുമായിരുന്ന കെ പി കുഞ്ഞിമൂസ(78) അന്തരിച്ചു. ഞായറാഴ്ച രാത്രി 11ഓടെ പന്നിയങ്കരയിലെ മൈത്രി വീട്ടിലാണ് അന്ത്യം. ഭാര്യ: തലശ്ശേരി കതിരൂര്‍ സ്വദേശിനി വി എം ഫൗസിയ. മക്കള്‍: വി എം ഷെമി, ഷെജി, ഷെസ്‌ന. മരുമക്കള്‍: പി എം ഫിറോസ്, നൗഫല്‍, ഷഹ്‌സാദ്്(ഇരുവരും ദുബയ്). തലശ്ശേരി പുന്നോല്‍ സ്വദേശിയായ കുഞ്ഞിമ്മൂസ നാലര പതിറ്റാണ്ടായി കോഴിക്കോടാണ് താമസം. വിദ്യാര്‍ഥിയായിരിക്കെ പത്രപ്രവര്‍ത്തന മേഖലയില്‍ പ്രവേശിച്ച അദ്ദേഹത്തിനു വിവിധ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. തലശ്ശേരിയിലെ ബ്രണ്ണന്‍ കോളജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദമെടുത്തു. 1966ല്‍ കോഴിക്കോട് ചന്ദ്രിക ദിനപത്രത്തില്‍ സഹ പത്രാധിപരായി ജോലിയില്‍ പ്രവേശിച്ചു. വാരാന്തപ്പതിപ്പ് എഡിറ്റര്‍, ചീഫ് സബ് എഡിറ്റര്‍ എന്നീ പദവികള്‍ വഹിച്ചു. 1975 മുതല്‍ ഒരു പതിറ്റാണ്ട് ലീഗ് ടൈംസ് ന്യൂസ് എഡിറ്ററായിരുന്നു. 1986ല്‍ ചന്ദ്രിക വാരിക എഡിറ്ററായി. 1996ല്‍ വിരമിച്ചു. കേരള പ്രസ് അക്കാദമി എക്‌സിക്യൂട്ടീവ് അംഗം, പ്രസ് അക്രഡിറ്റേഷന്‍ കമ്മിറ്റിയംഗം, കാലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡന്റ്, എഎഫ്ഡബ്ല്യുജെ നാഷനല്‍ കൗണ്‍സില്‍ അംഗം, സീനിയര്‍ ജേണലിസറ്റ് ഫോറം സംസ്ഥാന സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. വിവിധ ആനുകാലികങ്ങളില്‍ എഴുതിയിരുന്ന അദ്ദേഹം പത്ര ഫലിതങ്ങള്‍ ഉള്‍പ്പെടെ നിരവധി കൃതികളുടെ രചയിതാവ് കൂടിയാണ്. നിരവധി വിദേശ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഖത്തര്‍ മിഡില്‍ ഈസ്റ്റ് ഫ്രണ്ട്ഷിപ്പ് അവാര്‍ഡ്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പുരസ്‌കാരം, കുവൈത്ത്, സലാല പുരസ്‌കാരങ്ങള്‍, സഞ്ജയന്‍ സ്മാരക അവാര്‍ഡ് തുടങ്ങിയ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. എംഇഎസ് ജേര്‍ണല്‍, സത്യധാര തുടങ്ങി ഏതാനും ആനുകാലികങ്ങളുടെ എഡിറ്ററായിരുന്നു. സ്വന്തമായി മൈത്രീ ബുക്‌സ് പ്രസിദ്ധീകരണാലയം നടത്തിയിരുന്നു. മയ്യിത്ത് നമസ്‌കാരം തിങ്കളാഴ്ച ളുഹര്‍ നമസ്‌കാര ശേഷം പന്നിയങ്കര ജുമുഅത്ത് പള്ളിയില്‍ നടക്കും. തുടര്‍ന്ന് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.


Next Story

RELATED STORIES

Share it