Sub Lead

സ്‌കൂള്‍ സമയ മാറ്റം: വിദ്വേഷ പ്രചാരകരെ കരുതിയിരിക്കണമെന്ന് സത്താര്‍ പന്തല്ലൂര്‍

സ്‌കൂള്‍ സമയ മാറ്റം: വിദ്വേഷ പ്രചാരകരെ കരുതിയിരിക്കണമെന്ന് സത്താര്‍ പന്തല്ലൂര്‍
X

കോഴിക്കോട്: സ്‌കൂള്‍ സമയ മാറ്റ വിഷയത്തില്‍ വിദ്വേഷ പ്രചാരകരെ കരുതിയിരിക്കണമെന്ന് എസ്‌കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍. സമയമാറ്റത്തില്‍ സമസ്ത ചില ആശങ്കകള്‍ സംസ്ഥാന സര്‍ക്കാറിനെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്ന് സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു. കോടതി വിധിയും ചില അധ്യാപക സംഘടനകളുടെ ഇടപെടലുമൊക്കെയാണ് വിഷയം ഈ അവസ്ഥയിലേക്ക് എത്താന്‍ സര്‍ക്കാറിനെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. ആദ്യമൊക്കെ വിദ്യാഭ്യാസ മന്ത്രി നിഷേധാത്മക സമീപനം സ്വീകരിച്ചെങ്കിലും ഇപ്പോള്‍ ചര്‍ച്ചക്ക് സന്നദ്ധമായിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഇത് സംബന്ധമായി ചര്‍ച്ച ചെയ്യാന്‍ സമസ്ത കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. സ്‌കൂള്‍ സമയമാറ്റം രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പലവിധത്തില്‍ ദോഷകരമായി ബാധിക്കുന്നതു പോലെ മദ്‌റസകളേയും ബാധിക്കുമെന്ന് യോഗം വിലയിരുത്തി. സര്‍ക്കാര്‍ വിളിക്കുന്ന ചര്‍ച്ചയില്‍ സമസ്തയുടെ ആശങ്കകളും നിര്‍ദ്ദേശങ്ങളും ഉന്നയിക്കാന്‍ ധാരണയായി. നിയമപരമായും മറ്റും എല്ലാ ഘടകങ്ങളും പരിശോധിച്ചതിന് ശേഷമേ അതിന്റെ കരട് രേഖ തയ്യാറാവൂ. എന്നാല്‍ മന്ത്രി വിളിക്കുന്ന ചര്‍ച്ചയില്‍ ആവശ്യപ്പെടുന്ന കാര്യങ്ങന്‍ എന്ന പേരില്‍ ചില മാധ്യമങ്ങള്‍ സമസ്തക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്. ഓണം, ക്രിസ്തുമസ് അവധികളിലെല്ലാം സമസ്ത ഇടപെടുന്നുവെന്നാണ് ചില ഇവരുടെ കല്ല് വെച്ച നുണകള്‍. ഇത് ശരിയാണന്ന ധാരണയില്‍ അതിനെ എതിര്‍ത്ത് ദീപിക പത്രം ഇന്ന് മുഖപ്രസംഗവും എഴുതി. അതും മാധ്യമങ്ങള്‍ക്ക് വാര്‍ത്തയായി. വിശദമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കാതെ സര്‍ക്കാര്‍ കൊണ്ട് വന്ന ഒരു പരിഷ്‌കരണം വിവാദമാക്കി, വര്‍ഗീയ ധ്രുവീകരണത്തിന് ആയുധമാക്കുകയാണ് ചിലര്‍. സര്‍ക്കാര്‍ ഇതിനൊന്നും അവസരം കൊടുക്കരുതായിരുന്നു. എന്നാല്‍ ഈ അവസരം മുതലെടുത്ത് വിദ്വേഷ പ്രചാരണം നടത്താന്‍ പലരും രംഗത്തിറങ്ങിക്കഴിഞ്ഞു. മാധ്യമങ്ങളുടെ ഈ കുതന്ത്രങ്ങള്‍ തിരിച്ചറിയാന്‍ നമുക്ക് കഴിയണം.



1951 മുതല്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന മത വിദ്യാഭ്യാസ സംവിധാനമാണ് സമസ്തയുടെ മദ്‌റസകള്‍. പതിനായിരത്തിലധികം മദ്‌റസകളില്‍ പന്ത്രണ്ട് ലക്ഷം വിദ്യാര്‍ഥികള്‍ വ്യവസ്ഥാപിതമായി പഠനം നടത്തുന്ന ബൃഹത്തായ സംവിധാനം. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമയക്രമം മദ്രസകളെ ബാധിക്കാതിരിക്കാന്‍ 1967 ല്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയ (GO.189/67 Education Dept. Date :28.4.1967) നാടാണ് കേരളം. അഥവാ സര്‍ക്കാറുകള്‍ അത്തരം സംവിധാനങ്ങളെ കൂടി പരിഗണിച്ചിരുന്നുവെന്നര്‍ത്ഥം. എന്നാല്‍ മദ്‌റസകളുടെ കാര്യം പറയാന്‍ പാടില്ലെന്ന് തിട്ടൂരവുമായിട്ടാണ് ചിലര്‍ രംഗത്ത് വരുന്നത്. അതൊന്നും തത്ക്കാലം ഇവിടെ വിലപ്പോവില്ല. അതില്‍ വിരണ്ട പല മത സംഘടനകളും മൗനം പാലിക്കുന്നുണ്ടാവും. എന്നാല്‍ വിദ്വേഷ പ്രചാരണം നടത്തി സമസ്തയുടെ വായ മൂടിക്കെട്ടാമെന്ന് ആരും കരുതേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it