Sub Lead

കോട്ടയം കൂടാതെ ഒരു സീറ്റു കൂടി വേണമെന്ന നിലപാടില്‍ ഉറച്ച് പി ജെ ജോസഫ്; യുഡിഎഫിന് തലവേദനയാകും

കോട്ടയം കൂടാതെ ഒരു സീറ്റു കൂടി വേണമെന്ന   നിലപാടില്‍ ഉറച്ച് പി ജെ ജോസഫ്;   യുഡിഎഫിന് തലവേദനയാകും
X

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്തിനു പുറമെ മറ്റൊരു സീറ്റു കൂടി വേണമെന്ന ഉറച്ച നിലപാടില്‍ കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ് ഉറച്ചു നില്‍ക്കുന്നതോടെ യുഡിഫിനും കോണ്‍ഗ്രസിനും സീറ്റു വിഭജനം തലവേദനയാകും.ജോസഫിന്റെ കര്‍ശന നിലപാട് കെ എം മാണിയെയും പ്രതിസന്ധിയിലാക്കും.കോട്ടയത്തിനു പുറമെ മറ്റൊരു സീറ്റു കൂടി വേണമെന്ന നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്ന് പി ജെ ജോസഫ് ഇന്നും ആവര്‍ത്തിച്ചു. കഴിഞ്ഞ ദിവസം കൊച്ചിയില്‍ രാഹുല്‍ ഗാന്ധിയുമായി നടന്ന യുഡിഎഫ് നേതാക്കളുടെ കൂടിക്കാഴ്ചയില്‍ രാഹുല്‍ ഗാന്ധിയോടും ജോസഫ് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ജോസഫിനൊപ്പമൂണ്ടായിരുന്ന കെ എം മാണി മൗനം പാലിച്ചപ്പോള്‍ ഒരു സീറ്റു കൂടി വേണമെന്ന ശക്തമായ നിലപടാണ് കൂടിക്കാഴ്ചയില്‍ ജോസഫ് കൈക്കൊണ്ടത്.തുടര്‍ന്ന് ഈ വിഷയം കേരളത്തിലെ യുഡിഎഫില്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണാന്‍ രാഹുല്‍ ഗാന്ധി നേതാക്കളോട് നിര്‍ദേശിക്കുകയായിരുന്നു.ഒരു സീറ്റുകൂടി അധികം വേണമെന്ന് താനും കെ എം മാണിയും ചേര്‍ന്ന് രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടതായി പി ജെ ജോസഫ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

1971 ലാണ് കേരള കോണ്‍ഗ്രസ് യുഡിഎഫ് എന്ന നിലയില്‍ ലോക്‌സഭയിലേക്ക് മല്‍സരിച്ചത്.അന്ന് പാര്‍ടിക്ക് മൂന്നു സീറ്റാണ് ലഭിച്ചത്. അത് മൂന്നും വിജയിച്ചു.ആര്‍ ബാലകൃഷ്ണപിള്ള മാവേലിക്കരയില്‍ നിന്നും വര്‍ക്കി ജോര്‍ജ് കോട്ടയത്ത് നിന്നും പീരുമേടില്‍ നിന്നും എം എന്‍ ജോസഫും. പിന്നീട് 77 ല്‍ നിയമസഭയിലേക്ക് 22 ഉം ലോക് സഭയിലേക്ക് രണ്ടും സീറ്റു ലഭിച്ചു.മൂവാറ്റുപുഴയും കോട്ടയവുമായിരുന്നു ലോക്‌സഭിയിലേക്ക് ലഭിച്ചത്.രണ്ടും വിജയിച്ചു. 84 ല്‍ തങ്ങള്‍ ഒരു സീറ്റു കൂടി ആവശ്യപ്പെട്ടു അന്ന് അധിരകായി മുകുന്ദപുരമാണ് ലഭിച്ചത്.മുകുന്ദപുരത്തും മൂവാറ്റുപുഴയിലും കേരള കോണ്‍ഗ്രസ് ജെയുടെ സ്ഥാനാര്‍ഥികളായിരുന്നു മല്‍സരിച്ചത് രണ്ടും പേരും വിജയിച്ചു.പിന്നീട് താനും മാണിയും രണ്ടു മുന്നണിയിലായി. രണ്ടിടത്തും ഒരോ സീറ്റു ലഭിച്ചു.പിന്നീട് തങ്ങള്‍ വീണ്ടും ഒന്നായി. ഇതേ തുടര്‍ന്ന 2014 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ തന്നെ തങ്ങള്‍ക്ക് രണ്ട് സീറ്റ് ലഭിക്കേണ്ടതായിരുന്നു.എന്നാല്‍ കിട്ടിയില്ല.ഇപ്പോള്‍ കോട്ടയം കൂടാതെ തങ്ങള്‍ ആവശ്യപെടുന്നത് ഒന്നുകില്‍ ഇടുക്കിയോ അതല്ലെങ്കില്‍ നേരത്തെ തങ്ങള്‍ക്കു ലഭിച്ചിരുന്ന മുകുന്ദപുരത്തിന്റെ ഭാഗമായ ചാലക്കുടിയോ ലഭിക്കണമെന്നാണ്.ഇതിലേതെങ്കിലും ഒന്നും കിട്ടിയേ തീരുവെന്ന അവകാശ വാദമാണ് ഉന്നയിച്ചിരിക്കുന്നത്.

