Sub Lead

അടുത്ത അക്കാദമിക് വര്‍ഷം മുതല്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഗീതാ ശ്ലോകം ഉള്‍പ്പെടുത്തും: ഹരിയാന മുഖ്യമന്ത്രി

അടുത്ത വര്‍ഷം ഗീതയുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ 5, 7 ക്ലാസുകളിലെ പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് ഖട്ടര്‍ പറഞ്ഞു.

അടുത്ത അക്കാദമിക് വര്‍ഷം മുതല്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഗീതാ ശ്ലോകം ഉള്‍പ്പെടുത്തും: ഹരിയാന മുഖ്യമന്ത്രി
X

ഛണ്ഡീഗഢ്: സ്‌കൂളുകളില്‍ ഹിന്ദുത്വവല്‍ക്കരണം ശക്തമാക്കി ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍. അടുത്ത അക്കാദമിക് വര്‍ഷം മുതല്‍ ഹരിയാനയിലെ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഗീതാ ശ്ലോകങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ അറിയിച്ചു. ഭഗവത് ഗീതയിലെ ശ്ലോകങ്ങള്‍ ചൊല്ലാന്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കാനൊരുങ്ങുകയാണ്. അടുത്ത വര്‍ഷം ഗീതയുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ 5, 7 ക്ലാസുകളിലെ പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് ഖട്ടര്‍ പറഞ്ഞു. അന്താരാഷ്ട്ര ഗീതാമഹോല്‍സവത്തിന്റെ ഭാഗമായി ഗീതാജ്ഞാന് സന്‍സ്ഥാനത്തിലും കുരുക്ഷേത്ര സര്‍വകലാശാലയിലും സംഘടിപ്പിച്ച സെമിനാറിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. വിശുദ്ധ ഗ്രന്ഥത്തിന്റെ സന്ദേശം അര്‍ജുനനുവേണ്ടി മാത്രമല്ല, നമുക്കെല്ലാവര്‍ക്കും വേണ്ടി നല്‍കിയതാണ്.

അതിനാല്‍, യുവാക്കള്‍ ഗീതയുടെ സത്ത ജീവിതത്തില്‍ ഉള്‍ക്കൊള്ളണം. വാര്‍ഷിക അന്താരാഷ്ട്ര ഗീതാ മഹോല്‍സവത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നതിനായി അടുത്ത വര്‍ഷം മുതല്‍ ഗീതാ ജയന്തി കമ്മിറ്റി രൂപീകരിക്കുമെന്നും ഖട്ടര്‍ പറഞ്ഞു. ജ്യോതിസാറിലെ 'ഗീതസ്ഥലി'ല്‍ രണ്ടേക്കര്‍ സ്ഥലത്ത് 205 കോടി രൂപ ചെലവില്‍ മഹാഭാരതം പ്രമേയമാക്കി മ്യൂസിയം നിര്‍മിക്കും. ഈ കെട്ടിടത്തില്‍ ഭഗവദ് ഗീത, പുരാണത്തിലെ സരസ്വതി നദി, വൈദിക നാഗരികത എന്നിവ മള്‍ട്ടിമീഡിയ സംവിധാനങ്ങളിലൂടെ ചിത്രീകരിക്കും.

അടുത്ത വര്‍ഷം മുതല്‍ അന്താരാഷ്ട്ര ഗീതാ മഹോല്‍സവത്തില്‍ രാംലീലയുടെ മാതൃകയില്‍ കൃഷ്ണ ഉല്‍സവവും സംഘടിപ്പിക്കും. ഏകദേശം ആറ് ദിവസം നീണ്ടുനില്‍ക്കുന്ന ഈ ഉല്‍സവത്തില്‍, ശ്രീകൃഷ്ണന്റെ ജീവിതവുമായി ബന്ധപ്പെട്ട വ്യത്യസ്ത സംഭവങ്ങള്‍ ടാബ്ലോക്‌സിലൂടെ ചിത്രീകരിക്കും. ലൈറ്റ് ആന്റ് സൗണ്ട് ഷോയുമുണ്ടായിരിക്കും. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരസേനാനികള്‍ക്കും ഭഗവദ് ഗീത പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയും ചടങ്ങില്‍ പങ്കെടുത്തു. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയത് മുതല്‍ രാജ്യത്ത് സ്‌കൂള്‍ പാഠ്യപദ്ധതികള്‍ ഹിന്ദുത്വവല്‍ക്കരിക്കാനും വര്‍ഗീയവല്‍ക്കരിക്കാനും ആര്‍എസ്എസ് പ്രത്യയശാസ്ത്രം തിരുകിക്കയറ്റാനും ശ്രമങ്ങള്‍ ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്. സ്‌കൂളുകളിലെയും സര്‍വകലാശാലകളിലെയും പാഠ്യപദ്ധതികളില്‍ ആര്‍എസ്എസ് നേതാക്കളുടെ ജീവചരിത്രവും പുസ്തകങ്ങളും പഠനവിഷയമാക്കാനുള്ള നീക്കങ്ങളും നടന്നുവരികയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് വ്യാപകമായി ഇത്തരം ആസൂത്രിത പദ്ധതികള്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നത്.

Next Story

RELATED STORIES

Share it