Sub Lead

ഗര്‍ഭിണികള്‍ക്ക് നിയമന വിലക്ക്: ഉത്തരവ് മരവിപ്പിച്ച് എസ്ബിഐ

പൊതുജനവികാരം കണക്കിലെടുത്ത്, ഗര്‍ഭിണികളുടെ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച പുതുക്കിയ നിര്‍ദേശങ്ങള്‍ ഉപേക്ഷിക്കാനും വിഷയത്തില്‍ നിലവിലുള്ള നിര്‍ദേശങ്ങള്‍ തുടരാനും തീരുമാനിച്ചതായി എസ്ബിഐ അറിയിച്ചു.

ഗര്‍ഭിണികള്‍ക്ക് നിയമന വിലക്ക്: ഉത്തരവ് മരവിപ്പിച്ച് എസ്ബിഐ
X

ന്യൂഡല്‍ഹി: ഗര്‍ഭിണികള്‍ക്ക് ജോലിയില്‍ പ്രവേശിപ്പിക്കുന്നതിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയ വിവാദ ഉത്തരവ് എസ്ബിഐ മരവിപ്പിച്ചു. പൊതുജനവികാരം കണക്കിലെടുത്ത്, ഗര്‍ഭിണികളുടെ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച പുതുക്കിയ നിര്‍ദേശങ്ങള്‍ ഉപേക്ഷിക്കാനും വിഷയത്തില്‍ നിലവിലുള്ള നിര്‍ദേശങ്ങള്‍ തുടരാനും തീരുമാനിച്ചതായി എസ്ബിഐ അറിയിച്ചു.

മൂന്നു മാസം ഗര്‍ഭിണികളായ ഉദ്യോഗാര്‍ഥികളെ ജോലിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് താല്‍കാലിക അയോഗ്യരാക്കി ഡിസംബര്‍ 31നാണ് എസ്ബിഐ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടിയെ വിമര്‍ശിച്ച് ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ മുന്നോട്ട് വന്നിരുന്നു. ഗര്‍ഭിണികളായ സ്ത്രീകളെ താല്‍കാലിക അയോഗ്യരായി പ്രഖ്യാപിച്ച ബാങ്കിന്റെ നടപടി വിവേചനപരവും നിയമവിരുദ്ധവുമാണെന്ന് വനിത കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

2020ലെ സോഷ്യല്‍ സെക്യൂരിറ്റി കോഡ് പ്രകാരം സ്ത്രീകള്‍ക്ക് ലഭിക്കുന്ന പ്രസവ ആനുകൂല്യങ്ങള്‍ക്ക് വിരുദ്ധമാണ് എസ്ബിഐയുടെ നടപടിയെന്നാണ് വനിത കമ്മീഷന്‍ നിലപാട്. ഈ മാര്‍ഗനിര്‍ദേശങ്ങള്‍ എന്ത് അടിസ്ഥാനത്തിലാണ് രൂപീകരിച്ചതെന്ന് വ്യക്തമാക്കാനും നിര്‍ദേശങ്ങള്‍ നടപ്പാക്കിയ ഉദ്യോഗസ്ഥരുടെ പേരുകള്‍ വെളിപ്പെടുത്താനും ആവശ്യപ്പെട്ട് വനിത കമ്മീഷന്‍ നോട്ടിസ് അയക്കുകയും ചെയ്തിരുന്നു.

ഗര്‍ഭിണികളായ സ്ത്രീകള്‍ക്കുള്ള മാനദണ്ഡങ്ങള്‍ ഉള്‍പ്പെടെ ബാങ്ക് നിയമനത്തിനായുള്ള വിവിധ ഫിറ്റ്‌നസ് മാനദണ്ഡങ്ങള്‍ അവലോകനം ചെയ്തിരുന്നതായും നിര്‍ദ്ദേശങ്ങള്‍ വ്യക്തമല്ലാത്തതോ ഏറെ പഴക്കമുള്ളതോ ആയ വിവിധ ആരോഗ്യ മാനദണ്ഡങ്ങളില്‍ വ്യക്തത നല്‍കാന്‍ ഉദ്ദേശിച്ചുള്ളതാണ് പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെന്നും എസ്ബിഐ വിശദീകരിച്ചു. ചില മാധ്യമങ്ങളില്‍, ഇതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിലെ പരിഷ്‌കരണം സ്ത്രീകളോടുള്ള വിവേചനമായി വ്യാഖ്യാനിക്കപ്പെട്ടു.

തങ്ങളുടെ തൊഴില്‍ ശക്തിയുടെ ഏകദേശം 25% വരുന്ന വനിതാ ജീവനക്കാരുടെ പരിചരണത്തിനും ശാക്തീകരണത്തിനുമായി എസ്ബിഐ എപ്പോഴും പ്രതിജ്ഞാബദ്ധമാണ്. കൊവിഡ് കാലയളവില്‍, സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം, ഗര്‍ഭിണികളായ സ്ത്രീ ജീവനക്കാരെ ഓഫീസില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കുകയും വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കുകയും ചെയ്തിരുന്നതായും എസ്ബിഐ ചൂണ്ടിക്കാട്ടി.

എന്നിരുന്നാലും, പൊതുജനവികാരം കണക്കിലെടുത്ത്, ഗര്‍ഭിണികളുടെ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച പുതുക്കിയ നിര്‍ദ്ദേശങ്ങള്‍ മരവിപ്പിക്കാനും വിഷയത്തില്‍ നിലവിലുള്ള നിര്‍ദ്ദേശങ്ങള്‍ തുടരാനും എസ്ബിഐ തീരുമാനിച്ചു.

ഗര്‍ഭിണികളായി മൂന്നുമാസമോ അതിലേറെയോ ആയ ഉദ്യോഗാര്‍ഥി തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ പ്രസവിച്ച് നാലുമാസമാകുമ്പോള്‍ മാത്രമേ നിയമനം നല്‍കാവൂ എന്നായിരുന്നു സര്‍ക്കുലറിലെ നിര്‍ദേശം. നേരത്തെ ഗര്‍ഭിണികളായി ആറുമാസം പിന്നിട്ടവരുടെ നിയമനം മാത്രമാണ് നീട്ടിവെച്ചിരുന്നത്. സ്ഥാനക്കയറ്റത്തിനും ഇതു ബാധകമാണ്.

Next Story

RELATED STORIES

Share it