Sub Lead

ഹദ്രമൗത്തിലെ സംഘര്‍ഷം: യുഎഇ പിന്തുണയുള്ള സൈനികസംഘത്തിന് മുന്നറിയിപ്പ് നല്‍കി സൗദി സഖ്യം

ഹദ്രമൗത്തിലെ സംഘര്‍ഷം: യുഎഇ പിന്തുണയുള്ള സൈനികസംഘത്തിന് മുന്നറിയിപ്പ് നല്‍കി സൗദി സഖ്യം
X

റിയാദ്: യെമനിലെ ഹദ്രമൗത്ത് പ്രദേശത്ത് യുഎഇ പിന്തുണയുള്ള എസ്ടിസി നടത്തുന്ന സൈനികനീക്കങ്ങളില്‍ മുന്നറിയിപ്പ് നല്‍കി സൗദി നേതൃത്വത്തിലുള്ള സഖ്യം. എസ്ടിസി സൈനികനീക്കം തുടര്‍ന്നാല്‍, യെമനിലെ സംഘര്‍ഷം രൂക്ഷമാവാതിരിക്കാനും സാധാരണക്കാരെ സംരക്ഷിക്കാനും ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്ന് സൗദി സഖ്യം വക്താവ് ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞു. എസ്ടിസിയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ ഇടപെടണമെന്ന യെമന്‍ പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സില്‍ മേധാവി റഷാദ് അല്‍ അലിമിയുടെ ആവശ്യത്തെ തുടര്‍ന്നാണ് സൗദി സഖ്യം ഇക്കാര്യം പറഞ്ഞത്.

യുഎഇ പിന്തുണ നല്‍കുന്ന എസ്ടിസി യെമിലെ ഏഥന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ താവളങ്ങള്‍ പിടിച്ചിരുന്നു. ഡിസംബറില്‍ പിടിച്ച ഈ പ്രദേശങ്ങളില്‍ നിന്നും എസ്ടിസി പിന്‍മാറണമെന്ന് സൗദി സഖ്യം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, എസ്ടിസി ഈ ആവശ്യം നിരസിച്ചു. തുടര്‍ന്ന് സൗദി-യുഎഇ മധ്യസ്ഥ ചര്‍ച്ചകളില്‍ എസ്ടിസി പങ്കെടുക്കണമെന്ന് സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആവശ്യപ്പെട്ടു. ഇതും തള്ളി.

യെമന്‍-സൗദി അതിര്‍ത്തിയില്‍ അന്‍സാറുല്ലയുടെ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നത് മാത്രമാണ് തങ്ങളുടെ നിലപാടെന്നാണ് സൗദി പറയുന്നത്. എന്നാല്‍, പ്രദേശത്തെ പ്രധാന തുറമുഖങ്ങളും കപ്പല്‍പാതകളും നിയന്ത്രിക്കലാണ് യുഎഇയുടെ ആവശ്യം. ഏഥന്‍ കേന്ദ്രമായ സര്‍ക്കാരിന് കീഴില്‍ യെമനെ ഐക്യപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് സൗദി അവകാശപ്പെടുന്നു. എന്നാല്‍, തെക്കന്‍ യെമനെ പ്രത്യേക രാജ്യമാക്കലാണ് എസ്ടിസിയുടെ ലക്ഷ്യം.

അതേസമയം, എസ്ടിസിയും സൗദി സഖ്യവും തമ്മിലുള്ള സംഘര്‍ഷം പ്രദേശത്ത് ഇസ്രായേലിനെ സഹായിക്കാനാണെന്ന് സന്‍ആ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അന്‍സാറുല്ലയുടെ പൊളിറ്റ് ബ്യൂറോ അംഗങ്ങളില്‍ ഒരാളായ മുഹമ്മദ് അല്‍ ഫരാ പറഞ്ഞു. യെമന്റെ ദേശീയതാല്‍പര്യത്തിന് വിരുദ്ധമായ നീക്കമാണ് എസ്ടിസി നടത്തുന്നത്. സൗദിയുടെ ഇടപെടല്‍ യെമന്റെ ഐക്യത്തിനോ പരമാധികാരത്തിനോ ഉള്ളതല്ല. യെമന്റെ പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കാനാണ് ഇരുരാജ്യങ്ങളും ശ്രമിക്കുന്നത്. രാഷ്ട്രീയമായോ സൈനികമായോ ഇരുരാജ്യങ്ങള്‍ക്കും യെമന്‍ കീഴടക്കാനാവില്ലെന്നും ഫരാ പറഞ്ഞു.

Next Story

RELATED STORIES

Share it