Sub Lead

അച്ചടി പൂര്‍ത്തിയായി;ഏപ്രില്‍ 15നകം മുഴുവന്‍ സ്‌കൂളുകളിലും ആദ്യ വാല്യം പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുമെന്ന് കെബിപിഎസ്

6 മുതല്‍ 10 വരെയുളള ക്ലാസ്സുകളുടെ ഒന്നാം വാല്യം പാഠപുസ്തകം അച്ചടി പൂര്‍ത്തിയാക്കിയെന്നും ഏപ്രില്‍ 15നകം എല്ലാ സ്‌കൂളുകളിലും എത്തിക്കുമെന്നും കെബിപിഎസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കെ കാര്‍ത്തിക്.ഓഗസ്റ്റ് 30 നകം രണ്ടാം വാല്യവും നവംബര്‍ മാസത്തില്‍ മൂന്നാം വാല്യവും പാഠപുസ്തകങ്ങളുടെ വിതരണം നടത്തും. മൂന്ന് വാല്യങ്ങളായാണ് പാഠപുസ്തകങ്ങള്‍ തയാറാക്കിയിരിക്കുന്നത്. ഒന്നു മുതല്‍ അഞ്ച് വരെയുള്ള ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായി. മറ്റു ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ അച്ചടി പുരോഗമിക്കുന്നു

അച്ചടി പൂര്‍ത്തിയായി;ഏപ്രില്‍ 15നകം മുഴുവന്‍ സ്‌കൂളുകളിലും ആദ്യ വാല്യം പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുമെന്ന് കെബിപിഎസ്
X

കൊച്ചി: അടുത്ത അധ്യയന വര്‍ഷത്തെ പാഠപുസ്തകം നേരത്തെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് എറണാകുളം എസ് ആര്‍ വി യുപി സ്‌കൂള്‍ വിദ്യാര്‍ഥികള്‍. പുസ്തകങ്ങള്‍ കാണാന്‍ നല്ല ഭംഗിയാണ്. പക്ഷെ പഠിക്കാന്‍ ഏറെയുണ്ട്. അവധിക്കാലത്ത് പുതിയ പുസ്തകം വായിച്ച് തുടങ്ങണമെന്ന് എസ്ആര്‍വി യുപി സ്‌കൂള്‍ വിദ്യാര്‍ഥിയായ അനന്തന്‍ പറഞ്ഞു. 2019-20 അധ്യയന വര്‍ഷത്തെ പാഠപുസ്തകങ്ങളുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനം എസ്ആവി സ്‌കൂളില്‍ കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റി (കെബിപിഎസ്) ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കെ കാര്‍ത്തിക് നിര്‍വ്വഹിച്ചു. 6 മുതല്‍ 10 വരെയുളള ക്ലാസ്സുകളുടെ ഒന്നാം വാല്യം പാഠപുസ്തകം അച്ചടി പൂര്‍ത്തിയാക്കിയെന്നും ഏപ്രില്‍ 15നകം എല്ലാ സ്‌കൂളുകളിലും എത്തിക്കുമെന്നും കെ കാര്‍ത്തിക് പറഞ്ഞു.ഓഗസ്റ്റ് 30 നകം രണ്ടാം വാല്യവും നവംബര്‍ മാസത്തില്‍ മൂന്നാം വാല്യവും പാഠപുസ്തകങ്ങളുടെ വിതരണം നടത്തും. സാങ്കേതിക കാരണങ്ങളാല്‍ ഡിസംബര്‍ മാസത്തിലാണ് അച്ചടി തുടങ്ങിയത്. എന്നാല്‍ പാഠപുസ്തകങ്ങളുടെ അച്ചടി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

മൂന്ന് വാല്യങ്ങളായാണ് പാഠപുസ്തകങ്ങള്‍ തയാറാക്കിയിരിക്കുന്നത്. ഒന്നാം വാല്യത്തിനായി 3.25 കോടിയുടെയും രണ്ടാം വാല്യത്തിനായി 1.29 കോടിയുടെയും മൂന്നാം വാല്യത്തിനായി 49 ലക്ഷത്തിന്റെയും അച്ചടി ഓര്‍ഡറാണ് കെ ബി പി എസ്സിന് ലഭിച്ചിരിക്കുന്നത്. ഒന്നു മുതല്‍ അഞ്ച് വരെയുള്ള ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായി. മറ്റു ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ അച്ചടി പുരോഗമിച്ചുവരികയാണ്. ഒന്‍പത് പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ പരിഷ്‌കരിച്ച പാഠ്യ പദ്ധതിപ്രകാരമാണ് തയ്യാറാക്കുന്നത്. ഉന്നത ഗുണനിലവാരമുള്ള കടലാസാണ് ഈ വര്‍ഷം പാഠപുസ്തക അച്ചടിക്കായി ഉപയോഗിച്ചിരിക്കുന്നത്.സംസ്ഥാനത്തെ 14 ജില്ലകളിലേക്കുമുള്ള അച്ചടി പൂര്‍ത്തിയായ പാഠപുസ്തകങ്ങള്‍ വിതരണ കേന്ദ്രങ്ങളില്‍ നിന്നും സ്‌കൂള്‍ സൈറ്റുകളിലേക്ക് കെബിപിഎസ്സിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് എത്തിക്കുക. സംസ്ഥാനത്തെ 12,000 സ്‌കൂളുകള്‍ക്കുള്ള പാഠപുസ്തകങ്ങള്‍ 3,300 സൊസൈറ്റികള്‍ വഴി സ്‌കൂളുകളില്‍ എത്തിക്കും. അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്ക് പാഠപുസ്തക ഓഫീസറുടെ റിലീസ് ഓര്‍ഡര്‍ പ്രകാരം 14 ജില്ലകളിലെ പാഠപുസ്തക വിതരണ കേന്ദ്രത്തില്‍ നിന്നും പുസ്തകങ്ങള്‍ നേരിട്ട് നല്‍കുമെന്നും കെബിപിഎസ്് അധികൃതര്‍ പറഞ്ഞു.



Next Story

RELATED STORIES

Share it