Sub Lead

രാഹുലിന്റെ വരവില്‍ ആഹ്ലാദം പ്രകടിപ്പിച്ച് വയനാട്ടില്‍ പാകിസ്താന്‍ പതാക വീശിയെന്ന് സംഘപരിവാര പ്രചാരണം

രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് വയനാട്ടില്‍ പാകിസ്താന്‍ പതാക വീശിയെന്നാണ് സോഷ്യല്‍ മീഡിയയില്‍ സംഘപരിവാരം വ്യാപകമായി പ്രചരിപ്പിക്കുന്നത്. ന്യൂസ് 18 ചാനലിന്റെ വാര്‍ത്താ ക്ലിപ്പിന്റെ ഒരു ഭാഗമാണ് ഇതിനായി സംഘപരിവാരം ഉപയോഗിച്ചിരിക്കുന്നത്.

രാഹുലിന്റെ വരവില്‍ ആഹ്ലാദം പ്രകടിപ്പിച്ച് വയനാട്ടില്‍ പാകിസ്താന്‍ പതാക വീശിയെന്ന് സംഘപരിവാര പ്രചാരണം
X

കോഴിക്കോട്: പ്രതീക്ഷിച്ചത് പോലെ വയനാട് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാവാനുള്ള രാഹുലിന്റെ തീരുമാനത്തെ വര്‍ഗീയ മുതലെടുപ്പിന് ഉപയോഗിച്ച് സംഘപരിവാരം. രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് വയനാട്ടില്‍ പാകിസ്താന്‍ പതാക വീശിയെന്നാണ് സോഷ്യല്‍ മീഡിയയില്‍ സംഘപരിവാരം വ്യാപകമായി പ്രചരിപ്പിക്കുന്നത്. ന്യൂസ് 18 ചാനലിന്റെ വാര്‍ത്താ ക്ലിപ്പിന്റെ ഒരു ഭാഗമാണ് ഇതിനായി സംഘപരിവാരം ഉപയോഗിച്ചിരിക്കുന്നത്. വീഡിയോ ക്ലിപ്പിനോടൊപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ:

'ഇതാണ് അമേഥിയില്‍ നിന്ന് ഒളിച്ചോടാനുള്ള കാരണം; രാജ്യത്തെ ഇസ്ലാമികമാക്കാനുള്ള പുറപ്പാടിലാണ് നിങ്ങള്‍. നിങ്ങളുടെ കൈയിലുള്ളത് ത്രിവവര്‍ണ പതാകയല്ല, മറ്റെന്തോ ആണ്. വ്യാജ ഹിന്ദുവായ താങ്കളുടെ ഈ നാടകം എന്തിനാണ് രാഹുല്‍? ഹിന്ദുവായതില്‍ അപമാനം കൊണ്ടിരുന്ന ഒരു മുത്തഛനുള്ള ആള്‍ക്ക് ഒരിക്കലും ഹിന്ദുത്വത്തെ ഹൃദയത്തില്‍ സ്വീകരിക്കാനാവില്ല'

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചു എന്ന വാര്‍ത്ത വന്നതിന് പിറകേയാണ് ഇത്തരം സന്ദേശമുള്‍ക്കൊള്ളുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചു തുടങ്ങിയത്. 24 സെക്കന്റ് മാത്രമാണ് വീഡിയോ ദൃശ്യത്തിന്റെ നീളം.

രണ്ടര ലക്ഷത്തോളം പേര്‍ പിന്തുടരുന്ന നാഷന്‍ വാണ്ട്‌സ് നമോ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്ന് ആയിരക്കണക്കിന് പേര്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. ട്വിറ്ററിലും വാട്ട്‌സാപ്പിലും ഇതേ ദൃശ്യം നിരവധി പേര്‍ ഷെയര്‍ ചെയ്തു. അതിലൊന്നില്‍ പറയുന്നതിങ്ങനെ:

രാഹുല്‍ വയനാട്ടില്‍ നിന്ന് മല്‍സരിക്കാന്‍ തീരുമാനിച്ചു. പാകിസ്താന്‍ പതാക വീശി ആഹ്ലാദിക്കുന്ന രംഗം നോക്കൂ. എന്ത് കൊണ്ടാണ് കോണ്‍ഗ്രസ് ഈ മണ്ഡലം തിരഞ്ഞെടുത്തതെന്ന് ഇപ്പോള്‍ നിങ്ങള്‍ക്കു മനസ്സിലായിട്ടുണ്ടാവും. തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ്, ബംഗാളി തുടങ്ങി വിവിധ ഭാഷകളില്‍ ഇത് ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.



വാസ്തവത്തില്‍ മുസ്ലിം ലീഗിന്റെ പച്ചക്കൊടിയാണ് സംഘപരിവാരം പാകിസ്താന്‍ പതാകയായി ചിത്രീകരിച്ചിരിക്കുന്നത്. രാഹുലിന്റെ വരവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടൊപ്പം ആഹ്ലാദം പ്രകടിപ്പിച്ച മുസ്‌ലിം ലീഗ് പ്രവര്‍ത്തകരും കൊടിയുമായി തെരുവിലിറങ്ങിയിരുന്നു. ഇതേക്കുറിച്ചുള്ള ന്യൂസ് 18 ചാനലിന്റെ 15 മിനിറ്റോളമുള്ള റിപോര്‍ട്ടില്‍ നിന്ന് ഒരു ഭാഗം മാത്രം കട്ട് ചെയ്‌തെടുത്താണ് സംഘപരിവാരം പ്രചാരണം നടത്തുന്നത്. മുസ്ലിം ലീഗിനെ വലിയ പരിചയമില്ലാത്ത ഉത്തരേന്ത്യയിലാണ് സംഘപരിവാരം ഇത് നന്നായി ഉപയോഗിക്കുന്നത്.

മുസ്ലിം ലീഗിന്റെ പതാക പാകിസ്താന്‍ പതാകയെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ഇതിന് മുമ്പും സംഘപരിവാരം ശ്രമിച്ചിരുന്നു. 2018 മെയില്‍ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് അത്തരത്തിലൊരു ശ്രമം നടന്നത്. കോണ്‍ഗ്രസ് റാലിയില്‍ ലീഗ് പതാക വീശുന്ന രംഗമായിരുന്നു അന്ന് ഉപയോഗിച്ചത്.

Next Story

RELATED STORIES

Share it