സീറ്റ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വിഷയം കേരളത്തില്‍ ചര്‍ച്ച ചെയ്യാനാണ് രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചിരിക്കുന്നത്.രാഹുല്‍ഗാന്ധിയുടെ ഭാഗത്ത് നിന്നും അനുകൂലമായ തീരുമാനമാണ് ഉണ്ടായതെന്ന് പറയാന്‍ കഴിയില്ല.വിഷയങ്ങള്‍ ഇവിടെ ചര്‍ച ചെയ്ത് പരിഹരിക്കാമെന്നാണ് എ കെ ആന്റിയുടെയും നിലപാട്.ഉഭയ കക്ഷി ചര്‍ച്ചയിലും ആവശ്യം ഉന്നയിക്കും. അനുകൂലമായ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.കോട്ടയം സീറ്റ് ഏതെങ്കിലും സീറ്റുമായി വെച്ചു മാറാനും തങ്ങള്‍ ഒരുക്കമല്ല. രണ്ടാതൊരു സീറ്റുകൂടിയാണ് ചോദിച്ചിരിക്കന്നതെന്നും ഇതിന്റെ പേരില്‍ വെച്ചുമാറ്റമില്ലെന്നും പി ജെ ജോസഫ് പറഞ്ഞു. അതേ സമയം പി ജെ ജോസഫിന്റെ ആവശ്യം കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണിക്കും തലവേദനയാകുമെന്നാണ് വിലയിരുത്തപെടുന്നത്.നിലവില്‍ കോട്ടയം സീറ്റ് ലഭിച്ചിട്ടുണ്ടെങ്കിലും അത് മാണിയുമായി അടുത്ത് നില്‍ക്കുന്നവര്‍ക്കോ അതല്ലെങ്കില്‍ മാണി നിര്‍ദേശിക്കുന്നവര്‍ക്കോ മാത്രമെ ലഭിക്കു. ഇക്കാര്യം പി ജെ ജോസഫിന് വ്യക്തമായി അറിയാം. ജോസഫിനോപ്പം നില്‍ക്കുന്നവര്‍ക്കായിട്ടാണ് മറ്റൊരു സീറ്റു കൂടി അദ്ദേഹം ആവശ്യപെടുന്നത്. ഈ ആവശ്യം അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ മാണി ഗ്രൂപ്പില്‍ വീണ്ടും ഒരു പൊട്ടിത്തെറിക്കു തന്നെ സാധ്യതയുള്ളതായിട്ടാണ് വിലയിരുത്തപ്പെടുന്നത്.





Next Story

RELATED STORIES

Share it