Sub Lead

നിലമ്പൂര്‍ ഫലം: ഹിന്ദുത്വവല്‍ക്കരണത്തിന് ആക്കം കൂട്ടുന്ന സിപിഎം നയങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടി- സി പി എ ലത്തീഫ്

നിലമ്പൂര്‍ ഫലം: ഹിന്ദുത്വവല്‍ക്കരണത്തിന് ആക്കം കൂട്ടുന്ന സിപിഎം നയങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടി- സി പി എ ലത്തീഫ്
X

തിരുവനന്തപുരം: കേരളത്തിന്റെ മതേതര പൊതുസമൂഹത്തെ വിഭജിച്ച് സംഘപരിവാരത്തിന്റെ ഹിന്ദുത്വവല്‍ക്കരണത്തിന് ആക്കംകൂട്ടുന്ന സിപിഎമ്മിന്റെയും ഇടതു സര്‍ക്കാരിന്റെയും നയനിലപാടുകള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. കേരളത്തിലെ മതന്യൂനപക്ഷങ്ങളോടുള്ള ഇടതു സര്‍ക്കാരിന്റെ നയം, ആഭ്യന്തര വകുപ്പിന്റെ പക്ഷപാതപരമായ സമീപനം, മലപ്പുറം ജില്ലയെ ഭീകരവല്‍ക്കരിക്കാന്‍ നടത്തിയ ശ്രമങ്ങള്‍, ആര്‍എസ്എസ് പ്രചാരണങ്ങള്‍ക്ക് സഹായകരമാകുന്ന സിപിഎമ്മിന്റെ സമീപനങ്ങള്‍ തുടങ്ങിയവക്കെതിരായ ജനരോഷമാണ് ഉപതിരഞ്ഞെടുപ്പില്‍ പ്രകടമായത്.

ജനങ്ങളെ മതപരമായി ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കാമെന്ന സിപിഎമ്മിന്റെ വ്യാമോഹമാണ് തകര്‍ന്നടിഞ്ഞത്. സംഘപരിവാരത്തിന്റെ വിദ്വേഷ പ്രചാരണങ്ങള്‍ അതേപടി സിപിഎം നേതാക്കള്‍ ഏറ്റെടുത്ത് വിഷലിപ്തമായ സാമൂഹിക ധ്രുവീകരണം സൃഷ്ടിക്കുന്നത് സമീപകാലത്ത് പതിവായിരുന്നു. ഇതിലൂടെ സംഘപരിവാര മനസുകളെ തങ്ങള്‍ക്ക് അനുകൂലമാക്കാമെന്ന വ്യാമോഹത്തിനിടയില്‍ കാലിനടിയിലെ മണ്ണ് ഒലിച്ചു പോവുന്നത് തിരിച്ചറിയാന്‍ സിപിഎമ്മിന് കഴിഞ്ഞില്ല. ഇടതു സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരവും ജനവിധിയില്‍ പ്രതിഫലിക്കുന്നുണ്ട്. സംസ്ഥാന മന്ത്രിസഭയും ഭരണ- പ്രതിപക്ഷ എംഎല്‍എമാരും ഒന്നടങ്കം മൂന്നാഴ്ചക്കാലം നിലമ്പൂരില്‍ തമ്പടിച്ചാണ് പ്രചാരണം നടത്തിയത്.

അധികാര ദുര്‍വിനിയോഗവും പണക്കൊഴുപ്പും വിനിയോഗിച്ച തിരഞ്ഞെടുപ്പായിരുന്നു നിലമ്പൂരില്‍ കണ്ടത്. മൂന്നു മുന്നണികളും സ്വതന്ത്രനായെത്തിയ മുന്‍ എംഎല്‍എയും ഉള്‍പ്പെടെ മണ്ഡലത്തില്‍ നടത്തിയ പണക്കൊഴുപ്പിന്റെയും അധികാര ദുര്‍വിനിയോഗത്തിന്റെയും കുത്തൊഴുക്കിനിടയിലും കേഡര്‍ വോട്ടുകള്‍ നിലനിര്‍ത്താന്‍ എസ്ഡിപിഐയ്ക്ക് സാധിച്ചു. എല്ലാവിധ അടിയൊഴുക്കുകള്‍ക്കിടയിലും അടിയുറച്ച രാഷ്ട്രീയ നിലപാട് സ്വീകരിച്ച വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കുന്നതായും സിപിഎ ലത്തീഫ് കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it