Sub Lead

പട്ടിണി മൂലം മരിച്ച കുടിയേറ്റത്തൊഴിലാളിയുടെ വീട് എസ് ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു

വീട് സന്ദര്‍ശിച്ച ശേഷം ജില്ലാ ഭരണകൂടവുമായി നേതാക്കള്‍ ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് ഇന്ദിര ആവാസ് യോജനയില്‍ ഉള്‍പ്പെടുത്തി അവരുടെ കുടുംബത്തിന് വീടുനല്‍കുമെന്നു ജില്ലാ ഭരണകൂടം അറിയിച്ചു

പട്ടിണി മൂലം മരിച്ച കുടിയേറ്റത്തൊഴിലാളിയുടെ വീട് എസ് ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു
X

പട്‌ന: പട്ടിണി മൂലം റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ മരിച്ച കുടിയേറ്റത്തൊഴിലാളിയുടെ വീട് എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു. എസ്ഡിപിഐ ബിഹാര്‍ സംസ്ഥാന പ്രസിഡന്റ് നസീം അക്തറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശിച്ചത്. അമ്മയുടെ മൃതദേഹം മൂടിയ തുണി വലിച്ച് അമ്മയെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന കൊച്ചുകുഞ്ഞിന്റെ ദൃശ്യം കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ നൊമ്പരമുണര്‍ത്തിയിരുന്നു. ബിഹാറിലെ മുസാഫര്‍പൂരിലെ ഒരു റെയില്‍വേ സ്‌റ്റേഷനില്‍ നിന്നുള്ളതായിരുന്നു ആ ദൃശ്യം.

കതിഹാറിലെ അസം നഗര്‍ ബ്ലോക്കിലെ ശ്രീപുര്‍ ഗ്രാമവാസിയായ അര്‍ബീന ഖാതൂനാണ് മരിച്ചത്. കുടിയേറ്റ തൊഴിലാളികള്‍ക്കായുള്ള പ്രത്യേക ട്രെയിനിലാണ് യുവതി ഇവിടെയെത്തിയത്. ഭക്ഷണവും വെള്ളവും ലഭിക്കാത്തതിനെ തുടര്‍ന്ന് യുവതി അവശയായിരുന്നു. ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്ന് ശനിയാഴ്ചയാണ് ഇവര്‍ ട്രെയിന്‍ കയറിയത്. തിങ്കളാഴ്ച, ട്രെയിന്‍ മുസാഫര്‍പൂരിലേക്ക് എത്തുന്നതിന് തൊട്ടുമുമ്പ് യുവതി കുഴഞ്ഞുവീഴുകയും പിന്നാലെ മരണപ്പെടുകയുമായിരുന്നു. സഹോദരി, സഹോദരീ ഭര്‍ത്താവ്, രണ്ട് കുട്ടികള്‍ എന്നിവരോടൊപ്പം യുവതി കതിഹാറിലേക്ക് പോവുകയായിരുന്നു.

കതിഹാറിലെ അസം നഗര്‍ ബ്ലോക്കിലെ ശ്രീപുര്‍ ഗ്രാമവാസിയായ അര്‍ബീന ഖാതൂണ്‍ 5 വര്‍ഷം മുമ്പാണ് വിവാഹിതയായത്. 4 വയസും ഒന്നര വയസുമുള്ള രണ്ട് കുട്ടികളുടെ ഉമ്മയായിരുന്നു അര്‍ബീന. ഭര്‍ത്താവ് ഉപേക്ഷിച്ചതിനാല്‍ ജോലിക്ക് പോവാന്‍ നിര്‍ബന്ധിതയാവുകയായിരുന്നു അവര്‍. സര്‍ക്കാര്‍ പുറമ്പോക്കിലാണ് ഇവരുടെ കുടുംബം താമസിക്കുന്നതെന്ന് വീട് സന്ദര്‍ശിച്ച നേതാക്കള്‍ പറഞ്ഞു.

വീട് സന്ദര്‍ശിച്ച ശേഷം ജില്ലാ ഭരണകൂടവുമായി നേതാക്കള്‍ ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് ഇന്ദിര ആവാസ് യോജനയില്‍ ഉള്‍പ്പെടുത്തി അവരുടെ കുടുംബത്തിന് വീടുനല്‍കുമെന്നു ജില്ലാ ഭരണകൂടം അറിയിച്ചു. ആര്‍ജെഡി നേതാവ് തേജസ്വി യാദവ് കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 5 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. എഎംയു ഓള്‍ഡ് ബോയ്‌സ് അസോസിയേഷന്‍ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാമെന്നും അറിയിച്ചിട്ടുണ്ട്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ തകര്‍ത്തെറിഞ്ഞ കുടിയേറ്റ തൊഴിലാളി ജീവിതങ്ങളുടെ ഉള്ളുപൊള്ളിക്കുന്ന നിരവധി വാര്‍ത്തകളും ദൃശ്യങ്ങളുമാണ് അടുത്തിടെ തുടര്‍ച്ചയായി പുറത്തുവരുന്നത്.


Next Story

RELATED STORIES

Share it