Sub Lead

പ്രിയ വര്‍ഗീസിന്റെ നിയമനം: ഹൈക്കോടതി വിധി ഇടതു സര്‍ക്കാരിന്റെ സ്വജനപക്ഷപാതത്തിനേറ്റ തിരിച്ചടി- ജോണ്‍സണ്‍ കണ്ടച്ചിറ

പ്രിയ വര്‍ഗീസിന്റെ നിയമനം:   ഹൈക്കോടതി വിധി ഇടതു സര്‍ക്കാരിന്റെ സ്വജനപക്ഷപാതത്തിനേറ്റ തിരിച്ചടി- ജോണ്‍സണ്‍ കണ്ടച്ചിറ
X


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോ. പ്രഫസറായി നിയമിച്ച നടപടി റദ്ദാക്കിയ കോടതി വിധി ഇടതു സര്‍ക്കാരിന്റെ സ്വജനപക്ഷപാതത്തിനേറ്റ കനത്ത തിരിച്ചടിയാണെന്ന് എസ്ഡിപിഐ ജോണ്‍സണ്‍ കണ്ടച്ചിറ. പ്രിയ വര്‍ഗീസിന്റെ നിയമനം യുജിസി മാനദണ്ഡങ്ങള്‍ പാലിച്ചല്ലെന്ന കണ്ടെത്തല്‍ ഗുരുതരമാണ്. പ്രിയയുടെ സേവന കാലവും പ്രവൃത്തി പരിചയവും തമ്മില്‍ വ്യത്യാസമുണ്ടെന്ന കോടതി നിരീക്ഷണം അഴിമതിയുടെ ആഴം വ്യക്തമാക്കുന്നു. മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി അയോഗ്യരായവര്‍ക്ക് നിയമനം നല്‍കിയതുമായി ബന്ധപ്പെട്ട മുഴുവന്‍ ഉദ്യോഗസ്ഥരെയും പ്രോസിക്യൂട്ട് ചെയ്യണം.


സംസ്ഥാനത്തെ സര്‍വകലാശാലകളിലടക്കം ഉന്നത തസ്തികകളില്‍ ബന്ധുക്കള്‍ക്കും പാര്‍ട്ടിക്കാര്‍ക്കും ഇഷ്ടക്കാര്‍ക്കും എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് നിയമനം നല്‍കുന്നതായി നിരവധി ആക്ഷേപങ്ങളാണ് ഉയരുന്നത്. യുജിസി മാനദണ്ഡങ്ങള്‍ ലംഘിച്ച് അനധികൃതമായി നിയമനം നല്‍കിയ കേരളാ സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ സ്ഥാനം സുപ്രിം കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഡോ. രാജശ്രീ എംഎസിന്റെ നിയമനമാണ് കോടതി റദ്ദാക്കിയത്. വിസി നിയമനം റദ്ദാക്കിയ കോടതി വിധിക്കെതിരേ സുപ്രിം കോടതിയില്‍ പുനപ്പരിശോധനാ ഹരജി നല്‍കുന്നതിന് നിയമോപദേശത്തിന് നിത്യചെലവിന് ബുദ്ധിമുട്ടുന്ന ഖജനാവില്‍ നിന്ന് 15 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്.


തിരുവനന്തപുരം കോര്‍പറേഷനിലെ 275 ലധികം നിയമനത്തിന് പാര്‍ട്ടിക്കാരുടെ പട്ടിക ആവശ്യപ്പെട്ട് മേയര്‍ സിപിഎം ജില്ലാ സെക്രട്ടറിക്ക് നല്‍കിയതെന്ന പേരില്‍ പുറത്തുവന്ന കത്ത് സംബന്ധിച്ച വിവാദം കത്തി നില്‍ക്കുകയാണ്. ഇതിനോടനുബന്ധിച്ച് സിപിഎം നേതാക്കള്‍ ഇടപെട്ട നിരവധി പിന്‍വാതില്‍ നിയമനങ്ങളുടെ വിവരങ്ങളാണ് അനുദിനം പുറത്തുവരുന്നത്. ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ തൊഴില്‍ തേടി അലയുമ്പോഴാണ് എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് ബന്ധുക്കള്‍ക്കും ഇഷ്ടക്കാര്‍ക്കും വഴിവിട്ട് നിയമനങ്ങള്‍ നല്‍കുന്നത്. ഇടതു മുന്നണി പ്രകടന പത്രികയില്‍ സ്വന്തക്കാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും നിയമനം നല്‍കുമെന്നായിരുന്നോ വാഗ്ദാനം നല്‍കിയിരുന്നതെന്ന് മുന്നണി നേതാക്കള്‍ വ്യക്തമാക്കണം. ഇടതു സര്‍ക്കാര്‍ അധികാരമേറ്റതുമുതല്‍ പിഎസ് സി, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഉള്‍പ്പെടെ നടന്ന മുഴുവന്‍ നിയമനങ്ങളെ സംബന്ധിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നും ജോണ്‍സണ്‍ കണ്ടച്ചിറ ആവശ്യപ്പെട്ടു.




Next Story

RELATED STORIES

Share it