Sub Lead

ആര്‍എസ്എസ്സിന് മാന്യത നല്‍കാനുള്ള സുധാകരന്റെ ശ്രമം അപലപനീയം: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

ആര്‍എസ്എസ്സിന് മാന്യത നല്‍കാനുള്ള സുധാകരന്റെ ശ്രമം അപലപനീയം: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
X

തിരുവനന്തപുരം: വംശീയാതിക്രമത്തിന്റെയും കലാപങ്ങളുടെയും മാത്രം അനുഭവ സമ്പത്തുള്ള ആര്‍എസ്എസ്സിന് കാവലൊരുക്കിയും നെഹ്രുവിന്റെ പേരു പറഞ്ഞ് അവര്‍ക്ക് മാന്യത നല്‍കാനുമുള്ള കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ശ്രമം അപലപനീയമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. ഇതിലൂടെ അവരുടെ ഇഷ്ടക്കാരനായി ഫാഷിസ്റ്റ് ചേരിയിലേക്ക് ചേക്കേറാനുള്ള കെ സുധാകരന്റെ അടവുനയമാണിതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിനെ പോലും ആര്‍എസ്എസ് അനുകൂലിയാക്കി ചിത്രീകരിച്ചതിലൂടെ സുധാകരന്‍ ആരുടെ കൈയടി വാങ്ങാനാണ് ശ്രമിക്കുന്നത്. പ്രസ്താവന ആവര്‍ത്തിച്ചും ഖേദം പ്രകടിപ്പിച്ചും ഒരേസമയം ഇരുവിഭാഗങ്ങളുടെയും പ്രീതി നേടാനാണ് സുധാകരന്‍ ശ്രമിക്കുന്നത്.

കോണ്‍ഗ്രസിന്റെ ഇത്തരം സമീപനങ്ങളാണ് രാജ്യവ്യാപകമായി ആര്‍എസ്എസ്സിന് വളരാന്‍ തണലൊരുക്കിയിട്ടുള്ളത്. കേരളത്തില്‍ ബിജെപിക്ക് രാഷ്ട്രീയമായി മുന്നേറാന്‍ കഴിയാത്തത് കേരളീയ പൊതുസമൂഹത്തിന്റെ നിരന്തരമായ ജാഗ്രതയുടെയും ചരിത്രബോധത്തിന്റെയും ഫലമാണ്. കോണ്‍ഗ്രസ് പിന്തുണയോടെ വടകരയിലുള്‍പ്പെടെ ആര്‍എസ്എസ് മുന്നണി ബന്ധമുണ്ടാക്കിയതിനെ ജനങ്ങള്‍ ഒറ്റക്കെട്ടായി പരാജയപ്പെടുത്തുകയായിരുന്നു. രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ അപകടം ആര്‍എസ്എസ് പ്രത്യയശാസ്ത്രം നടപ്പാക്കുന്നതാണെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ തന്നെ നിരന്തരം പറയുമ്പോഴും പിസിസി അധ്യക്ഷനില്‍ നിന്ന് ഇത്തരം പ്രസ്താവനകള്‍ ഉണ്ടാവുന്നതിന്റെ താല്‍പ്പര്യം മനസിലാക്കാവുന്നതാണ്.

ഗുരുതരമായ പ്രസ്താവന കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ശിഥിലമാക്കുമെന്നു ബോധ്യമുണ്ടായിട്ടും വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്. മതന്യൂനപക്ഷങ്ങളെ വെട്ടിനുറുക്കുന്നതിന് പരിശീലനം നല്‍കുന്ന ആര്‍എസ്എസ് ശാഖയ്ക്ക് കാവല്‍ നിന്നതിന്റെ പേരില്‍ അഭിമാനിക്കുന്ന സുധാകരന്‍ ഏത് പ്രത്യയശാസ്ത്രത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് മനസിലാകുന്നുണ്ട്. തനിക്കു തോന്നിയാല്‍ ബിജെപിയില്‍ പോകുമെന്നും ആളെ അയച്ച് ആര്‍എസ്എസ് ശാഖയ്ക്കു സംരക്ഷണം നല്‍കിയിട്ടുണ്ടെന്നും പറഞ്ഞ ശേഷം തന്റെ ആര്‍എസ്എസ് പക്ഷപാതിത്വത്തെ ന്യായീകരിക്കാന്‍ ജവഹര്‍ലാല്‍ നെഹ്രുവിനെ കൂട്ടുപിടിക്കുന്ന സുധാകരന്റെ ശ്രമത്തോട് പ്രതികരിക്കാനുള്ള ബാധ്യത യഥാര്‍ത്ഥ കോണ്‍ഗ്രസ്സുകാര്‍ക്കുണ്ട്. കൂടാതെ അവരുമായി മുന്നണി ബന്ധം പുലര്‍ത്തുന്ന മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ളവര്‍ നിലപാട് വ്യക്തമാക്കണം.

ആര്‍എസ്എസ് ശാഖയ്ക്ക് കാവല്‍ നല്‍കിയത് ജനാധിപത്യം സംരക്ഷിക്കാനാണെന്നാണ് സുധാകരന്‍ പറയുന്നത്. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ ക്രൂരമായി വെടിവെച്ചു കൊന്നാണ് സംഘപരിവാര ഫാഷിസം രാജ്യത്ത് വര്‍ഗീയ അജണ്ടയ്ക്ക് കളമൊരുക്കിയത്. അന്ന് ആര്‍എസ്എസിനെ നിരോധിച്ചത് പ്രധാനമന്ത്രി നെഹ്രുവായിരുന്നു. ആ നെഹ്റുവിനെ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ തന്നെ ആര്‍എസ്എസിനോട് സന്ധിചെയ്ത നേതാവാക്കി ചിത്രീകരിച്ചാല്‍ സന്തോഷിക്കുന്നത് ആര്‍എസ്എസ് മാത്രമാണ്. ദേശീയ തലത്തിലും സംസ്ഥാനത്തും ജനങ്ങളെ ബാധിക്കുന്ന അതീവ ഗുരുതരമായ പ്രശ്‌നങ്ങളുള്ളപ്പോള്‍ ആര്‍എസ്എസ്സ് വിധേയത്വം അജണ്ടയാക്കി ചര്‍ച്ച വഴിതിരിച്ചുവിടുന്നത് ദുഷ്ടലാക്കാണ്. മുതിര്‍ന്ന യുഡിഎഫ്, കോണ്‍ഗ്രസ് നേതാക്കള്‍ സുധാകരനെ നിലയ്ക്കു നിര്‍ത്തണമെന്നും അല്ലാത്തപക്ഷം കോണ്‍ഗ്രസ് മുക്ത ഇന്ത്യ എന്ന ഫാഷിസ്റ്റ് അജണ്ടയുടെ വേഗം കൂടുമെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി മുന്നറിയിപ്പു നല്‍കി.

Next Story

RELATED STORIES

Share it