Sub Lead

സംഭലില്‍ 38 ഔട്ട്‌പോസ്റ്റുകള്‍ കൂടി സ്ഥാപിക്കുമെന്ന് പോലിസ്

സംഭലില്‍ 38 ഔട്ട്‌പോസ്റ്റുകള്‍ കൂടി സ്ഥാപിക്കുമെന്ന് പോലിസ്
X

സംഭല്‍: ഉത്തര്‍പ്രദേശിലെ സംഭല്‍ ജില്ലയില്‍ പുതുതായി 38 ഔട്ട്‌പോസ്റ്റുകള്‍ കൂടി സ്ഥാപിക്കുമെന്ന് പോലിസ്. സംഭല്‍ ശാഹീ ജാമിഅ് മസ്ജിദ് ഹിന്ദുക്ഷേത്രമായിരുന്നു എന്ന് അവകാശപ്പെട്ട് ഹിന്ദുത്വര്‍ നല്‍കിയ ഹരജിയെ തുടര്‍ന്ന് കഴിഞ്ഞ നവംബറില്‍ ആറ് മുസ്‌ലിം യുവാക്കളെ പോലിസ് വെടിവച്ചു കൊന്നിരുന്നു. ഇതിനെ തുടര്‍ന്ന് പ്രദേശത്ത് മുസ്‌ലിംകള്‍ക്കെതിരെ ഭരണകൂട ഭീകരത തുടരുകയാണ്. നേരത്തെ മസ്ജിദിന് സമീപത്ത് ഒരു പോലിസ് ഔട്ട്‌പോസ്റ്റ് സ്ഥാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 38 ഔട്ട്‌പോസ്റ്റുകള്‍ കൂടി സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ദീപക് സാരായ്, ഹിന്ദു ഖേര എന്നിവിടങ്ങളിലെ ഔട്ട് പോസ്റ്റുകളുടെ പണി പൂര്‍ത്തിയായതായി സംഭല്‍ എസ്പി കെ കെ ബിഷ്‌ണോയ് പറഞ്ഞു. ജില്ലയുടെ വിവിധഭാഗങ്ങളിലായി 36 ഔട്ട്‌പോസ്റ്റുകള്‍ കൂടി സ്ഥാപിക്കും. ഔട്ട്‌പോസ്റ്റുകളില്‍ ഒരു സബ് ഇന്‍സ്‌പെക്ടറുണ്ടാവും. കൂടാതെ പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറിയിലെ സായുധ പോലിസുകാരെയും വിന്യസിക്കും.

സംഭല്‍ നഗരത്തില്‍ 200 അത്യാധുനിക ക്യാമറകള്‍ സ്ഥാപിക്കുമെന്നും എസ്പി പറഞ്ഞു. മൂന്നു കോടി രൂപ ചെലവിലാണ് ക്യാമറകള്‍ സ്ഥാപിക്കുക. നഗരത്തിന് സമീപത്തുള്ള ഗ്രാമങ്ങളില്‍ 600 ക്യാമറകളും സ്ഥാപിക്കും. ക്യാമറയില്‍ പതിയുന്ന മുഖങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്ന സോഫ്റ്റ്‌വെയര്‍ ഉള്ള ക്യാമറകളാണ് ഇവയെന്നും കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കാനാണ് നടപടിയെന്നും എസ്പി പറഞ്ഞു. എന്നാല്‍, മുസ്‌ലിം പ്രദേശങ്ങളെ നിരീക്ഷിക്കാനുള്ള ഹിന്ദുത്വപദ്ധതിയുടെ ഭാഗമാണ് ഇതെല്ലാമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

Next Story

RELATED STORIES

Share it