Sub Lead

നാട്ടികയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ 'കൊന്ന്' സംഘപരിവാര പത്രം

നാട്ടികയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ കൊന്ന് സംഘപരിവാര പത്രം
X

തൃശ്ശൂര്‍: നാട്ടിക നിയോജകമണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ 'കൊന്ന്' ചരമക്കോളത്തില്‍ ചിത്രം സഹിതം വാര്‍ത്ത കൊടുത്ത സംഘപരിവാര പത്രത്തിനെതിരേ പ്രതിഷേധമുയരുന്നു. എല്‍ഡിഎഫ് നാട്ടിക മണ്ഡലം സ്ഥാനാര്‍ഥിയുടെ സിപി ഐ നേതാവുമായ സി സി മുകുന്ദനെയാണ് ഇന്നത്തെ ജന്‍മഭൂമി പത്രത്തില്‍ മരണപ്പെട്ടവരുടെ കോളത്തില്‍ കൊടുത്തത്. ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. മാത്രമല്ല, നിയമനടപടിയുമായി മുന്നോട്ടുപോവുമെന്ന് സിപി ഐ നേതൃത്വം അറിയിച്ചിട്ടുണ്ട്.

ഇന്നത്തെ ജന്‍മഭൂമി പത്രത്തിലെ ചരമ പേജില്‍ രണ്ടാംകോളത്തില്‍ ഏറ്റവും മുകളിലായാണ് സി സി മുകുന്ദന്റെ 'മരണവാര്‍ത്ത'യുള്ളത്. അന്തിക്കാട് നിന്നുള്ള വാര്‍ത്തയില്‍ മാതാപിതാക്കളുടെയും കുടുംബങ്ങളുടെയും വിശദമായ വിവരങ്ങള്‍ക്കു പുറമെ സിപി ഐഎയില്‍ അദ്ദേഹം വഹിച്ച സ്ഥാനങ്ങളും വ്യക്തമായി നല്‍കിയിട്ടുണ്ട്. ബിജെപി നേതൃത്വം നേരിട്ട് നിയന്ത്രിക്കുന്ന പത്രത്തില്‍ എങ്ങനെയാണ് ഇത്തരമൊരു 'മരണവാര്‍ത്ത' വന്നത് എന്നതു സംബന്ധിച്ച് ഇതുവരെ സ്ഥാപനത്തിന്റെ ഭാഗത്തു നിന്ന് മറുപടിയൊന്നും വന്നിട്ടില്ല. സിപിഎമ്മിന്റെ ഔദ്യോഗിക സൈബര്‍ വിഭാഗമായ സിപിഎം സൈബര്‍ കമ്മ്യൂണ്‍ ഉള്‍പ്പെടെയുള്ള പേജുകളിലൂടെ ഇതേക്കുറിച്ച് സംഘപരിവാരത്തിന്റെ ഹീനതന്ത്രത്തിനെതിരേ സിപിഎം പ്രചാരണം നടത്തുന്നുണ്ട്.

മാത്രമല്ല, കൊലപ്പെടുത്തുമെന്ന ഭീഷണിയാണ് ഇതിനു പിന്നിലെന്ന് സൂചിപ്പിക്കുന്ന വിധത്തിലാണ് സാമൂഹിക മാധ്യമങ്ങളിലൂടെ സിപിഎം പ്രചാരണം. എതിര്‍ സ്ഥാനാര്‍ത്ഥിയെ ചരമ പേജില്‍ ഫോട്ടോ സഹിതം വാര്‍ത്തയാക്കിയതിലെ ഭീഷണി മനസ്സിലാവുന്നുണ്ടെന്നും സംഘപരിവാര്‍ രാഷ്ട്രീയത്തെ ജീവിതം കൊണ്ടു പ്രതിരോധിക്കുന്ന ഒരു തൊഴിലാളി നേതാവിന്റെ ശരീരത്തില്‍ ഒരു തരിമണ്ണ് വീഴാതെ കാക്കാന്‍ മണപ്പുറത്തെ ജനങ്ങള്‍ മുന്നോട്ടുവരുമെന്നും 'ജന്‍മഭൂമി'യും ബിജെപി സംസ്ഥാന നേതൃത്വവും സി സി മുകുന്ദനോട് മാപ്പു പറയാനുള്ള മര്യാദ കാണിക്കണമെന്നുമാണ് സിപിഎം സൈബര്‍ കമ്മ്യൂണിലൂടെ ആവശ്യപ്പെട്ടു. കറുത്തവരെയും ഹിന്ദുത്വത്തിന്റെ ജാതി ശ്രേണിയിലെ താഴ്ന്നവരെയും കാണുമ്പോള്‍ 'ജന്മഭൂമി'ക്കുണ്ടാവുന്ന വെറിക്ക് ജനങ്ങള്‍ ബാലറ്റിലൂടെ മറുപടി പറയുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. നേരത്തേ, പിണറായി വിജയനെ ജാതീയമായി അധിക്ഷേപിക്കുന്ന വിധത്തില്‍ സംഘപരിവാര പത്രത്തില്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത് ഏറെ വിവാദമായിരുന്നു.

Sangh Parivar newspaper 'kills' LDF candidate in Nattika

Next Story

RELATED STORIES

Share it